Thursday, June 14, 2007

ബ്ലോഗ് പക്ഷം

സിബുവിന്റെ ഈ പോസ്റ്റിനോടനുബന്ധിച്ച് വന്ന ചിന്തകളും‍ പെരിങ്ങോടരുടെ കമന്റുകള്‍ ഈ പോസ്റ്റില്‍ വായിച്ചപ്പോള്‍ തോന്നിയ ചിന്തകളും കൂടിക്കുഴഞ്ഞ് അവിയല്‍ പരുവത്തില്‍ അവിയല്‍ ബ്ലോഗില്‍ (അങ്ങിനെ പോസ്റ്റ് ബ്ലോഗിനെ ജസ്റ്റിഫൈ ചെയ്തു). ഈ ചര്‍ച്ചാകോലാഹലമേട് ഇനിയും നിര്‍ത്താറായില്ലേ എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഹലോ ഹൌ ആര്‍ യൂ, സുഖം തന്നെയല്ലേ, മൈക്കിള്‍സ് ടീ കുടിച്ചോ എന്ന് മാത്രം (എഴുതാന്‍ ഒന്നുമില്ലാതെ ആശയത്തില്‍ ദാരിദ്യമായിട്ടിരിക്കുമ്പോഴല്ലേ അണ്ണാ ഒരു കച്ചി തുരുമ്പുപിടിച്ച് ഇവിടെ കിടക്കുന്നത് കണ്ടത്. എപ്പോ എടുത്തൂ എന്ന് ചോദിച്ചാല്‍ മതി).

വാര്‍ണീഷിംഗ്: പറഞ്ഞ് മടുത്ത കേട്ട് മടുത്ത കാര്യങ്ങള്‍ മാത്രം. ഇത് വായിക്കാതെ വേറേ എന്തെങ്കിലും പോസ്റ്റ് വായിച്ചാല്‍ അതിന്റെ ഗുണം വായിക്കുന്നവര്‍ക്കും ആ പോസ്റ്റിട്ടവര്‍ക്കും. ഇനി ഒന്നും ചെയ്യാനില്ലെങ്കില്‍ വെറുതെ മെഡിറ്റേറ്റ് ചെയ്യാനും ഈ പോസ്റ്റ് വായിച്ച് കളയുന്ന സമയം ഉപയോഗിക്കാം.

(പതിവുപോലെ എന്റെ മാത്രം അഭിപ്രായങ്ങള്‍. ശാസ്ത്രീയതയില്ല/എന്തിനെയെങ്കിലും അനുകൂലിച്ചോ പ്രതികൂലിച്ചോ അല്ല. അതുകൊണ്ട് തന്നെ സിബു പറഞ്ഞത് മനസ്സിലാക്കാതെയുള്ള എന്റെ ഈ ജല്പനങ്ങള്‍ അര്‍ഹിക്കുന്ന അവഗണന പോലും കൊടുക്കാതെ ധിം തരികിട ധോം എന്ന് പറഞ്ഞ് എറിഞ്ഞ് കളഞ്ഞ് കൈ ലൈഫ് ബായ് ഇട്ട് ക്ലീനാക്കണമെന്നപേക്ഷ).

വാര്‍ണീഷിംഗ് റ്റു: ഈ പോസ്റ്റുവായിക്കാതെ തിരിച്ചു പോകി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ ഇനിയും നിങ്ങള്‍ക്ക് സമയമുണ്ട്.

സിബു എഴുത്തുകാരന്റെ സ്വാതന്ത്യം/വായനക്കാരന്റെ സ്വാതന്ത്യം എന്നെഴുതിയിരിക്കുന്ന കാര്യങ്ങള്‍ തിയററ്റിക്കലി ശരിയാണെങ്കില്‍ തന്നെയും പ്രായോഗികമായി നോക്കിയാല്‍ അങ്ങിനത്തെ വിഭജനങ്ങളൊക്കെ എത്രമാത്രം ഡിസ്റ്റിംഗ്‌റ്റാണ്?

പോസ്റ്റുകളാണ് ഒരു ബ്ലോഗിന്റെ എല്ലാം. പക്ഷേ കമന്റുകള്‍ മാത്രമല്ല പോസ്റ്റും ബ്ലോഗും പോലും ഉടമസ്ഥന്റെ ഔദാര്യത്തിലാണ് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് നമുക്കിന്നിഷ്ടപ്പെട്ട ഒരു പോസ്റ്റ് വേറൊരാള്‍ക്ക് കാണിച്ചുകൊടുത്ത് അത് വായിക്കാന്‍ അയാള്‍ വരുമ്പോള്‍ ചിലപ്പോള്‍ അവിടെ ബ്ലോഗ് പോലും കാണില്ല. അതാണല്ലോ ബ്ലോഗറുടെ സ്വാതന്ത്ര്യം.

ഈ അവിയല്‍ ബ്ലോഗിലിടാനുള്ള മുരിങ്ങക്കായും വെണ്ടയ്ക്കായും പാവയ്ക്കായും കോവയ്ക്കായും നെല്ലിക്കായും നിനക്കായും എനിക്കായും നമുക്കായും (ഇതിപ്പോ എങ്ങിനെയാ ഒന്ന് നിര്‍ത്തുന്നത്...) തപ്പി ഞാന്‍ അതുല്ല്യേച്ചി തന്ന ലിങ്കുകളില്‍ പോയി നോക്കിയപ്പോള്‍ അവിടെ അപ്രത്യക്ഷമായത് എന്റെ കമന്റുകളല്ലായിരുന്നു. പോസ്റ്റും ചിലപ്പോള്‍ ബ്ലോഗ് മൊത്തമായിട്ടായിരുന്നു.

