Monday, May 28, 2007

ഇത് സിദ്ധാര്‍ത്ഥന്റെ ബ്ലോഗിലിട്ടതാ...

സിദ്ധാര്‍ത്ഥന്‍ ഒരു പുതിയ ക്യാമറ വാങ്ങിച്ചിട്ട് ഒരു പുതിയ ബ്ലോഗ് തുടങ്ങി. ഇതായിരുന്നു ആദ്യത്തെ പോസ്റ്റ്.

പോസ്റ്റ് വായിച്ചിട്ട് എനിക്കെന്റെ കണ്ണുകളെ പോയിട്ട് എന്നെ മൊത്തത്തില്‍ തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല. സംഗതി പുലികളുടെയിടയില്‍ ഞെരിഞ്ഞമര്‍ന്ന് എന്റെ നാമവും. ഭയങ്കര ഹാപ്പി. ഇങ്ങിനെയെഴുതി:

-----------------------------------------------------------------
സിദ്ധുവര്‍ത്തഗുരോ, സ്വാറി. ഇത് താങ്കള്‍ ഇട്ടയുടനെ കണ്ടു. ഏതൊരാള്‍ പടം ബ്ലോഗ് തുടങ്ങിയാലും ആചാര്യന്മാരെ വന്ദിച്ചിട്ടുണ്ടോ എന്നു നോക്കി. ഉണ്ട്. ആചാര്യന്മാരുടെ ആചാര്യനെ (മൂത്ത മുത്തപ്പന്‍) വന്ദിച്ചിട്ടുണ്ടോ എന്നു നോക്കി. വക്കാരി എന്നു കണ്ടു. സന്തോഷാ‍യീ. നോം പ്രസാദിച്ചിരിക്കുന്നു എന്നു പറയാന്‍ ബ്ലോഗു കമന്റു തുറന്നപ്പോള്‍ ബ്ലോഗപ്പന്‍ പറഞ്ഞു, പോയി പണി നോക്കഡേ, പിന്നെവാ എന്ന്. അതുകാരണം നേരത്തേ എഴുതിവെച്ചിരുന്ന പല കമന്റുകളും ദോ ഇന്നു രാവിലെയാണ് പോസ്റ്റിയത്.

ഇനി ഗൌരവത്തില്‍ കവിളില്‍ 15 പി.എസ്.ഐ എയര്‍. ഓരോ കക്ഷത്തിലും ഓരോ തേങ്ങ, പൊതിച്ചത്:

യെസ്, അപ്പോള്‍ ഫോട്ടൊഗ്രാഫിയില്‍ കമ്പം തുടങ്ങിയല്ലേ... ഈ പടം കൊള്ളാം. പക്ഷേ കുറേം കൂടി നന്നാക്കാനുണ്ട്. നമ്മള്‍ ക്യാമറയിലെ ആ കുഞ്ഞുകണ്ണാടിയില്‍ കൂടെ നോക്കുമ്പോള്‍ എന്തു കാണുന്നു എന്നുള്ളതനുസരിച്ചാണ് പടങ്ങള്‍ ബ്ലോഗില്‍ വരുന്നത്. ഉദാഹരണത്തിന് നമ്മള്‍ ഒരു പക്ഷിയെ ആണ് ഉന്നം വെക്കുന്നതെന്നോര്‍ക്കുക. ചില തുരപ്പന്മാര്‍, അതിരിക്കുന്ന ചില്ലയും, മരവും അയലോക്കത്തെ വീടും അവിടുത്തെ വീട്ടുകാരെയുമൊക്കെ കാണും. പാടില്ല. ഏകത്തില്‍ അഗ്രം വേണം. നമ്മള്‍ ആ പക്ഷിയുടെ കണ്ണു മാത്രമേ കാണാവൂ. അങ്ങിനെയല്ലേ അര്‍ജ്ജുനനൊക്കെ പേരുകേട്ട ഫോട്ടോ പിടുത്തക്കാരായത്.

