Saturday, September 01, 2007

ഇത് റാല്‍‌മിനോവിന്റെ പോസ്റ്റിലിട്ടത്

റാല്‍‌മിനോവിന്റെ ബാങ്ക് സന്ദര്‍ശനം എന്ന പോസ്റ്റിലിട്ട എന്റെ ബാങ്കനുഭവങ്ങള്‍ എന്ന ബെസ്റ്റ് സെല്ലറിന്റെ പുനഃപരീക്ഷണം.

---------------------------------------------------------------------

എല്ലാം ആപേക്ഷികം, ഐന്‍‌സ്റ്റൈനിനു സ്തുതി.

രംഗം ഒന്ന്:

ഒരു ന്യൂജെന്‍ ബാങ്കില്‍ പോയി, കൂട്ടുകാരനുമൊത്ത്. ഒരു ഡി.ഡി എടുക്കണം. ചെന്നപ്പോള്‍ സമയം രണ്ട് പത്ത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നില്‍ക്കുന്ന പ്രതീതി-എയറൊക്കെ കണ്ടിഷന്‍ ചെയ്ത്, നല്ല സോഫ്റ്റ് മ്യൂസിക്കൊക്കെ പാടിച്ച്, പതുപതാന്നിരിക്കുന്ന കാര്‍പ്പറ്റും അതിന്റെ ആയിരമിരട്ടി പതുപതാന്നുള്ള കസേരകളും...

“ഒരു ഡിഡി വേണമായിരുന്നല്ലോ”

“ഒരഞ്ചു മിനിറ്റു വെയ്റ്റ് ചെയ്യാമോ സാര്‍. ആളിപ്പോള്‍ വരും”

“ഓ ശരി”

അഞ്ച്...പത്ത്...പതിനഞ്ച്...

“ഹലോ” ഒരു ഡി.ഡി വേണമായിരുന്നല്ലോ, പതിനഞ്ച് മിനിറ്റായി വെയിറ്റു ചെയ്യുന്നു...”

“ആളിപ്പോള്‍ വരും സാര്‍...ഒന്ന് വെയിറ്റു ചെയ്യണേ...”

..ഇരുപത് (മിനിറ്റ്)...

മാനേജരുടെ മുറിയില്‍ കയറി.

“സാര്‍, ഞങ്ങള്‍ കഴിഞ്ഞ ഇരുപത് മിനിറ്റായി വെയിറ്റു ചെയ്യുന്നു. ആളില്ലെങ്കില്‍ നിങ്ങള്‍ക്ക് കാര്യം പറഞ്ഞാല്‍ പോരേ, ഞങ്ങള്‍ വേറേ ഏതെങ്കിലും ബാങ്കില്‍ പോയി കാര്യം സാധിക്കില്ലേ”

മാനേജര്‍ ഉടനെ വിളിച്ച് ചോദിക്കുന്നു-

“എന്താണ് പ്രശ്‌നം?... എന്താണ് കൌണ്ടറില്‍ ആളില്ലാത്തത്?... ഇവര്‍ ഇരുപത് മിനിറ്റായി വെയിറ്റു ചെയ്യുകയാണെന്ന് പറയുന്നു...”

“സാര്‍, ഡിഡി മാഡം ചോറുണ്ണാന്‍ പോയിരിക്കുകയാണ്. ഇരുപത് മിനിറ്റൊന്നുമായിട്ടില്ല, പതിനഞ്ച് മിനിറ്റേ ആയിട്ടുള്ളൂ ഇവര്‍ വെയിറ്റ് ചെയ്യാന്‍ തുടങ്ങിയിട്ട്, മാഡം ഇപ്പം വരും”

“കണ്ടോ ഇരുപത് മിനിറ്റൊന്നുമായിട്ടില്ല, പതിനഞ്ച് മിനിറ്റല്ലേ ആയിട്ടുള്ളൂ?... ഇപ്പോള്‍ വരും, ഒന്ന് വെയിറ്റു ചെയ്യ് കേട്ടോ” മാനേജര്‍

മാനേജര്‍ സാറിന്റെ ക്യാബിനു വെളിയിലെത്തിയപ്പോള്‍ വേറൊരു സാര്‍ വിളിച്ചു-അദ്ദേഹം ഇപ്പം ഡിഡി തരുമെന്നോര്‍ത്ത് ഓടിച്ചെന്നു.

“എന്താ പ്രശ്‌നം?”