കമന്റുകളുടെ മാത്രമല്ല പോസ്റ്റിന്റെ തന്നെ വിസിബിലിറ്റി അതിന്റെ “വിസിബിലിറ്റി പൊട്ടന്‍ഷ്യല്‍“ തീരുന്നതുവരെയല്ലേ ഉള്ളൂ? ബ്ലോഗിന്റെ കാര്യത്തില്‍ അടുത്ത പോസ്റ്റ് വരുന്ന വരെയും അഗ്രിഗേറ്ററുകളുടെ കാര്യത്തില്‍ ഒന്നോ രണ്ടോ പേജുകള്‍ തീരുന്നതുവരെയും. എത്രപേര്‍ ഏവൂരാന്റെ തനിമലയാളത്തില്‍ ഹോം പേജിനപ്പുറം പോയി ബ്ലോഗുകള്‍/പോസ്റ്റുകള്‍ തിരയുന്നുണ്ട്? ഒരു ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റ് വന്നാല്‍ ആ ബ്ലോഗിലെ പഴയ പോസ്റ്റിലേക്ക് പോകുന്ന എത്രപേരുണ്ട്? ഇനി അങ്ങിനെ പോകുന്നവര്‍ പ്രത്യേകം ഉദ്ദേശത്തോടെ ആ ബ്ലോഗ്/പോസ്റ്റിലേക്ക് തന്നെ പോകുന്നവരാണ്. അവരെ കമന്റിന്റെ എക്സസ് വിസിബിലിറ്റിയോ പിന്‍‌മൊഴിയിലെ ഓഫുകളോ ഒന്നും ബാധിക്കുകയേ ഇല്ലല്ലോ.

ഈയൊരു കാര്യത്തില്‍ പഴയ പോസ്റ്റുകള്‍ പൊക്കിക്കൊണ്ട് വരുന്നതില്‍ പിന്‍‌മൊഴി ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് വേണമെങ്കില്‍ പറയാം. പിന്മൊഴിയില്‍ ഒരു പഴയ പോസ്റ്റിനു വന്ന കമന്റ് കണ്ട് അവിടെ പോയി പോസ്റ്റ് വായിക്കുന്ന നല്ലൊരു കൂട്ടം ആള്‍ക്കാരില്ലേ (ഞാനുള്‍പ്പടെ)?

എന്റെ അഭിപ്രായത്തില്‍ ഒരു ബ്ലോഗ് പൂര്‍ണ്ണമാകുന്നത് അയാള്‍ ഒരു പോസ്റ്റിട്ടാല്‍ മറ്റുള്ളവര്‍ പറയാതെ തന്നെ വായനക്കാര്‍ അയാളുടെ പോസ്റ്റ് വായിക്കുന്ന ഒരു അവസ്ഥയാണ്. ഒരു പോസ്റ്റുണ്ട് എന്ന് വായനക്കാരന് അറിയാനുള്ള മാര്‍ഗ്ഗങ്ങളായ അഗ്രിഗേറ്ററുകളും ദിനപത്രവും മറ്റും വഴി പോസ്റ്റിനെപ്പറ്റി അറിഞ്ഞാല്‍ പിന്നെ എല്ലാം സ്വാഭാവികമായി സംഭവിക്കണം. സമാനഹൃദയര്‍ക്ക് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പിന്‍മൊഴിയോ മറ്റോ ഒരു തടസ്സമേ ആകുന്നില്ലല്ലോ. അവിടെ അവര്‍ നോക്കേണ്ടത് പോസ്റ്റുകള്‍ മാത്രം. വേറേ എന്തുണ്ടെങ്കിലും ഇല്ലെങ്കിലും അത് എങ്ങിനെ അവരെ ബാധിക്കും? ഇനി പിന്‍‌മൊഴിയുള്ളതുകാരണം ആള്‍ക്കാര്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കുന്നില്ല എന്നതാണെങ്കില്‍ അത് അവരുടെ തീരുമാനം എന്നല്ലേ വരുന്നുള്ളൂ.

സ്വാത്രന്ത്യം ആഗ്രഹിക്കുന്ന ഒരു വായനക്കാരന് പിന്‍‌മൊഴിയിലെ കമന്റുകളും മറ്റും അയാളെ ഡിസ്ട്രാക്റ്റ് ചെയ്യേണ്ട കാര്യമേ ഇല്ല. പിന്‍‌മൊഴികൊണ്ടുള്ള ഒരു “ഇത്” ചിലപ്പോളൊക്കെ ഉണ്ടാകുന്ന ഓഫ് പ്രളയങ്ങളാണ്. പക്ഷേ അത് എല്ലായ്‌പോഴും സംഭവിക്കുന്ന ഒന്നല്ലല്ലോ. അതുമൂലം ആരും ബ്ലോഗെഴുത്ത് നിര്‍ത്തിയതായിട്ടും അറിയില്ല (ഉറപ്പില്ല). അതല്ല അതുമൂലം ആരെങ്കിലും ബ്ലോഗ് എഴുത്ത് നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ വേറേ എന്തെങ്കിലും കാരണം കൊണ്ടും ബ്ലോഗിംഗ് നിര്‍ത്തും.