അതുകൊണ്ട് അങ്ങിനെയൊക്കെ പടം പിടിക്കൂ. വിജയീ ഭവ.

(ഹല്ല... ഉസ്താദുക്കന്മാരുടെ കൂടെ പേരിട്ട് തന്നെ വേണമായിരുന്നൂ അല്ലേ, ഈ പാവത്തിനിട്ട് താങ്ങാന്‍... :) )

-------------------------------------------------------

എന്റെ ഉപദേശം ശിരസ്സില്‍ വഹിച്ച് ചുമടും താങ്ങി സിദ്ധാര്‍ത്ഥന്‍ അടുത്ത പോസ്റ്റിട്ടു. ഞാന്‍ അവിടെയുമിട്ടു കമന്റൊരെണ്ണം.
--------------------------------------------------------
എന്റെ സിദ്ധാര്‍ത്ഥാ....... അതു തകര്‍ത്തു. എന്റെ ഊപ്പ ദേശം ഇത്രയ്ക്കങ്ങ് ഏക്കുമെന്ന് കരുതിയില്ല. ഉഗ്രന്‍ വിവരണം. പുരികം വടിക്കാത്ത ചേച്ചീടെം കൂടെ കൊട്!

ഏകാഗ്രത കൂടരുത്. ഏകാഗ്രത കൂടുമ്പോള്‍ പേശികള്‍ വലിഞ്ഞുമുറുകും. മസിലുകള്‍ ബലവത്താകും. കൈവിരലിന്റെ അഗ്രമൊക്കെ ഭയങ്കര സ്ട്രോങ്ങാകും. അങ്ങിനത്തെ അവസ്ഥയില്‍ ക്ലിക്കുമ്പോള്‍ പറ്റുന്ന കുഴപ്പം ക്യാമറ മൊത്തം താഴോട്ടിരിക്കും. പക്ഷിയുടെ വദനം ഉന്നം വെക്കുന്നവന് ആസനം കിട്ടുന്നതിന്റെ കാരണമതാണെന്നാണ് ഫേമസ് ജാപ്പനീസ് ക്യാമറച്ചക്കിരവരട്ടി, ഫ്യൂജീയാമാ മക്കാസിനോസാന്‍ പറഞ്ഞിരിക്കുന്നത്.

ചിലപ്പോള്‍ ഈ ഏകാഗ്രതാബലം ടെലിപ്പതിയായി നമ്മള്‍ ഫോക്കസ് ചെയ്യുന്ന വസ്തുവിലും പതിക്കും. ജീവനുള്ള വസ്തുവാണെങ്കില്‍ അത് ഷിറ്റടിക്കും. ദേ ഇതുപോലെ

അവിടെ പലരും സിദ്ധാര്‍ത്ഥന്‍ എടുത്തൂ എന്നവകാശപ്പെട്ട പക്ഷിയുടെ പടം കാണാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അവര്‍ക്കെല്ലാം എന്താണ് സംഭവം എന്ന് മനസ്സിലാക്കിക്കൊടുത്തു:

എല്ലാവര്‍ക്കും തെറ്റി. സിദ്ധാര്‍ത്ഥന്‍ എടുത്തത് ആ മരച്ചില്ലകളുടെ തുമ്പത്തിന്റെ അഗ്രത്തിന്റെ ടിപ്പിലിരിക്കുന്ന ഒരു കൊതുകിനേയാ. അതിപ്പഴും അവിടിരിപ്പുണ്ട്. മനസ്സു നന്നായിരിക്കണം. എല്ലാരും കിളിയെ കണ്ടു. :)
------------------------------------------------------------
ഇത്രേം പോരേ?