“ഞങ്ങള്‍ ഡിഡിക്കായി... ഇരുപത് മിനിറ്റായി...ഇപ്പോള്‍ വരുമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ല”

“സീ, വീയാര്‍ ഓള്‍സോ ഹ്യൂമന്‍ ബീയിംഗ്‌സ്...ഷി ഹാഡ് ഗോണ്‍ ഫോര്‍ ലഞ്ച്... യു ഷുഡ് അണ്ടര്‍‌സ്റ്റാന്‍ഡ് ദാറ്റ്....”

(ങാഹാ, ഇത് പറയാനായിരുന്നോ ഇത്ര കാര്യമായി വിളിച്ചത്)

അത്യാവശ്യമുള്ള ഡിഡി അത്യാവശ്യമായി എടുത്ത് മൂന്നുമണിക്ക് മുന്‍‌പ് അത്യാവശ്യ സ്ഥലത്തെത്തിച്ചിട്ട് ഊണുകഴിക്കാനായാണ് ഞങ്ങള്‍ ആ ന്യൂജെന്‍ ബാങ്കില്‍ ചെന്നത്. ആ ഡിഡി അത്യാവശ്യ സ്ഥലത്ത് മൂന്നുമണിക്ക് മുന്‍പ് എത്തിച്ചില്ലെങ്കില്‍ അവിടുത്തെ അത്യാവശ്യക്കാരന് ഭക്ഷണവും കിട്ടില്ല, താമസവും കിട്ടില്ല. ഒരു ഹോസ്റ്റലിലേക്ക് വേണ്ട ഡിഡീയായിരുന്നു.

ആ ഡിഡി മാഡം ഉണ്ണാന്‍ പോയതോ ഉച്ചയ്ക്ക് അരയോ ഒന്നോ മണിക്കൂര്‍ ബ്രേക്കെടുക്കുന്നതോ ഒന്നുമല്ല പ്രശ്‌നം-ഉള്ള കാര്യം ഉള്ളപോലെ പറഞ്ഞിരുന്നെങ്കില്‍ ഇരിക്കണോ പോകണോ എന്ന് നമുക്ക് തീരുമാനിക്കാമല്ലോ. പക്ഷേ അതിനുപകരം ഇപ്പ ശരിയാക്കിത്തരാം എന്ന പപ്പു സ്റ്റൈലില്‍ അവിടെ പിടിച്ചിരുത്തി.

ഇറങ്ങി തൊട്ടപ്പുറത്തെ ഓള്‍ഡ് ജെന്‍ ബാങ്കില്‍ ചെന്നു.

“ഡിഡി വേണമല്ലോ”

“ദേ ഈ ഫോം ഒന്ന് പൂരിപ്പിച്ചോ കേട്ടോ”

രണ്ട്-മൂന്ന് മിനിറ്റുകൊണ്ട് ഫോം പൂരിപ്പിച്ചു കൊടുത്തു, കാശും കൊടുത്തു.

അഞ്ച് മിനിറ്റിനകം ഡിഡി റെഡി - മൊത്തം ആ ബാങ്കിലെ കയറ്റിറക്ക് സമയമുള്‍പ്പടെ ചിലവായത് മിനിറ്റ് പത്ത് മാത്രം.

പോകുന്നവഴിക്ക് ന്യൂജെന്‍ ബാങ്കില്‍ ഒന്നുകൂടി നോക്കി.

ഡിഡികൌണ്ടര്‍ അപ്പോഴും ഏക് ഏക് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ്.

രംഗം രണ്ട്:

പട്ടണത്തിലെ ഒരു ന്യൂജെന്‍ ബാങ്കില്‍ ചെന്നു. എന്തോ അവിടുത്തെ അടിപൊളി സ്റ്റൈലിനേക്കാളും മനസ്സിനു പിടിച്ചത് നാട്ടിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് തിരുവിതാങ്കൂര്‍ തന്നെ. നാട്ടുകാരനായതുകൊണ്ടാണോ എന്നറിയില്ല, പക്ഷേ നല്ല പ്രൊഫഷണലിസം കണ്ടു അവരുടെ പെരുമാറ്റത്തിലും കാര്യങ്ങളിലും. ന്യൂജെന്‍ ബാങ്കില്‍ ഒരുമാതിരി പിള്ളേര്‍ കളി സ്റ്റൈലും. (ആരെപ്പറ്റി ഞാന്‍ നല്ല അഭിപ്രായം പറഞ്ഞാലും സെക്കന്റുകള്‍ക്കോ മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ അകം അത് നേരേ തിരിച്ച് പറയേണ്ടി വരും എന്നത് പലപ്പോഴും എനിക്ക് പറ്റിയിട്ടുള്ളതാണ്. സ്റ്റേറ്റ് ബങ്കര്‍ ഓഫ് തിരുവതാങ്കൂറുകാരാ, ഇപ്രാവശ്യമെങ്കിലും അങ്ങിനെ പറ്റാന്‍ ഇടവരുത്തരുതേ).