മീറ്റുകളില്‍ വന്ന ഓഫുകള്‍, ഉണ്ടാപ്രിയുടെ ദോശപോസ്റ്റില്‍ വന്ന ഓഫുകള്‍ മുതലായവ പിന്‍‌മൊഴി ആക്സിലറേറ്റ് ചെയ്തു എന്നത് നേര്. അപ്പോഴും ഓര്‍ക്കേണ്ടത് പിന്‍‌മൊഴി സബ്‌സ്ക്രൈബ് ചെയ്ത എഴുന്നൂറോളം പേര്‍ ഒരുമിച്ചില്ല അതൊക്കെ ചെയ്തത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഉണ്ടാപ്രിയുടെ കണക്കുപ്രകാരം ആ പോസ്റ്റില്‍ പത്തോ ഇരുപതോ പേരാണ് ഓഫുകള്‍ പ്രധാനമായും അടിച്ചത്. ഈ പത്തോ ഇരുപതോ പേര്‍ക്ക് പിന്‍‌മൊഴിയില്ലെങ്കിലും ഇനിയും ഏതെങ്കിലും പോസ്റ്റില്‍ ഇതൊക്കെ ചെയ്യാവുന്നതേ ഉള്ളൂ-ആ പോസ്റ്റുകാരന്‍ സമ്മതിക്കുകയാണെങ്കില്‍. അല്ലെങ്കില്‍ പിന്നെ പിന്‍‌മൊഴിയെന്ന സംഗതിയേ ഉണ്ടാവാന്‍ പാടില്ലായിരുന്നു.

അവിടെയും പിന്‍‌മൊഴിയില്‍ ഇല്ലെങ്കിലും ഇതൊക്കെ ചെയ്യാനാവുമെന്ന് ഉമേഷ്‌ജിയുടെ പിന്‍‌മൊഴിയിലേക്കയക്കാത്ത പോസ്റ്റില്‍ നാനൂറോളം കമന്റുകള്‍ ഇട്ട് നമ്മള്‍ തന്നെ തെളിയിച്ചു.

ഇപ്പോഴും എനിക്ക് പറയാനുള്ളത് പോസ്റ്റിട്ട ആളാണ് ആ പോസ്റ്റിന്റെ പ്രാധാന്യം തീരുമാനിക്കേണ്ടത്. ഗൌരവമുള്ള ഒരു പോസ്റ്റാണെന്ന് വായനക്കാര്‍ക്ക് തോന്നിയ ഒരു പോസ്റ്റിട്ടിട്ട് ഒരാള്‍ ഉഗാണ്ടയ്ക്ക് പോയി, ആ സമയത്ത് അവിടെ എല്ലാവരും കയറി ബഹളം വെച്ചാല്‍ അതിന് അയാള്‍ അത്രയുമേ ഗൌരവം കൊടുക്കുന്നുള്ളൂ എന്നേ കരുതാന്‍ പറ്റൂ. വായനക്കാരന്റെ സ്വാതന്ത്യം വായിക്കുക, കമന്റോപ്ഷനനുസരിച്ച് കമന്റുക എന്നത് മാത്രം. പോസ്റ്റിന്റെ ഗൌരവം പോസ്റ്റുകാരന്‍ തീരുമാനിക്കട്ടെ. എന്താണ് ഈ പോസ്റ്റില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഏതു തരം കമന്റുകളെ ഈ പോസ്റ്റില്‍ പാടുള്ളൂ എന്നും അയാള്‍ ആ പോസ്റ്റില്‍ എഴുതിയാല്‍ വാന്‍ഡലിസം ആഗ്രഹിക്കുന്നവര്‍ മാത്രമേ മിക്കവാറും അവിടെ പിന്നെ വന്ന് ഓഫുകള്‍ ഇടൂ.

പക്ഷേ ഒരു പോസ്റ്റില്‍ കമന്റിനു മറുകമന്റ് വരുന്നത് അതിനു മുന്‍പ് വന്ന കമന്റിനെയും കൂടി അനുസരിച്ചാണ്. അത് ബ്ലോഗില്‍ മാത്രമല്ല എല്ലായിടത്തും നടക്കുന്നതല്ലേ. അതിനാണല്ലോ ചര്‍ച്ചകള്‍ക്കും മറ്റും മോഡറേറ്റര്‍മാര്‍ ഉള്ളത്. ഇവിടെയും പോസ്റ്റിന്റെ പ്രാധാന്യമനുസരിച്ച് പോസ്റ്റിട്ട ആള്‍ക്ക് തോന്നുകയാണെങ്കില്‍ കമന്റ് മോഡറേഷന്‍ ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമല്ലോ. ഇവിടെയും പിന്‍‌മൊഴി ഒരു കാരണമാവണമെന്നില്ല. പെരിങ്ങോടര്‍‍ പറഞ്ഞതുപോലെ ഒരു പ്രതിലോമകാരി വിചാരിച്ചാല്‍ പിന്മൊഴിയുണ്ടെങ്കിലും ഇല്ലെങ്കിലും ഇതെല്ലാം ഇനിയും നടക്കും. അതുകൊണ്ട് അതും പിന്‍‌മൊഴിയുടെ കുഴപ്പമാണെന്ന് വിചാരിക്കുന്നതില്‍ കാര്യമുണ്ടോ?