Labels:

Link

Saturday, May 26, 2007

ഇതല്ലേ വിശകലനം

ദേവേട്ടന്‍ ക്ലബ്ബില്‍ ഈ പോസ്റ്റിട്ടപ്പോള്‍ പിന്നെ കണ്ട്രോളെന്ന സാധനം ആള്‍ട്ടടിച്ച് ഡിലീറ്റ് ചെയ്ത് പോയി മൊത്തത്തില്‍. ഒരു കണ്ട്രോളും കിട്ടിയില്ല. ആ പടത്തിന്റെ വിശകലനങ്ങള്‍ ക്ലബ്ബിലിട്ടത്. കണ്ടിന്യുവിറ്റടിക്കണമെങ്കില്‍ ക്ലബ്ബില്‍ പോകേണ്ടിവരും
-----------------------------------------------------------------------

പാരപ്പാരയുടെ ഈ കമന്റായിരുന്നു പ്രചുവദന്‍ (പാരപ്പാരയോട് ചോദിക്കാതെ ആ കമന്റെടുത്ത് ഇവിടിടുന്നതിന് മാഫി മാംഗ്‌താ ഹൂം)

ഈ ഫോട്ടോ നോക്കുമ്പോള്‍ ഒരു വിഷ്വല്‍ ഇല്യൂസിനേഷനാതി ഹല്യൂസിനേഷന്‍. ഒന്നാമത്‌ ഏരിയല്‍ വ്യൂ, പത്രത്തിന്റെ ടെക്സ്റ്റ്‌ മുകളിലേക്ക്‌, പപ്പടം രണ്ട്‌ പ്ലേറ്റിന്റെയും നടുവില്‍, ഒരു പ്ലേറ്റ്‌ ലോജിക്കലി കറക്റ്റ്‌ പൊസിഷന്‍, മറ്റേതിന്റെ തോരന്‍ വിളമ്പിയിരിക്കുന്നത്‌ താഴെ വലത്‌ വശത്ത്‌. ആകപ്പാടെ ന്യൂറോസിസില്‍ നിന്ന് തുടങ്ങിയ യാത്ര സൈക്കോസിസില്‍ എക്സിറ്റ്‌ എടുക്കാന്‍ പോകുന്നത്‌ പോലൊരു ഫീലിങ്ങ്‌.

പിന്നെ കണ്ട്രോള് കിട്ടിയില്ല:

പാരപ്പാരയുടെ നിരീക്ഷണ ഒബ്‌സര്‍വേഷന്‍ സൂപ്പര്‍. എനിക്ക് തോന്നുന്നത് പാത്രങ്ങള്‍ രണ്ടും സിമ്മട്രിക്കലായിരുന്നു ആദ്യം എന്നാണ്-അതായത് തോരന്‍ ഒരേ സൈഡില്‍ തന്നെ. ലേയ്‌റ്റസ്റ്റ് ടെ‌ക്നോളജി വെച്ച്, ഫോട്ടോ എടുക്കാന്‍ ക്ലിക്കു ചെയ്യുമ്പോള്‍ തന്നെ ക്യാമറ ഒരു 180 ഡിഗ്രി തിരിക്കാന്‍ പറ്റിയാല്‍ ഒരു പ്ലേറ്റില്‍ തോരന്‍ അപ്പുറത്തെ സൈഡിലും മറു പ്ലേറ്റില്‍ തോരന്‍ ഇപ്പുറത്തെ സൈഡിലും വരും. എല്ലാവരേയും കൊണ്ട് അത് പറ്റില്ല. അതുകൊണ്ടാണല്ലോ നമ്മള്‍ എല്ലാവരേയും ഫോട്ടോഗ്രാഫര്‍‌മാര്‍ എന്ന് വിളിക്കാത്തത്. ഇത് ഒരു ലേ‌യ്‌റ്റസ്റ്റ് ഫോട്ടോഗ്രാഫിക് ട്രിങ്കോമാലിയാണ്.