രംഗം മൂന്ന്

അന്താരാഷ്ട്ര സ്ഥലത്തെ അന്താരാഷ്ട്ര ബാങ്ക്. എല്ലാം ആംഗലേയമയം. ടൈ, കോട്ട്, ഷൂ ഇതൊക്കെ സാധാരണ വേഷങ്ങള്‍ മാത്രം

“മേയ് ജൂണ്‍ ഐ ഹെല്‍‌പ് യൂ സാര്‍”

“ഓ..യാ...യേ... ഐ ഹാവ് ചേഞ്ച്ട് മൈ അപാര്‍ട്ട്‌മെന്റ്. ഐ നീഡ് റ്റു ചേയ്ഞ്ച് മൈ അഡ്രസ്സ്“.

“ഇപ്പ ശരിയാക്കിത്തരാം സാര്‍, ദോ ഈ ഫോമൊന്ന് പൂരിപ്പിച്ചോ”

പൂരിപ്പിച്ചു.

“എല്ലാം ഓക്കേ സാര്‍. അഡ്രസ്സ് എപ്പം മാറ്റിയെന്ന് ചോദിച്ചാല്‍ മതി”

ഒരു ദിവസം, രണ്ട് ദിവസം, ഒരു മാസം...രണ്ട് മാസം.

പ്രതീക്ഷിച്ചത് പോലെ ബാങ്കില്‍ നിന്ന് കടലാസുകളൊന്നും വരുന്നില്ല (എല്ലാം വെറും സ്റ്റേറ്റ്‌മെന്റുകള്‍ മാത്രം. അതുകൊണ്ട് വന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല...എന്നാലും ഒന്നും വരുന്നില്ലല്ലോ എന്നൊരു ഇത്...).

രണ്ട് മാസം കഴിഞ്ഞ് ഒന്നുകൂടി ബാങ്കില്‍ പോയി.

“ഹൌ ക്യാന്‍ ഐ ഹെല്പ് യൂ സാര്‍?”

“അതേയ് രണ്ട് മാസം മുന്‍പ് എന്റെ വിലാസം മാറ്റണമെന്ന് പറഞ്ഞ് ഒരു ഫോമൊക്കെ പൂരിപ്പിച്ച് കൊടുത്തിരുന്നു...”

“വണ്‍ മിനിറ്റ് സാര്‍”

“അതേയ്...സാറേ, എന്തോ എന്തിനോ എന്തൊക്കെയോ പ്രശ്നങ്ങള്‍ കാരണം സംഗതി ഇപ്പോഴും പഴയ വിലാസം തന്നെ. എന്താ പറ്റിയതെന്നറിയാന്‍ വയ്യ. ഒന്നുകൂടി ഈ ഫോമൊന്ന് പൂരിപ്പിക്കാമോ? മാപ്പുണ്ട് കേട്ടോ”

പൂരിപ്പിച്ചു-എന്തായാലും ഇപ്രാവശ്യം സംഗതി ശരിയായി.

രംഗം നാല്

അതേ അന്താരാഷ്ട്ര സ്ഥലത്തെ അതേ അന്താരാഷ്‌ട്ര ബാങ്ക്.

“മേയ് ജൂണ്‍ ജൂലൈ ഐ ഹെല്പ് യൂ സാറേ സാറേ സാമ്പാറേ”

“എനിക്കിപ്പോള്‍ ചെക്ക് കാര്‍‌ഡാണ് ഉള്ളത്. ഒരു ഡെബിറ്റ് കാര്‍ഡ് വേണമായിരുന്നു”

“അതിനെന്താ ഈ ഫോമൊന്ന് പൂരിപ്പിച്ചുകൊള്ളൂ കേട്ടോ-രണ്ടാഴ്ചയ്ക്കകം വിവരമറിയും”

പൂരിപ്പിച്ചു.