പിന്‍‌മൊഴിയുടെ ഇഫക്ട് അതിലുള്ള എഴുന്നൂറോളം ആള്‍ക്കാരാണ്. എഴുന്നൂറ് ആള്‍ക്കാരുണ്ടെങ്കില്‍ അഞ്ഞൂറ് തരക്കാരായിരിക്കും. പക്ഷേ മലയാളം ബ്ലോഗിന്റെ ഫിസിക്കല്‍ വളര്‍ച്ച എന്ന് പറഞ്ഞാല്‍ ഈ എഴുന്നൂറ് ഏഴായിരവും എഴുപതിനായിരവുമൊക്കെ ആകുന്നതല്ലേ? പിന്‍‌മൊഴിപോലത്തെ പരിപാടികള്‍ നിര്‍ത്തിയാല്‍ ഒരു പോസ്റ്റില്‍ പിന്മൊഴി വഴി വരുന്നവരെക്കാള്‍ കുറവായിരിക്കും ചിലപ്പോള്‍ ആള്‍ക്കാര്‍ വരുന്നത്. അതായത് നമ്പര്‍ കുറവായിരിക്കും. നമ്പര്‍ കുറവായിരുന്നപ്പോള്‍ പിന്‍‌മൊഴിയിലും ഇതയും പ്രശ്‌നമില്ലായിരുന്നല്ലോ. ക്വാളിറ്റി ഒരു ആപേക്ഷിക പദമായതുകാരണം ക്വാണ്ടിറ്റി കുറഞ്ഞാലും ക്വാളിറ്റിയുണ്ടായാല്‍ മതി എന്ന് പറയുന്നതില്‍ ബ്ലോഗിന്റെ കാര്യത്തില്‍ കാര്യമില്ലല്ലോ. ഇവിടെ ക്വാണ്ടിറ്റി കൂട്ടിക്കൂട്ടി അതില്‍ നിന്നും ഉണ്ടാകാവുന്ന, എണ്ണം കൂടുമ്പോള്‍ സ്വാഭാവികമായും കൂടാവുന്ന, ക്വാളിറ്റിയെ ആശ്രയിക്കുകയല്ലേ നിവൃത്തിയുള്ളൂ?

പിന്‍‌മൊഴി മലയാളം ബ്ലോഗിന്റെ വളര്‍ച്ച മുരടിപ്പിക്കും എന്ന് പറയുന്നത് ഇപ്പോഴും എനിക്ക് പൂര്‍ണ്ണമായും മനസ്സിലായിട്ടില്ല. ഏത് ബ്ലോഗും വളരുന്നത് അതിലിടുന്ന പോസ്റ്റുകളില്‍ കൂടിയാണല്ലോ. അങ്ങിനെ പോസ്റ്റിടാനുള്ള പ്ലാറ്റ് ഫോം ഇപ്പോള്‍ തന്നെ വരമൊഴിയായും മൊഴിയായും മറ്റുമുണ്ട്. ഇനി വേണ്ടത് കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ ബ്ലോഗിംഗിലേക്ക് വരുക എന്നതാണ്. അവര്‍ ബ്ലോഗ് തുടങ്ങിയാല്‍ അതറിയാനുള്ള മാര്‍ഗ്ഗവും അഗ്രിഗേറ്ററുകളും ദിനപത്രം പോലുള്ള പരിപാടികളുമായി ഉണ്ട്. ഇനി കാക്കത്തൊള്ളായിരം ആള്‍ക്കാര്‍ ബ്ലോഗണം. അതില്‍നിന്നും വായനക്കാരന്റെ അഭിരുചിക്കനുസരിച്ച് നല്ലതും ചീത്തയും തിരഞ്ഞെടുക്കണം.

പിന്‍‌മൊഴി ഇല്ലെങ്കിലും മലയാളം ബ്ലോഗിന് ഒന്നും സംഭവിക്കുകയില്ല എന്നതിനെക്കാള്‍ പിന്‍‌മൊഴി ഉണ്ടെങ്കിലും ഇല്ലെങ്കിലും മലയാളം ബ്ലോഗിന് ഒന്നും സംഭവിക്കുകയില്ല എന്നതായിരിക്കും ഒന്നുകൂടി നല്ല സ്ലോഗന്‍ എന്ന് തോന്നുന്നു. ആ ഒരു നിലയിലേക്കാണ് മലയാളം ബ്ലോഗ് വരേണ്ടതെന്നാണ് എന്റെ അഭിപ്രായം. ആത്യന്തികമായി മറ്റെല്ലാ ബ്ലോഗുകളും പോലെ മലയാളം ബ്ലോഗിനും വേണ്ടത് പൂര്‍ണ്ണ സ്വാതന്ത്യവും സ്വയം പര്യാപ്തതയുമാണ്. ഒരു പോസ്റ്റുണ്ട് എന്നറിഞ്ഞാല്‍ ആരുടെയും ഒരു സഹായവും കൂടാതെ വായനക്കാര്‍ വന്ന് വായിക്കുന്ന അവസ്ഥ. അവിടെ ഏത് തരം വായനക്കാര്‍ വേണം, ഏത് തരം കമന്റുകള്‍ വേണം എന്നെല്ലാം തീരുമാനിക്കുന്നത് ആ പോസ്റ്റിട്ട ആള്‍ മാത്രമായിരിക്കണം. എല്ലാ തരം ആള്‍ക്കാരും എന്ത് രീതിയിലും അവിടെ വരട്ടെ. അയാള്‍ തീരുമാനിക്കണം ആരെ തള്ളണം, ആരെ കൊള്ളണം, എല്ലാവരും വേണോ, കുറച്ചുപേര്‍ മതിയോ എന്നൊക്കെ. അങ്ങിനെ പയ്യെപ്പയ്യെ അയാള്‍ക്ക് അയാളുടേതായ ഒരു കൂട്ടം വായനക്കാരെ കിട്ടും. അങ്ങിനെയുള്ള ഒരു വളര്‍ച്ചയെയാണ് ഞാന്‍ സ്വാഭാവിക വളര്‍ച്ച എന്നുദ്ദേശിച്ചത്.