പിന്നെ, ആ പപ്പടത്തിന്റെ പൊസിഷന്‍ നോക്കിക്കേ. ശരിക്കും ഒരു ഇല്ല്യൂഷനാണ്. രണ്ടു പ്ലേറ്റിന്റേയും മധ്യത്തിലാണ് പപ്പടമെന്ന് ആദ്യത്തെ നോട്ടത്തില്‍ തോന്നും. പക്ഷേ സൂക്ഷിച്ച് നോക്കിയാല്‍ അങ്ങിനെയല്ല. മെഴുകുപുരട്ടിയുള്ള പ്ലേറ്റിന് കുറച്ചുകൂടി (ഒരു നാലേമുക്കാല്‍ സെമീ) അടുത്തായിട്ടാണ് പപ്പടത്തിന്റെ സ്ഥാനം. പപ്പടം അങ്ങിനെ പൊസിഷന്‍ ചെയ്‌തതും വളരെ ആലോചിച്ചിട്ടാണെന്നാണ് എനിക്ക് തോന്നുന്നത്. വളരെ ഫിലോസഫിക്കലാണ് അത്. ഇല്ലാത്തവനോടുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ അവജ്ഞയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. അതെ, മെഴുകുപുരട്ടിയുംകൂടിയുള്ള പ്ലേറ്റിലേക്കാണ് പപ്പടവും പോകുന്നത്. അങ്ങിനെ മെഴുകുപുരട്ടിയുള്ളവന് പപ്പടവും കൂടി. അതില്ലാത്തവനോ, പപ്പടവുമില്ല. ഇതൊരു ലോക സത്യത്തെയല്ലേ കാണിക്കുന്നത്.

ഇതൊരു ഇംഗ്ലീഷ് പത്രത്തിന്റെ മുകളില്‍ വെച്ചതും ഭാഷയുടെ അധിനിവേശത്തെ ചോദ്യം ചെയ്യുന്ന ഒരു ഉദാത്തമായ ഒരു കാര്യമാണെന്നാണ് എന്റെ അഭിപ്രായം. മാത്രവുമല്ല, കുത്തകമുതലാളിമാരുടെ പരസ്യത്തിനു മുകളിലാണ് പാത്രങ്ങള്‍ രണ്ടും വെച്ചിരിക്കുന്നത്. അതും ....(ദിപ്പോ എങ്ങിനെയാ ഒന്ന് നിര്‍ത്തുന്നേ)

സപ്തം മധ്യവര്‍ഗ്ഗത്തിന്റെ സാദാ ഭക്ഷണമാണ് പടത്തിലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിടുമോ:

സപ്തം ആ പറഞ്ഞത് ഒരു ബൂര്‍ഷ്വാ ചിന്താഗതിയാണെന്ന് ഞാന്‍ പറയും. തോരന്‍ ഒരിക്കലും ഒരു മധ്യവര്‍ഗ്ഗത്തിന്റെ ഭക്ഷണമല്ല. തോരന്‍ മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്ന ആഹാരമാണ്. കാരണം തോരനില്‍ തേങ്ങയുണ്ട്. മെഴുകുപുരട്ടിയില്‍ അതില്ല. സപ്തത്തിന് തോരനും കോരനും കൂടി കണ്‍ഫ്യൂഷനായതാണെന്നാണ് തോന്നുന്നത്. കോരനാണെങ്കിലും കുമ്പിളില്‍ കിട്ടിയത് കഞ്ഞിയാണ്, തോരനല്ല.

പിന്നെ ആ പ്ലേറ്റ് നോക്കിക്കേ, അതില്‍ തോരനുണ്ട്, സാമ്പാറുണ്ട്, മെഴുകുപുരട്ടിയുണ്ട്, ചോറുണ്ട്. ഇത് തികച്ചും ഒരു മുതലാളിത്ത ഭക്ഷണക്രമമാണ്. മാത്രവുമല്ല, പലരും മധ്യവര്‍ഗ്ഗത്തേയും മുതലാളിത്തത്തേയും മാത്രം കാണുന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ, പാവപ്പെട്ടവരെ എല്ലാവരും മറക്കുന്നു.