ഒരാഴ്‌ച, രണ്ടാഴ്‌ച, മൂന്നാഴ്‌ച...

“ഹൌ ക്യാന്‍ ഐ ഹെല്പ് യൂ സാറേ സാറേ സാമ്പാറേ”

“അതേ, ഞാന്‍ ഒരു മൂന്നാഴ്ച മുന്‍പ് ഒരു ഡെബിറ്റ് കാര്‍ഡിന് അപേക്ഷിച്ചിരുന്നു. ഇതുവരെ ഒരനക്കവുമില്ല. സംഗതി ഇപ്പോള്‍ ആഴ്ച മൂന്നായി. നിങ്ങള്‍ രണ്ടെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്”

“വണ്‍ മൊമന്റോ സാര്‍”

“അതേയ്...സാറേ, എന്തോ എന്തിനോ എന്തൊക്കെയോ പ്രശ്നങ്ങള്‍ കാരണം ആ അപേക്ഷ ഇവിടെനിന്ന് പോയില്ല. സാര്‍ ഈ ഫോമില്‍ ഒരൊപ്പിട്ടാല്‍ മതി, ബാക്കിയൊക്കെ ഓക്കേ, പിണ്ണാക്ക്”

“അല്ല ഇതെന്താ നിങ്ങളുടെ ബാങ്കില്‍ എന്ത് കുന്തത്തിനും രണ്ട് പ്രാവശ്യം വരണമെന്നോ മറ്റോ ആണോ?”

“സാര്‍, വീയാര്‍ വെരിവെരി സോറി. വാട്ടൈ ക്യാന്‍ ഡൂ ഈസ്... അപോളജൈസ് റ്റു യൂ. അന്ന് ആരുടെയടുത്താണ് ഫോം പൂരിപ്പിച്ച് കൊടുത്തതെന്ന് വല്ല ഓര്‍മ്മയുമുണ്ടെങ്കില്‍ ഞാന്‍ അവരോട് ചോദിക്കാം. അവരും വന്ന് പറയും മാപ്പ്. വേണമെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും കോറസ്സായി ഒന്നുകൂടി മാപ്പാം. അല്ലാതിപ്പോള്‍ എന്തോന്ന് ചെയ്യാന്‍...?”

“ഒന്നും വേണ്ടേ, ഒപ്പെവിടെ ഒപ്പെവിടെ ഒപ്പെവിടെ മക്കളേ ഇടേണ്ടത്?”

ഒപ്പിട്ട് കൊടുത്തിട്ടുണ്ട് ഇന്നലെ. ഇപ്രാവശ്യം വിതിന്‍ വണ്‍ വീക്കില്‍ തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരിക്കുന്നത്.

രംഗം അഞ്ച്

നാട്ടിലെ ഓള്‍ഡ് ജെന്‍ ബാങ്ക്. ഒരക്കൌണ്ടില്‍ നിന്ന് വേറൊരക്കൊണ്ടിലേക്ക് ഓണ്‍ലൈന്‍ പൈസാ മാറ്റപ്പരുപാടിയില്‍ കണ്‍‌ഫ്യൂഷന്‍. ഈമെയിലയച്ചു. നല്ല ഒന്നാന്തരമായി അവര്‍ സംഗതി കൈകാര്യം ചെയ്തു. മൂന്ന് ദിവസം കൊണ്ട് പ്രശ്‌നമെല്ലാം തീര്‍ന്നു.

അതുകൊണ്ട് എന്റെ അനുഭവത്തില്‍ ഇതെല്ലാം വെറും ആപേക്ഷികം. പിന്നെ ന്യൂജെന്‍ ബാങ്കില്‍ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഓരോ ചിരിക്കും അവര്‍ പൈസയും ഈടാക്കും നമ്മുടെയടുത്തുനിന്ന്. ഓള്‍ഡ് ജെന്‍ ബാങ്കില്‍ അത്രയ്ക്ക് കഴുത്തറപ്പില്ല എന്ന് തോന്നുന്നു (ഉറപ്പില്ല).ബംഗാള്‍വള്ളൂരില്‍ ഏതോ രണ്ട് കൊല്ലങ്ങള്‍ അടുപ്പിച്ച് ബെസ്റ്റ് ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു സ്റ്റേറ്റ് ബാങ്കായിരുന്നു എന്നും എന്റെ സുഹൃത്ത് പറഞ്ഞു.