എന്തായാലും റിയല്‍ വേള്‍ഡില്‍ സംഭവിക്കുന്നത് പിന്‍‌മൊഴി ഇല്ലെങ്കില്‍ മറുമൊഴി ഉണ്ടാവും എന്നതാണ്. ചില ആശയങ്ങളൊക്കെ ഭസ്‌മാസുരന് വരം കൊടുത്തതുപോലെയാണെന്ന് തോന്നുന്നു :)
------------------------------------------------------------
(ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. പിന്‍‌മൊഴി വേണോ വേണ്ടയോ എന്നതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. മലയാളം ബ്ലോഗിന്റെ (ഐ റിപ്പീറ്റ്, ബ്ലോഗിന്റെ-അതിന് ലോകമെമ്പാടും ഇപ്പോള്‍ കൊടുത്തിട്ടുള്ള അര്‍ത്ഥത്തില്‍) വളര്‍ച്ചയ്ക്ക് പിന്‍‌മൊഴി ഉണ്ടോ ഇല്ലയോ എന്നത് എന്തിന് പ്രശ്‌നമാക്കണം എന്നതാണ്. ഇത് മൊത്തം വായിച്ചിട്ട് ആ ആശയം മാത്രം ആര്‍ക്കും കിട്ടിയിട്ടില്ലെങ്കില്‍ അതിനുത്തരവാദി ഞാനല്ല പരുന്തല്ല തിരകളല്ല, ചെമ്മാനം വാഴണ തുറയരന്‍).
-----------------------------------------------------------

ഇത് മൊത്തം വായിച്ചോ?... ശരിക്കും?... സമ്മതിച്ചു തന്നിരിക്കുന്നു...

(ഇതിന് കമന്റോപ്ഷന്‍ വെക്കണോ വേണ്ടയോ എന്ന് മൊത്തത്തില്‍ കണ്‍ഫ്യൂഷന്‍. താത്വികമായി കമന്റോപ്ഷന്‍ എടുത്ത് കളയാന്‍ ഫിലോമിന ചേച്ചി സമ്മതിച്ചിട്ടും സോഫി ചേച്ചി ഒരു കാരണവശാലും സമ്മതിക്കാത്തതുകാരണം കമന്റോപ്ഷന്‍ എടുത്ത് കളയുന്നില്ല. ഇതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഈ കാര്യങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്ന വേറേ എവിടെയെങ്കിലും പോയി പറഞ്ഞാലോ ഒന്നും പറയാതിരുന്നാലോ എനിക്ക് പെരുത്ത് സന്തോഷം. പക്ഷേ ബ്ലോഗിന്റെ സ്വാതന്ത്യത്തില്‍ പെട്ടതാണ് കമന്റെന്നുമുള്ളതുകൊണ്ട് എല്ലാം വായിക്കുന്നവരുടെ സ്വാതന്ത്യം. ഈശ്വരാ, ഈ കാര്യത്തെപ്പറ്റി ഇതെത്രാ‍മത്തെ പോസ്റ്റാണെന്ന് ഓര്‍ക്കുന്നവരേ മാപ്പ്, മാപ്പ്, മാപ്പ്).

Labels: , , , ,

Link

11 Comments:

At Thursday, June 14, 2007 9:51:00 AM, Blogger സു | Su said...

:)

 
At Thursday, June 14, 2007 10:48:00 AM, Anonymous Anonymous said...

ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് ഉത്തമം: ഓരോ കുപ്പി പിന്മൊഴി രസായനം, ദിവസവും ഒരു മണിക്കൂര്‍ ഇടവിട്ട്!

 
At Thursday, June 14, 2007 1:15:00 PM, Blogger മൂര്‍ത്തി said...

