Monday, December 04, 2006

പെരുമഴക്കാലത്തെ ക്ലാസ്സ് മേറ്റ്സ്-അവിയേല്‍ നിരൂപണം

പെരുമഴക്കാലം കണ്ടുതീര്‍ത്തു (രണ്ടായിരത്തിയഞ്ച് മുതല്‍ കാണാന്‍ തുടങ്ങിയതാണ്. ഇപ്പോഴാണ് തീര്‍ന്നത്).

മഴപ്പെരുമഴയും കണ്ണീര്‍പ്പെരുമഴയുമൊക്കെയായി ആകപ്പാടെ നനഞ്ഞുകുളിച്ച പടമാണെങ്കിലും എനിക്കിഷ്ടായി.

എന്റെ ദുഷ്‌വിചാരങ്ങള്‍

നജീബെന്ന കഥാപാത്രത്തിന്റെ (നജീബിന്റെ അമ്മാവന്റെ മോളാണ് റസിയ) ഉദ്ദേശം അത്ര ശരിയല്ലെന്ന് പുള്ളിയെ കണ്ടപ്പോള്‍ തന്നെ എന്റെ വൃത്തികെട്ട മനസ്സ് പറഞ്ഞു. എന്റെ വിചാരം ശരിയാണെന്ന് തിരക്കഥാകൃത്തും സംവിധായകനും ശരിവെക്കുകയും ചെയ്‌തു. എന്തുകൊണ്ട് എന്റെ മനസ്സ് ദുഷിച്ചതാണെന്നും എന്തിനെയും നെഗറ്റീവായി കാണുന്നത് ശരിയല്ലെന്നും നല്ലയാള്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ നല്ല കാര്യങ്ങള്‍ ഇപ്പോഴും നമ്മുടെയിടയില്‍ ചെയ്യുന്നുണ്ടെന്നും സംവിധായകനും മറ്റും എനിക്ക് കാണിച്ചുതന്നില്ല എന്ന് വെറുതെ ഓര്‍ത്തുപോയി. നജീബിനെ നിസ്വാര്‍ത്ഥമായി റസിയയെയും കുടുംബത്തെയും സഹായിക്കുന്ന ഒരാളായി ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടാവുമായിരുന്നോ ആവോ. സിനിമയേ ജീവിതമെന്ന് കരുതുന്നവര്‍ക്ക്, സഹായിക്കാന്‍ വരുന്നവരെ സംശയദൃഷ്ടിയോടെ നോക്കാന്‍ ഒരു കാരണം കൂടിയായി. ഇതിന്റെ മറുവാദമായി ഇങ്ങിനെയുള്ളവരും നമ്മുടെ ഇടയിലുണ്ട് എന്ന സമകാലീന യാഥാര്‍ത്ഥ്യം (?) നജീബെന്ന കഥാപാത്രം കാണിച്ചുതരുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ സ്ഥിതിവിശേഷം അങ്ങിനെയൊക്കെത്തന്നെയോ?(കാടുകയറാതെഡേ-സ്റ്റോപ്പ്)

എന്റെ നീതിബോധം

എന്തുകൊണ്ട് കാവ്യാമാധവന് നല്ല നടിക്കുള്ള അവാര്‍ഡ് ഈ സിനിമയിലെ അഭിനയത്തിന് കിട്ടി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ആറുഭാഗമായി കണ്ട സിനിമയില്‍ ആറാം ഭാഗത്ത് മാത്രമേ കാവ്യാമാധവന്‍ നന്നായിട്ട് അഭിനയിക്കുന്നതായിട്ട് എനിക്ക് തോന്നിയുള്ളൂ. അത് വെച്ച് നോക്കിയാല്‍ പോലും മീരാ ജാസ്‌മിന്റെ സിനിമയില്‍ ആദ്യാവസാനമുള്ള അഭിനയവുമായി തുലനം ചെയ്യുമ്പോള്‍ മീരയുടെ അഭിനയം തന്നെയാണ് എനിക്ക് മെച്ചമായി തോന്നിയത്.