ഇതിനിടയ്ക്ക് ഇഞ്ചിയോടും സൂഫിയോടും ശക്തമായി വിയോജിച്ചു:

എല്‍‌ജി പിന്നെയും വികാരപരമായി സംസാരിക്കുന്നു. ബൂര്‍ഷ്വാ(അതിന്റെ ശരി സ്പെല്ലിംഗെന്താണാവോ? യെല്‍‌ജിയെ ഒന്ന് പേടിപ്പിക്കാമെന്ന് വെച്ച് ബൂര്‍ഷ്വാ boorshwa എന്ന മലയാളരീതിയില്‍ ഗൂഗ്ലിയപ്പോള്‍ കിട്ടിയത് മലയാളവേദിയിലെ അടി)ആര്യന്മാരിലും ദ്രാവിഡന്മാരിലുമുണ്ട്. മനുഷ്യനെവിടെയുണ്ടോ അവിടെ ബൂര്‍ഷ്വായുമുണ്ട്. ബൂര്‍ഷ്വായുടെ ചേട്ടന്‍ ബര്‍ണാഡ്‌ഷാ. എന്തിന് മൃഗങ്ങളില്‍ പോലുമുണ്ട് ബൂര്‍ഷ്വാ. സിംഹം ഒരു ബൂര്‍ഷ്വാവര്‍ഗ്ഗത്തില്‍ പെട്ട മൃഗമാണ്.

പാപ്പാന്‍ പറഞ്ഞതും സപ്തം രണ്ടാമതു പറഞ്ഞതും ഗഹനമായി ആലോചിക്കേണ്ട വിഷയമാണ്. കുറച്ചു കഴിഞ്ഞ് മറുപടി പറയാം.

മുല്ലപ്പൂ ഇതിനിടയ്ക്ക് ഓഫ്‌ടോപ്പിക് പറയുന്നു :)

സൂഫി പറഞ്ഞതിനോടും ഞാന്‍ മൊത്തമായി യോജിക്കുന്നില്ല (ചോറുണ്ണാന്‍ പോയതായിരുന്നു) പാലാട്ട്, പല്ലാട്ട്, പുല്ലാട്ട് മുതലായ കുത്തക മുതലാളിമാര്‍ ഉണ്ടാക്കിവിടുന്ന അച്ചാര്‍ ഒരിക്കലും ഒരു പാവപ്പെട്ടവന്റെ ആഹാരമല്ല. മാത്രവുമല്ല, ഒന്നുമല്ല. ഒന്നുമില്ലാത്തവന് ഒരു കുപ്പി അച്ചാറുകിട്ടിയിട്ട് എന്തുകാര്യം. പക്ഷേ, ചോറ്, ചാറ്, തോരന്‍, മെഴുകുപുരട്ടി, അച്ചാര്‍ ഇവ ഒന്നിച്ചടിക്കുന്നുവര്‍ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് ഓശാന പാടുന്നവരാണെന്ന് ഞാന്‍ പറയും. ചമ്മന്തിയും പാവപ്പെട്ടവന്റെ ആഹാരമല്ല. കാരണം ചമ്മന്തിക്ക് തേങ്ങാ വേണം. തേങ്ങായ്ക്ക് തെങ്ങ് വേണം (പിന്നെ എന്നാ വേണമെന്ന് ഞാനൊന്നാലോചിക്കട്ടെ).

അപ്പോള്‍ പറഞ്ഞുവന്നത്...