എല്ലാം മനസ്സിലായി... (വക്കാരി മഷ്ടാ എന്നര്‍ത്ഥം)
അതു കൊണ്ട് ചില ചെറിയ സംശയങ്ങള്‍...
1. 1000 ബ്ലോഗുകളായി അതുകൊണ്ട് പിന്‍‌മൊഴിയുടെയോ മറ്റേതെങ്കിലും മൊഴിയുടെയോ ജനനദൌത്യം തീര്‍ന്നു എന്നു തീരുമാനിക്കാന്‍ നമുക്ക് അവകാശമുണ്ടൊ? കേരളത്തിലെ വായിക്കാനറിയാവുന്നവരുടെ എണ്ണം കോടികളിലല്ലേ?
2. പത്രങ്ങളില്‍ പരസ്യം കണ്ടും ഡി.സി.ബുക്സിന്റെ ബ്രോഷര്‍ കണ്ടും പുസ്തകം വാങ്ങുന്നത് സ്വതന്ത്രവായനയാണോ? ഡി.സി.രവിയുടെ കമന്റാണ് ആ പരസ്യവും ബ്രോഷരും എന്ന് പറഞ്ഞാല്‍ തെറ്റുണ്ടൊ?
3. കമറ്റ്നുകണ്ട് പോസ്റ്റിലെത്തുന്നവര്‍ പോസ്റ്റ് വായിക്കാതെ കമന്റ് മാത്രം വായിക്കുന്നവര്‍ എന്ന് പറയുവാന്‍ ആധികാരികമായ തെളിവ് ഉണ്ടോ? (അല്ലെന്നുള്ളതിനു അത്ര വിശ്വസനീയമല്ലാത്ത ഒരു തെളിവുണ്ട്...ഞാന്‍!!)
4. തനിമലയാളം വഴി പോസ്റ്റിലെത്തി, നേരെ കമന്റിലെത്തി, അതില്‍ തോണ്ടാന്‍ പറ്റിയ എന്തെങ്കിലും ഉണ്ടെങ്കില്‍ തോണ്ടി, പോസ്റ്റ് വായിക്കാതെ ഇറങ്ങിപ്പോകുവാന്‍ തടസ്സം എന്തെങ്കിലും ഉണ്ടോ?
5. പല മാസികകളിലും ലേഖനങ്ങളേക്കാള്‍ മികച്ചതും വിജ്ഞാനപ്രദവും വായനക്കാരുടെ കത്തുകള്‍ ആണെന്ന് തോന്നാറുണ്ട്. പല കമന്റുകള്‍ക്കും ഈ ഗുണമില്ലേ?( ഈ കമന്റിനില്ല കേട്ടോ)
6. ശൈശവാവസ്ഥയിലുള്ള(!?) മലയാളം ബ്ലോഗിങ്ങിനു പോസ്റ്റുകള്‍ എത്രയും കൂടുതല്‍ സ്ഥലത്ത് ലിസ്റ്റ് ചെയ്യപ്പെടുന്നത് അത്രയും നല്ലതല്ലേ? തനിമലയാളം രീതിയിലോ, പിന്‍‌മൊഴി രീതിയിലോ, ചിന്ത.കോം രീതിയിലോ, ഇനി പുതീയ എന്തെങ്കിലും രീതി ഉണ്ടെങ്കില്‍ അങ്ങിനെയോ.കൂടുതല്‍ കൂടുതല്‍ സമാനഹൃദയരെ കണ്ടെത്താന്‍ അതു നല്ലതല്ലേ? മാത്രമല്ല സമാന ഹൃദയര്‍ മാത്രം വായിച്ചാല്‍ മതിയോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടത് ആരാണ്? പോസ്റ്റെഴുതുന്ന ആളല്ലേ?

ഇത് ഉത്തരത്തിനുവേണ്ടിയുള്ള ചോദ്യങ്ങളല്ല. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള പ്രചോദനമാകുമെന്ന ഉദ്ദേശവുമില്ല. ഇന്നു വേറെ ജ്വാലി ഇല്ലാത്തതുകൊണ്ടും സമയം കളയാനുള്ളതുകൊണ്ടും ചോദിക്കുന്നു എന്നു മാത്രം..

ഈ ചോദ്യങ്ങള്‍ കണ്ട് ഞാന്‍ പോസ്റ്റ് വായിച്ചിട്ടില്ല എന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.

 
At Thursday, June 14, 2007 1:37:00 PM, Blogger താര said...

വക്കാരീ, പോസ്റ്റിന്റെ ആദ്യോം വായിച്ചു; അവസാനോം വായിച്ചു. അതുകാരണം ബോറടിച്ചില്ല.:D

എന്തു കുന്തമായാലും എനിക്കൊന്നേ പറയാനുള്ളു...പിന്മൊഴി നിര്‍ത്തല്ലേ പ്ലീസ്...

 
At Thursday, June 14, 2007 1:56:00 PM, Blogger സൂര്യോദയം said...

വക്കാരീ... ലാസ്റ്റ്‌ വാര്‍ണിംഗ്‌... :-) സംഭവം ശരിയാണെങ്കിലും ഇത്‌ ഇനിയും പല കുപ്പിയിലാക്കിക്കൊണ്ട്‌ വന്ന് സ്പൂണില്‍ കോരി കുടിപ്പിക്കാന്‍ നോക്കിയാല്‍... പറഞ്ഞേക്കാം.. :-))

 
At Thursday, June 14, 2007 2:16:00 PM, Blogger ചുള്ളന്റെ ലോകം said...

എന്നെ കൊന്നാലും വേണ്ടില്ല ഞാന്‍ ഒരു ഓഫിടും....

പ്രിയമുള്ളവരെ എല്ലാവരും കമന്റ്‌ യുദ്ധം കഴിഞ്ഞെങ്കില്‍ പ്ലീസ്‌ ഒന്നിങ്ങോട്ടു നോക്കണേ. സ്വിറ്റ്‌ സര്‍ലാന്റിലെ ദി ന്യൂ 7 വണ്ടേര്‍സ്‌ സൊസൈറ്റി ജൂലായ്‌ ഏഴിനു പ്രഖ്യാപിക്കാന്‍ പോകുന്ന ഇരുപത്ത്യന്നാം നൂറ്റാണ്ടിലെ 7 ഏഴ്‌ മഹാത്ഭുതങ്ങളില്‍ നമ്മുടെ താജ്‌ മഹല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. താജ്‌ മഹല്‍ ആദ്യ 7 സ്ഥാനങ്ങളില്‍ ഒന്നാകണമെങ്കില്‍ എല്ലാവരുടെയും വോട്ട്‌ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ എല്ലാവരും അവരവര്‍ക്ക്‌ പറ്റുന്നപോലെ വോട്ട്‌ ചെയ്ത്‌ ഇത്‌ ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ചവര്‍ - ചൈനയിലെ വന്മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്‌, കിയൊമിസു ക്ഷേത്രം, ക്രൈസ്റ്റ്‌ റെഡീമര്‍ എന്നിവയാണ്‌ - നിങ്ങളുടെ വിലയേറിയ വോട്ടു രേഖപ്പെടുത്താന്‍ ഇവിടെ പോവുക.
http://www.new7wonders.com/index.php?id=366

 
At Thursday, June 14, 2007 2:44:00 PM, Anonymous anil said...