എന്റെ ദുഷിച്ച വര്‍ഗ്ഗീയത

സിനിമ മതേതരമാണ്. കാരണം എല്ലാ മതത്തിനും പ്രാതിനിത്യമുണ്ട്. ഹിന്ദുവും മുസ്ലീമും കേന്ദ്രകഥാപാത്രങ്ങളായ സിനിമയില്‍ ഒരു കൃസ്ത്യാനിയായ ജോണ്‍ കുരുവിളയെ (ബിജു മേനോന്‍) അവതരിപ്പിക്കുക മാത്രമല്ല ഹിസ് ഹൈനസ് അബ്‌ദുള്ളയില്‍ നമ്പൂരിയാണ് എന്നോ മറ്റോ പൂണൂലില്‍ തൊട്ട് മോഹന്‍‌ലാല്‍ സ്ഥാപിക്കുന്നതുപോലെ ജോണ്‍ കുരുവിള കൃസ്ത്യാനി തന്നെയാണെന്ന് സലിം കുമാറിനെക്കൊണ്ട് ഉറപ്പി(പ്പി)ക്കുന്നുമുണ്ട് സംവിധായകന്‍.

അക്‍ബറിന് മാപ്പുകൊടുന്നതില്‍‌ക്കൂടി ഗംഗയ്ക്ക് ഉന്നതസ്ഥാനം കൊടുത്തപ്പോഴും സ്വസമുദായത്തിലെ ആള്‍ക്കാരെക്കൊണ്ട് ഗംഗയെ വീട്ടില്‍ നിന്നും പുറത്താക്കിക്കുക വഴി ആ സമൂഹത്തെ കടും‌പിടുത്തക്കാരാക്കി ചിത്രീകരിച്ചോ എന്നും ചുമ്മാ ഒന്ന് തോന്നി (തോന്നല്‍ എന്റേത് മാത്രം). സംഗതി ഓസിന് കിട്ടിയതുകാരണം ദിലീപ് വിമാനത്താവളത്തില്‍ മീരാ ജാസ്‌മിനോടും മറ്റും ഒപ്പം ചേരുന്ന സീന്‍ കഴിഞ്ഞപ്പോള്‍ സംഗതി തീര്‍ന്നു. അതുകഴിഞ്ഞുമുണ്ടായിരുന്നോ പടം-ആവോ.

എങ്കിലും ഈയിടെ ഒറ്റയിരുപ്പില്‍ കണ്ട ഗ്ലാസ്സ്‌മേറ്റ്‌സ് എന്ന സിനിമയെക്കാളൊക്കെ വളരെ ഇഷ്ടപ്പെട്ടു ഈ സിനിമ. കളസമേറ്റ്‌സ് എങ്ങിനെ ഹിറ്റായി എന്ന് ഞാന്‍ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നു (കാവ്യാമാധവന്റെ പെരുമഴക്കാലയവാര്‍ഡും ആലോചിക്കുന്നുണ്ടേ). കാമക്കോഡറില്‍ അവിടെയും ഇവിടെയും ഷൂട്ട് ചെയ്‌ത് വിന്‍‌ഡ്‌വാസ് മ്യൂവീ മേക്കറില്‍ പല ഭാഗങ്ങളായി കയറ്റി മേയ്‌ക്ക് മൂവീ എന്ന് ക്ലിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന പടം പോലെയൊരു പടം പോലെ തോന്നി ഈ പടം. നിറം സിനിമയെക്കാളുമൊക്കെ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ക്യാമ്പസ് ഫീലിംഗ് അവിടെയുമിവിടെയുമൊക്കെ ഈ സിനിമയില്‍ കിട്ടി. കളിമാക്‍സ്, പക്ഷേ, പ്രതീക്ഷിച്ചതു തന്നെ (പ്രതീക്ഷകള്‍ തികച്ചും വ്യക്തിപരമായതുകാരണം എല്ലാവരും ഇതേ കളിമാക്സ് തന്നെ പ്രതീക്ഷിക്കണമെന്നില്ല). കളിമാക്‍സിനു മുന്‍‌പുള്ള സസ്‌പെന്‍സ് കളികള്‍ കൊള്ളാം എന്ന് പറയാമോ എന്നറിയില്ല. അവസാനം മറ്റെ പെണ്‍‌കുട്ടിയെ നായകന്‍ സ്വീകരിക്കുകയായിരുന്നുവെങ്കില്‍ ഒന്നുകൂടി പുതുമ തോന്നില്ലായിരുന്നോ എന്നൊരു ഉല്‍‌പ്രേക്ഷയും. സിനിമയുടെ അവസാനം പൃഥ്വിരാജ് വണ്ടിയില്‍ തിരിച്ച് പോകുന്നവഴി തിരിഞ്ഞുനോക്കുമ്പോള്‍ നരേന്‍ ആദ്യം കൈവീശുകയും പിന്നാലെ പൃഥ്വിരാജുള്‍‌പ്പടെയുള്ള കഥാപാത്രങ്ങളൊക്കെ വന്ന് കൈവീശുകയും ചെയ്യുന്ന സീന്‍ നന്നായി തോന്നി. പ്രഥ്വിരാജിന്റെ അഭിനയം ഇഷ്ടപ്പെട്ടു. ഇന്ദ്രജിത്തിന്റെയും ജയസൂര്യയുടെയും അഭിനയവും മോശമായില്ല. കാവ്യാമാധവന്‍ സാധാരണപോലെ അഭിനയിച്ചതായിട്ടാണ് തോന്നിയത്. ജഗതിയുടെ തമാശകളൊന്നും ഏശാത്തതുപോലെ തോന്നി. ചെറിയ ഒരു ക്യാമ്പസ് നൊസ്റ്റവളമാള്‍ജിയ അവിടെയുമിവിടെയുമൊക്കെ കിട്ടിയെങ്കിലും മൊത്തത്തില്‍ എന്തോ മിച്ചിംഗ് (മിസ്സിംഗ് എന്ന് ഇംഗ്ലീഷിലും ടെന്‍‌സിംഗ് എന്ന് നേപ്പാളിയിലും പറയും) പോലെ തോന്നി പടമാകെമൊത്തം ടോട്ടലില്‍. കിരണ്‍ പറഞ്ഞതുപോലെ ഒത്തിരി പ്രതീക്ഷിച്ച് പോയതുകൊണ്ടും കൂടിയാവാം (ഈ സിനിമയെ നിരൂപിക്കാന്‍ ഞാന്‍ അര്‍ഹനല്ല, കാരണം പടം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞാണ് തീയറ്ററില്‍ കയറിയത് :( )