എനിക്കെന്തോ കണ്ട്രോളു കിട്ടുന്നില്ല. ഞാനാ പടത്തില്‍ ഒന്നുകൂടി ഷൂസിട്ടു (അല്ല, സൂക്ഷിച്ച്) നോക്കി. എന്റെ നിരീക്ഷണങ്ങള്‍ എത്ര കറക്ട്. ഉള്ളവന്റെ പാത്രത്തിലെ, അതായത് ഇടതുവശത്തെ തോരനും മെഴുകുപുരട്ടിയുമുള്ള പാത്രത്തിലെ സാമ്പാറിലെ മുരിങ്ങക്കാ എന്തിനെ പ്രതിനിധീകരിക്കുന്നു? -എക്സ്‌പ്രസ് ഹൈവേയെ. കണ്ടോ, ആ എക്‍സ്പ്രസ് ഹൈവേ കോരന്റെ വീടിനെ രണ്ടായി മുറിച്ചു. വീടിപ്പുറവും കിണറപ്പുറവും. ഇനി കോരന് വെള്ളം കോര ണമെങ്കില്‍ പത്തുകിലോമീറ്ററപ്പുറമുള്ള എക്സിറ്റ് എടുത്ത് പിന്നെ ഒരു പത്തു കിലോമീറ്റര്‍ പുറകോട്ട് നടന്ന് വന്നേ പറ്റൂ. ഇങ്ങിനെ കോരനേപ്പോലുള്ള അനേകായിരം കുടുംബ ബന്ധങ്ങളെ കീറിമുറിക്കുന്ന ആ എക്സ്‌പ്രസ്സ് ഹൈവേയേയാണ് ഛായാഗ്രാഹകന്‍ ആ മുരിങ്ങക്കായിലൂടെ പ്രതിനിധാനം ചെയ്യുന്നത്.

ആ എക്സ്‌പ്രസ്സ് ഹൈവേയെ ബ്ലോക്കു ചെയ്ത് മെഴുകുപുരട്ടി-അതായത് പാവപ്പെട്ടവന്റെ ഭക്ഷണം. അതേ പാവങ്ങള്‍ എക്സ്‌പ്രസ് ഹൈവേയ്ക്ക് എതിരാണെന്ന് എത്ര മനോഹരമായാണ് ഛായാഗ്രാഹകന്‍ കാണിച്ചിരിക്കുന്നത്. അതുപോലെ മുരിങ്ങക്കായില്‍ വീണുകിടക്കുന്ന തോരക്കണികകള്‍ നമുക്ക് കാണിച്ചു തരുന്നത് പണക്കാര്‍ക്ക് മാത്രമേ എക്‍സ്പ്രസ് ഹൈവേ അനുഭവിക്കാന്‍ പറ്റൂ എന്നല്ലേ. തോരന്‍ ഒരു ബൂര്‍ഷ്വാ കറിയാണെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. കാരണം തോരനില്‍ തേങ്ങയുണ്ട്.

(ഞാനിനിയും ആ പോസ്റ്റ് നോക്കുന്നില്ല)

സപ്തമേ, അതിന്റെ ഒരു വരി വിക്കിയതേ ഉള്ളൂ പ്രാന്തായി. നിര്‍ത്തി.

ആദിത്യനും പാപ്പാനുമൊക്കെയുണ്ടായിരുന്നു, വിശകലിക്കാന്‍.

പാപ്പാന്‍ പറഞ്ഞതിനെപ്പറ്റി ചര്‍ച്ചാല്‍ ഇന്നിനി ഉറങ്ങേണ്ട. പക്ഷേ, പാപ്പാന്‍ പറഞ്ഞതില്‍ ടെക്‍നിക്കലി ഒരു മിസ്റ്റേക്ക് ഉണ്ട്. ഉപബോധമനസ്സിന്റെ അന്തരാളങ്ങളെ ആന്തോളനമെന്ന രീതിയില്‍ താലോലിക്കാന്‍ ന്യൂട്ടന്റെ അലുഗുലുത്താകര്‍ഷണബല സിദ്ധാന്ത പ്രകാരം പറ്റില്ല. ആന്തോളനങ്ങള്‍ താലോലിക്കപ്പെടാനുള്ളതല്ല. ഒന്നുകില്‍ അന്തരാളങ്ങളില്‍ സ്പന്ദനങ്ങള്‍ കൊണ്ട് നിറയ്ക്കുക. ആ സ്പന്ദനങ്ങളിലെ മന്ദതയാകുന്ന മന്ദമാരുതനിലെ ശീതളശ്ചായയില്‍ മതിമറന്നാനന്ദിക്കുക. അല്ലെങ്കില്‍ ഉപബോധമനസ്സില്‍ മസിലു കയറ്റുക.
-------------------------------------------------------------