പിന്മൊഴി നന്നായി

http://www.eyekerala.com

 
At Thursday, June 14, 2007 2:44:00 PM, Blogger അഗ്രജന്‍ said...

വയ്യ വക്കാരി... വയ്യ :)
തഅബാനായി... :)
അറബി വാക്കാണ് ‘ക്ഷീണിച്ചു’ എന്നര്‍ത്ഥം. (അങ്ങനെ തന്നെയല്ലേ അറബി കുരിക്കള്‍ മാരേ)

ഓ.ടോ
പിന്മൊഴി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഓടിനടന്ന് ഓടിനടന്ന് എന്‍റെ ആഴ്ചക്കുറിപ്പ് വരെ (പിന്നേ... അത് വായിക്കാണ്ട് മൃതപ്രായരായി കിടക്കുവല്ലേ ബ്ലോഗര്‍മാര്‍) ഇടാനൊത്തില്ല.

ഇവിടേയും വളരെ നന്നായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു...

നോട്ട്: ഇത് ഒരു പ്രോത്സാഹനമായി കാണരുത് :)

 
At Thursday, June 14, 2007 3:28:00 PM, Blogger സിബു::cibu said...

വക്കാരീ ഞാന്‍ ചോദ്യങ്ങളായി തോന്നിയവയ്ക്ക്‌ മറുപടിയുമായി എന്റെ പോസ്റ്റ് ഒന്നുകൂടി പബ്ലിഷ് ചെയ്തിട്ടുണ്ട്‌.

 
At Thursday, June 14, 2007 7:27:00 PM, Blogger കേരളഫാർമർ/keralafarmer said...

“ഒരു പുതിയ പോസ്റ്റ് വന്നാല്‍ ആ ബ്ലോഗിലെ പഴയ പോസ്റ്റിലേക്ക് പോകുന്ന എത്രപേരുണ്ട്? ഇനി അങ്ങിനെ പോകുന്നവര്‍ പ്രത്യേകം ഉദ്ദേശത്തോടെ ആ ബ്ലോഗ്/പോസ്റ്റിലേക്ക് തന്നെ പോകുന്നവരാണ്. അവരെ കമന്റിന്റെ എക്സസ് വിസിബിലിറ്റിയോ പിന്‍‌മൊഴിയിലെ ഓഫുകളോ ഒന്നും ബാധിക്കുകയേ ഇല്ലല്ലോ.“
ശരിയാണ് വക്കാരി: എന്റെ പഴയ പോസ്റ്റിലേയ്ക്ക്‌ പോയി വായിക്കുന്നവരെ ഞാന്‍ കാണുന്നു. അവര്‍ കമെന്റിടാറില്ല.
“ഈയൊരു കാര്യത്തില്‍ പഴയ പോസ്റ്റുകള്‍ പൊക്കിക്കൊണ്ട് വരുന്നതില്‍ പിന്‍‌മൊഴി ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് വേണമെങ്കില്‍ പറയാം. പിന്മൊഴിയില്‍ ഒരു പഴയ പോസ്റ്റിനു വന്ന കമന്റ് കണ്ട് അവിടെ പോയി പോസ്റ്റ് വായിക്കുന്ന നല്ലൊരു കൂട്ടം ആള്‍ക്കാരില്ലേ (ഞാനുള്‍പ്പടെ)?“
വക്കാരി: ഈ ശല്യം ഒഴിവാക്കുവാന്‍ ഞാന്‍ എന്റെ പോസ്റ്റുകളുടെ ഒരു അഗ്രിഗേറ്റര്‍ ഇട്ടിട്ടുണ്ട്‌.
"എന്റെ അഭിപ്രായത്തില്‍ ഒരു ബ്ലോഗ് പൂര്‍ണ്ണമാകുന്നത് അയാള്‍ ഒരു പോസ്റ്റിട്ടാല്‍ മറ്റുള്ളവര്‍ പറയാതെ തന്നെ വായനക്കാര്‍ അയാളുടെ പോസ്റ്റ് വായിക്കുന്ന ഒരു അവസ്ഥയാണ്."
വക്കാരി: ഞാന്‍ പോസ്റ്റിട്ടേ എന്ന്‌ പണ്ട്‌ പലരോടും പറഞ്ഞ്‌ കുത്തും ഏറ്റിട്ടുണ്ട്‌. ഇപ്പോള്‍ ആ പരിപാടി നിറുത്താനുള്ള ശ്രമത്തിലാണ്.
“സമാനഹൃദയര്‍ക്ക് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പിന്‍മൊഴിയോ മറ്റോ ഒരു തടസ്സമേ ആകുന്നില്ലല്ലോ.“
വക്കാരി: ഇക്കാര്യത്തില്‍ ഒരു ചെറിയ വിയോജിപ്പ്‌. ബ്ലോഗര്‍മാരുടെ എണ്ണം കൂടിയപ്പോള്‍ ഞാന്‍ തെരയുന്നവ അതിനിടയില്‍ കണ്ടെത്തുവാന്‍ കിട്ടുന്ന ചുരുങ്ങിയ സമയം കൊണ്ട്‌ സാധിക്കാതെ വരുന്നു. സമാന മനസ്കര്‍ ഗൂഗിള്‍ റീഡറിലൂടെ ഷെയര്‍ചെയ്താല്‍ അവര്‍ക്ക്‌ പരസ്പരം വേണ്ടപ്പെട്ട പല പോസ്റ്റുകളും ഞൊടിയിടയില്‍ ലഭ്യമാകുന്നു.(ഇതൊരുദാഹരണം മാത്രം. ഞാനിത്‌ പൂര്‍ത്തിയാക്കിയിട്ടില്ല)
വക്കാരി: ബോറടിക്കുന്നോ. നിറുത്തി ഇത്രയും വക്കാരി എഴുതി ഞാന്‍ വായിച്ചിട്ടും ഒന്നും പറഞ്ഞില്ലല്ലോ എന്ന്‌ തോന്നരുത്‌ എന്ത്‌!!!
pinmozhi niRuththaNam enn~ njaan paRayunnilla.