പെരുമഴക്കാല നിരൂപണത്തില്‍ കളസമേറ്റ്‌സിനെപ്പറ്റിയും പറഞ്ഞ് അവിയല്‍ എന്ന ബ്ലോഗ് നാമം ഞാന്‍ അന്വര്‍ത്ഥമാക്കി. നിര്‍ത്തി.

Saturday, December 02, 2006

നന്ദിപ്രകടനം പര്‍ട്ട് ടു.

മിസ് പശുവിന്റെ പൈടം ഇട്ട് പൈയ്യിനെ കാണാന്‍ പയ്യനെ വന്ന പയ്യനുള്‍പ്പടെയുള്ളവര്‍ക്കെല്ലാം നന്ദിയുടെ പൈമ്പാല്‍‌പുഞ്ചിരി പൊഴിച്ച് നമോവകം പറഞ്ഞ് തൊഴുത്ത് പൂട്ടി പോയിക്കഴിഞ്ഞപ്പോഴാണ് വിശ്വേട്ടന്‍ തൊഴുത്ത് കുത്തിത്തുറന്ന് അകത്ത് കയറി ഇങ്ങിനെ മൊഴിഞ്ഞത്:

..................
“ഈ നന്ദി(നി)ക്കമന്റുകള്‍ കാമധേനുപ്പോസ്റ്റില്‍നിന്നും മാറ്റി പുതിയൊരു തൊഴുത്തിലെ പോസ്റ്റില്‍ കെട്ടേണ്ടവയാണ്”
..................

ങാ...ഹാ... ബ്ലോഗിലെഴുതാന്‍ കറവ വറ്റിയിരിക്കുന്ന എനിക്ക് മിസ് പശു കടിച്ച് പറിച്ച് മിച്ചമിട്ടിരുന്ന കച്ചിത്തുരുമ്പായിരുന്നു ആ കമന്റ്.

അതുകൊണ്ട് ആ നന്ദിപ്രകടനം ദോ പോസ്റ്റുന്നു (സ്വന്തം ബ്ലോഗാണെന്ന അഹങ്കാരം കൊണ്ടാണ് ഈ കടും‌കൈകളൊക്കെ യാതൊരു ചമ്മലുമില്ലാതെ ചെയ്യുന്നത്. അതിക്രമങ്ങള്‍ക്ക് മാപ്പ്. കറവ വറ്റിയവന് പശുവിന്റെ പുല്ലും പല്ലും പടവും എല്ലാം പോസ്റ്റ്).

..................................