അന്ന് ആപ്പീസിലിരുന്ന് ഒരു പണിയും ചെയ്തില്ലെങ്കിലെന്താ, നല്ല രസമായിരുന്നു :)

Labels:

Link

Sunday, May 20, 2007

ഇത് എതിരന്‍ കതിരവന്റെ ബ്ലോഗിലിട്ടത്

എതിരന്‍ കമന്റിനെപ്പറ്റി പോസ്റ്റിയപ്പോള്‍ ദേവേട്ടന്‍ എതിരന് കൈകൊടുത്ത് വീരപട്ടയം ചാര്‍ത്തുന്നതിനുമുന്‍പുള്ള ശ്ലോകസേവയില്‍ ഇങ്ങിനെ പറഞ്ഞു:

“ദോശയെ മേദിനീ വെണ്ണിലാവാക്കി ആഘോഷിച്ചപ്പോള്‍ ദിശിദിശി പൊടിപൊങ്ങീ, ഭാനുബിംബം മയങ്ങീ വടിവിനൊടു കുലുങ്ങീബൂലോഗമമിന്ദൂത്സവാദൌ.(അങ്ങനൊന്നുമല്ലെങ്കില്‍ ഉമേഷ് ഗുരുക്കള്‍ വന്നു തിരുത്തി തരും, നോ ടെന്‍ഷന്‍) “.

ഉറക്കം കണ്‍‌കളില്‍ ഊഞ്ഞാലാടിക്കൊണ്ടിരുന്ന ഞാന്‍ അപ്പോള്‍ തന്നെ അതിന് ഉദാത്തമായ വ്യാഖ്യാനം ചാലിച്ച് ആ ശ്ലോകത്തെ...

----------------------------------------------
“ദോശയെ മേദിനീ വെണ്ണിലാവാക്കി ആഘോഷിച്ചപ്പോള്‍ ദിശിദിശി പൊടിപൊങ്ങീ, ഭാനുബിംബം മയങ്ങീ വടിവിനൊടു കുലുങ്ങീബൂലോഗമമിന്ദൂത്സവാദൌ“

ദോശയെ - അതായത് ദോശ

മേദിനീ - മൈദകൊണ്ടുള്ള ദോശ. ‘നീ” കാരം വന്നതുകൊണ്ട് ഇതിന് ദോശയുണ്ടാക്കാനുള്ള മൈദ എന്നര്‍ത്ഥം.

വെണ്ണി - വെണ്ണ തന്നെ

ലാവാ - ലാവ (പണ്ട് ജയനഭിനയിച്ച ലാവയല്ല, മറ്റേ ലെവന്‍ ലാവ).

അപ്പോള്‍ “ദോശയെ മേദിനീ വെണ്ണിലാവാക്കി“ - മൈദകൊണ്ടുള്ള ദോശമാവില്‍ നീ കുറച്ച് വെണ്ണയും കൂടിയൊഴിച്ചപ്പോള്‍ അത് ലാവാപരുവമായി.

ദിശിദിശി - ദോശ ചൂട് കല്ലില്‍ വീഴുമ്പോളുള്ള ശബ്‌ദം (അപ്പത്തിന്റെ മാ‍വായിരുന്നെങ്കില്‍ അപ്പിഅപ്പി എന്നായിരുന്നേനെ ശബ്‌ദം).