 
At Friday, June 15, 2007 12:01:00 PM, Blogger പ്രിയംവദ said...

"പിന്‍‌മൊഴി മലയാളം ബ്ലോഗിന്റെ വളര്‍ച്ച മുരടിപ്പിക്കും എന്ന് പറയുന്നത് ഇപ്പോഴും എനിക്ക് പൂര്‍ണ്ണമായും മനസ്സിലായിട്ടില്ല"


Variji ,എനിക്കു മനസ്സിലായതു പിന്മൊഴി ഭസ്മാസുരന്‍ ആവുന്നതു എന്നെപോലെ ഊണുമേശപോസ്റ്റ്‌(കടപ്പാടു ദേവരാഗം ) എഴുതുന്നവര്‍ക്കല്ല .. സീരിയസ്‌ ആയി എഴുതുന്നവര്‍ക്കു .
(...സ്വന്തം വായനക്കാരനെ ഉപബോധത്തിലെങ്കിലും അളന്നു തിട്ടപ്പെടുത്തി എഴുതി വരുന്ന ബ്ലോഗെഴുത്തുകാര്‍ ഒട്ടും രസിക്കാത്ത ഒന്നായിരിക്കും ഒരാള്‍ക്കൂട്ടം തന്റെ ബ്ലോഗുകളെ വായിക്കുന്നത്...perigodan)


മുഖ്യധാരയില്‍ സീരിയസ്‌ ആയി എഴുതുന്നവര്‍ക്കു , അവര്‍ അര്‍ഹികുന്ന വായനക്കാരെ കിട്ടുവാന്‍ അതനുസരിച്ചുള്ള പ്രസിദ്ധീകരണങ്ങള്‍ തേടി പോയാല്‍ മതി ..ഇവിടെ വേലികെട്ടുകള്‍ ഇല്ലത്ത വിശാലബൂലൊഗത്തില്‍ മനൊരമ- മാത്രുഭൂമി- കേരള ശബ്ധം -ഫയര്‍ വായികുന്നവരും ഒക്കെ കേറി ഒരു ഭാഷാപോഷിണി കൃതിയ്ക്കു അഭിപ്രായം പറയും ,അതും പോസ്റ്റ്‌ വായിച്ചിട്ടല്ല കമന്റ്‌ മാത്രം വായിച്ചിട്ടു ..അതൊടെ പോസ്റ്റ്‌ പാളം തെറ്റും (ഉദാഹരണത്തിനു പെരിങ്ങോടന്റെ ഖകമെ! യില്‍ ഞാന്‍ കൂടി അഭിപ്രായം പറഞ്ഞു!..വേണ്ടിയിരുന്നില്ല ..last straw on the ..;))

(വായനയേയും എഴുത്തിനേയും ചിന്തയേയും ഗൌരവത്തോടെ കാണുന്നവരും പിന്മൊഴിയെന്ന പൊതുവേദിയെ തങ്ങളുടെ വായനക്കാരിലെത്തുന്നതിനു ഉപയോഗിക്കുന്നത് ‘നിര്‍ദോഷമല്ലാത്ത ഒരു അനാസ്ഥയാണ്’..Perngodan)
അതില്‍ നിന്നു വഴിമാറി നടക്കു ..എന്നാണു perigs ..അതു ശരിയാണു.

ഞാന്‍ പിമൊഴി ഉപയോഗിക്കുന്നതു പോസ്റ്റ്‌ വായിക്കാനല്ല ..വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ വീട്ടില്‍ വന്നാലെ ഒരു മലയാളിയെ കേള്‍ക്കു എന്ന അവസ്ഥയില്‍ നിന്നും മോചിപ്പിച്ചതു പിന്മൊഴിയാണു...നിര്‍ദോഷ ഫലിതങ്ങളും ..വ്യത്യസ്ഥ കാഴ്ച്ചപാടുകളും ആഹ്ലാദിപ്പിക്കുന്നു ..അമ്പരപ്പിക്കുന്നു..ബൂലൊക കലുങ്കിലിരുന്നു കുറച്ചുനേരമെങ്കിലും അതു വീക്ഷിച്ചില്ല എങ്കില്‍ ഇപ്പൊ ഒരു നഷ്ടബോധം ..techinal feasibility യെക്കള്‍ പക്ഷെ ഇങ്ങനൊയൊരു പ്രസ്ഥാനം family friendly ആയി moderate ചെയ്തു കൊണ്ടു നടകുന്നതിനുള്ള effort ചെറുതല്ല..പിന്മൊഴി നിന്നാല്‍ പകരം പല "മൊഴി" വരും ..പക്ഷെ?

വഴി പിരിയല്‍ അനിവാര്യമെങ്കില്‍ ശ്രമികുന്നതില്‍ തെറ്റില്ല...എല്ലാ നല്ല കാര്യങ്ങങ്ങളും ഒരിക്കല്‍ അവസാനിക്കും എന്നൊരു ചൈനീസ്‌ പഴംചൊല്ലുണ്ടു..:(

 

Post a Comment

Links to this post:

Create a Link

<< Home