വ്രീളാവിവശയായ നമ്രമൂക്കിയായ മിസ് പശുവിനെ സന്ദര്‍ശിക്കാനും ചവിട്ടോഗ്രാഫ് വാങ്ങിക്കാനുമെത്തിയ എല്ലാ പൈസ്നേഹികള്‍ക്കും നമോവകം, നന്ദി.

ബിന്ദൂ, ബാക്കാര്‍ഡിവെള്ളം വേണ്ട, കഞ്ഞിവെള്ളം ബഹുകേമം, പോരട്ട്, പോരട്ട്.

അനംഗാരീ, കൈയ്യിട്ട് വാരിയെന്നോ...ഹേയ്...കൈയ്യെങ്ങാനും അങ്ങ് കൊണ്ടുചെന്നിരുന്നെങ്കില്‍ കാണാമായിരുന്നു, വ്രീളാവിവശയുടെ തനിരൂപം. പശുവാണെങ്കിലും സഹവാസം മനുഷ്യന്റെ കൂടെത്തന്നെയല്ലേ :)

മുസാഫിറണ്ണാ, കറക്ട്. കൈമറ ടൈമറ് വെച്ച് ഓണാക്കിയിട്ട് പശുവിന് തിന്നാന്‍ കൊടുത്താലോ. ദഹിക്കാതെ പശു അപ്പിയിടുമ്പോള്‍ കൈമറ ബാക്ക്. ചാണകത്തിന്റെകൂടെ വീഴുന്നത് കാരണം സോഫ്റ്റായേ തറയില്‍ വീഴൂ. പൊട്ടൂല്ല. ഐഡിവഡിയാ :)

അഗ്രജനഗ്രഗണ്യാ, ക്ഷീരമുള്ളുള്ളകിടിന്നടിയിലും ചേരതന്നെ പാമ്പിനും കൊതുകിനും എന്ന് പറഞ്ഞപോലെ ആ പശുവിന്റെ മൂക്ക് ഇത്രയും നന്നായി വിശകലനം ചെയ്തല്ലോ. സ്വന്തം ഫോട്ടോ ഇട്ടിട്ട് വേണമല്ലേ പശുവെത്ര ഭേദം എന്ന് പറയാന്‍. പിടികിട്ടി, പിടികിട്ടി, ഇടൂല്ല :)

ദേവേട്ടാ, പശുവേ നീ ചുരത്തരുതിപ്പോള്‍, ശിശുവേ നീ കുടിക്കരുതിപ്പോള്‍ എന്ന സിനിമാഗാനം ഓര്‍മ്മ വന്നു. പട്ടി എന്തായാലും പാല് കറന്ന് കുടിക്കുന്നില്ലല്ലോ. :) പാലെന്ന് കേട്ടാല്‍ തിളയ്ക്കണം പാലടുപ്പില്‍ എന്നോ മറ്റോ പാലായോ മറ്റോ പാടിയിട്ടില്ലേ എന്നൊരു ശങ്ക.

സ്നേഹിതന്നേ, പശുവിന്റെ പടം കണ്ട് പ്രചോദിച്ചിട്ട കഥയായിരുന്നോ അത്. എങ്കില്‍ അതിന്റെ മനോഹാരിത ഒന്നുകൂടി കൂടി.

സിജുവേ, റബ്ബറെസ്റ്റേറ്റൊക്കെയുള്ള മുതലാളിമാര്‍ നാടിന്റെ നാനാഭാഗങ്ങളിലും നീണ്ട് നിവര്‍ന്ന് കിടക്കുമ്പോള്‍ കോനാന്‍ ഡോയല്‍ കൂനിക്കൂടി ഒരുവഴിക്ക് പോവുകയേ ഉള്ളൂ :)

ഉമ്പാച്ചീ, അത് കലക്കി. വിരോധാത്മകഥ എന്നോ മറ്റോ അല്ലേ അതിന് ടര്‍ക്കിഷില്‍ പറയുന്നതെന്ന് ഞാന്‍ ചോദിക്കൂല്ല :)

കട്ടമ്മേന്നവന്നേ, പാല്‍‌പുഞ്ചിരി പൊഴിച്ചുകൊണ്ട് മിസ് പശുവിന്റെ വഹ ഒരു നന്ദി(നിപ്പശു).