പൊടിപൊങ്ങി - ആവിയെ കവി ഒരു പൊടിയായി സങ്കല്‍‌പിച്ചു. നാനോദോശയായിരിക്കണം. നാ‍നോപാര്‍ട്ടിക്കിളുകള്‍ ഒറ്റയൂത് കൊടുത്താല്‍ അത് ആവിപൊങ്ങുന്നതുപോലെ പൊങ്ങിപ്പറക്കുമല്ലോ. ചൂടുകല്ലില്‍ മൈദകൊണ്ടുള്ള ലാവാപരുവത്തിലുള്ള ദോശമാവൊഴിച്ചപ്പോള്‍ ദിശി ദിശി എന്ന ശബ്ദം വരികയും നാനോകണികകളേപ്പോലുള്ള ആവി പൊങ്ങുകയും ചെയ്തു.

ഭാനു- അപ്പോള്‍ ദോശയുണ്ടാക്കുന്നത് ഭാനുവാണ്.

ഭാനുബിംബം - കണ്‍‌ഫ്യൂഷനുണ്ട്. മിക്കവാറും ഭാനുവിന്റെ കൈയ്യിലിരിക്കുന്ന ചട്ടുകത്തെയായിരിക്കും കവി ഇവിടെ ബിംബമായി സങ്കല്‍‌പിച്ചിരിക്കുന്നത്.

ഭാനുബിംബം മയങ്ങീ- അത്, അത് തന്നെ. ദോശക്കല്ലില്‍ മാവൊഴിച്ചപ്പോള്‍ അതിന്റെ ദിശി ദിശി ശബ്‌ദവും ആവി പൊങ്ങിയതും എല്ലാം കണ്ട് മനോഹരമായ ആ മൈദാദോശയില്‍ മനം മയങ്ങി ദോശക്കാരി ഭാനു ചട്ടുകവും പിടിച്ചുകൊണ്ട് ഉറങ്ങിപ്പോയി.

വടിവിനൊടു കുലുങ്ങീ - നിന്നുറങ്ങിപ്പോയ ഭാനു (നല്ല വണ്ണമുണ്ടായിരുന്നു) നടുവും തല്ലി കറങ്ങി വീണു, പരിസരമാകെ കുലുങ്ങി.

ബൂലോഗമമിന്ദൂത്സവാദൌ - ഓ, അങ്ങിനെയാണല്ലേ -അതായത് ബൂലോഗത്തില്‍ ഉത്സവം നടക്കുകയാണ്. അതാണ് പശ്ചാത്തലം.

അതായത്, ബൂലോകത്തില്‍ നടന്ന ഒരു ഉത്സവത്തിലെ തട്ടുകടക്കാരി ഭാനു വെണ്ണചേര്‍ത്ത്, ലാവപോലെയാക്കിയ മൈദാമാവ് നല്ല ചൂടുള്ള ദോശക്കല്ലില്‍ ഒഴിച്ചപ്പോള്‍ ആ മാവ് ദിശിദിശി എന്ന ശബ്ദമുണ്ടാക്കുകയും തത്‌ഫലമായി നാനോകണികകളെപ്പോലെ ആവി പൊങ്ങുകയും അത് കണ്ട് മനം മയങ്ങിയ ഭാനു ചട്ടുകവും കൈയ്യില്‍ പിടിച്ച് മയങ്ങി കമഴ്‌ന്നടിച്ച് വീഴുകയും തത്ഫലമായി ഭൂമി കുലുങ്ങുകയും ചെയ്തു.

(ദേവേട്ടാ‍, കതിരവാ, പതാലി, പതാലി)

--------------------------------------------

പണിക്കര്‍മാഷ് ഇവിടെയും കൊടുത്തു, വേറൊരു വ്യാഖ്യാനം

Labels:

Link