ദില്ലബ്ബൂ. ഹവായ് ചെരിപ്പിട്ട് ആഞ്ഞ് ചവിട്ടിയാല്‍ കയത്തിലേക്ക് താഴ്‌ത്താന്‍ ബുദ്ധിമുട്ടാവും. സര്‍ഫസ് ടെന്‍ഷന്‍ കാരണം (തന്നെ?) നല്ല ബലം കൊടുത്തില്ലേല്‍ ചെരിപ്പ് താഴൂല്ല. ദേവേട്ടന് അതിനൊക്കെയുള്ള കരുത്ത് കൊടുക്കണേ :)

അതുല്ല്യേച്ച്യേ, സിനിമാ ഡയറിയൊക്കെ പൊടിതട്ടിയെടുക്കുകയാണല്ലേ. പോളിയോ പാളിയോ? :)

കൃഷ് അണ്ണാ, കൃഷണ്ണാ, കൃഷ്‌ണാ, മൂത്രം ഒരു വഴിക്ക് ഗോ, പശൂമ്പാല്‍ വേറൊരു വഴിക്ക് കം. മിസ് പശു ഒരു പാവം. ചവിട്ടൂല്ല (ആര്‍ക്കറിയാം. മോഡലാക്കുന്നതിനു മുന്‍പോ പിന്‍പോ എനിക്കതുമായിട്ട് യാതൊരു ബന്ധവുമില്ല) :).

സിമിയേ നന്ദി.

ശ്രീജിത്തേ, അപ്പോള്‍ ഇപ്പോളും പശൂമ്പാല് തന്നെ കുടി :)ദഹനമൊക്കെ നന്നായിത്തന്നെ? (ചുമ്മാ താണപ്പാ) :)

കുറുമയ്യാ, കറുത്തതെന്തും, അത് പശുവാണെങ്കിലും പന്നിയാണെങ്കിലും ആനയാണെങ്കിലും കുറുമയ്യന്‍ സെരട്ടിഫായ് ചെയ്താല്‍ പിന്നെ അപ്പിയുമില്ല, അപ്പീലുമില്ല :)

ശിശുവേ, ദേവേട്ടക്കമ്മന്റ് മറുപടിയില്‍ പാടിയ പശുവേ നീ ചുരത്തരുതിപ്പോള്‍ , ശിശുവേ നീ കുടിക്കരുതിപ്പോള്‍ എന്ന പശുഗാനം ശിശുവിനുവേണ്ടി ഞാന്‍ ഒന്നുകൂടി ആലവിലപിക്കുന്നു :)

പീലിക്കുട്ടീ, കറക്ട് തന്നെ. കറുപ്പിനെഴുപത്തേഴഴ (അപ്പോള്‍ ഉടനെ അമരഗാനം ഓര്‍മ്മ വരും) :)

മുല്ലപ്പൂ, ഒട്ടും വൈകിയിട്ടില്ല. നല്ല ചൂട് പാല് തന്നെ ഫ്രഷ് കറന്നത്. യ്യോ ഇപ്പോള്‍ കുളമായി എന്നല്ലാതെ എറണാകുളത്തില്ല :)

ഏറനാടാ, ഏറെ നാടന്‍ പശുക്കളുള്ള സ്ഥലമാ. പശുവിനെയാണോ പറഞ്ഞത് :)

താരേ, ഡോ. വക്കാരിയായാലുമില്ലെങ്കിലും എഡോ വക്കാരീ എന്ന് തന്നെ എല്ലാവരും വിളിക്കുന്നത്. ആദ്യത്തെ പടഷോക്കില്‍നിന്നും മുക്തി നേടാനല്ലേ വ്രീളാവിവശയവശ നമ്രമൂക്കിപ്പൊടിപ്പടം ഇട്ടത് :)

അനോമണീ, പാട്ട്...തന്നെതന്നെ, പാട്ട് തന്നെ :) നന്ദി കേട്ടോ.

ഹെറിറ്റേജ്‌ മാഷേ, പശുവില്‍ ആനയേയോ പോട്ടെ, ആനയുടെ തുമ്പിക്കൈയ്യുടെ ഡിസൈന്‍ സങ്കല്‍‌പിക്കണമെങ്കില്‍...സമ്മതിച്ചിരിക്കുന്നു :) നന്ദി കേട്ടോ. എറണാകുളത്തൊന്നുമല്ലന്നേ...അല്ലെന്നേ :)

നവനണ്ണാ, നന്ദിയണ്ണാ.

അപ്പോള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. തൊഴുത്ത് പൂട്ടി.

............................................

Link