Labels: , , ,

Link

5 Comments:

At Saturday, September 01, 2007 1:58:00 pm, Blogger മൂര്‍ത്തി said...

:)ഈ ന്യൂജെന്‍ അനുഭവത്തിന്റെ ന്യൂ ജനനം കാരണം
ഒരു രസികന്‍ സാധനം വായിക്കാന്‍ പറ്റി.

പണ്ടാരാണ്ടോ പറഞ്ഞതുപോലെ..

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല.

ഈയടുത്ത് ഞാന്‍ ഒരു ഓള്‍ഡ്ജെന്നില്‍ ചെന്നു. കോര്‍ ബാങ്കിങ്ങ് സൊലൂഷനൊക്കെ വന്നശേഷമുള്ള ഓള്‍ഡ്ജെന്‍. ഒരാള്‍ മാനേജരോട് വഴക്കുണ്ടാക്കുകയായിരുന്നു. ഏതോ കാര്യത്തിനു പൈസ അടക്കാനാണെന്നും റ്റോക്കണ്‍ എടുത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട് 30 മിനിറ്റായെന്നും. പണ്ട് ടെല്ലര്‍ സംവിധാനം ഉണ്ടായിരു‍ന്നപ്പോള്‍ 5 മിനിറ്റില്‍ തീര്‍ന്നിരുന്ന ജോലിയായിരുന്നെന്നും.

മാനേജരും സമ്മതിച്ചു.

" The teller system was excellent. കൌണ്ടറിലിരിക്കുന്ന സ്റ്റാഫിന് 90% കസ്റ്റമേഴ്സിനേയും നല്ല പരിചയം ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ പരിശോധന തീരുമായിരുന്നു. ഇപ്പോഴത്തെ ഏറ്റവും വലിയ കുഴപ്പം ഈ അടുപ്പം ഇല്ലാതായതാണ്”

എന്നൊക്കെ.

ഈ പുതിയ സംവിധാനങ്ങള്‍ വഴി ഇടപാടുകാരനു സമയ നഷ്ടം വന്നാലും മുകളില്‍നിന്ന് ചോദ്യം വരില്ല എന്നാണ് മാനേജരുടെ മുഖഭാവത്തില്‍ നിന്നും മറ്റും തോന്നിയത്. technological upgradationന്റെ inevitable ആയ consequences നെക്കുറിച്ച് മാനേജര്‍ വാചാലനായി.

സംഭവം മോശമാണെന്ന് മാനേജര്‍ തന്നെ സമ്മതിച്ചപ്പോള്‍ ഇടപാട്കാരന്‍ അന്തം വിട്ടു.

ഇനി എന്ത് തര്‍ക്കിക്കാന്‍...പുള്ളി ഒരു ഗ്ലാസ് വെള്ളവും കുടിച്ച് അങ്ങനെ ഇരുന്നു..

 
At Saturday, September 01, 2007 3:47:00 pm, Blogger Satheesh said...

ഒരു കാരണവശാലും കസ്റ്റമ‌ര്‍ ബാങ്കില്‍ വന്നുകൂടാ എന്നതാണ്‍ ന്യൂജെന്‍ ബാങ്കിന്റെ ആവശ്യം. കസ്റ്റമറ് വിസിറ്റിന്റെ എണ്ണം കൂടുന്തോറും ആ ബ്രാഞ്ചിലെ ജീവനക്കാരുടെ ബോണസ് കുറയുന്നു എന്നതാണ്‍ കണക്ക്! ഇന്ത്യയിലെ (ഒരു)ന്യൂജെന്‍ ബാങ്കില്‍ ഒരു കസ്റ്റമര്‍ വിസിറ്റുണ്ടാവുമ്പോള്‍ ബാങ്കിന്‍ വരുന്ന ചിലവ് 53രൂപ ആണെന്നാണ്‍ വെപ്പ്. അതേ സമയം ചെയ്യാനുദ്ദേശിച്ച കാര്യം ഫോണ്‍ വഴിയോ ഇന്റര്‍നെറ്റ് വഴിയോ ചെയ്താല്‍ ചിലവ് നൂറിലൊന്ന് മാത്രം (67 പൈസ)! പിന്നെ എന്തിനാ ഇത്രേം ചിലവാക്കി ബ്രാഞ്ച് തുറന്ന് വെക്കുന്നത് എന്ന് ചോദിച്ചാല്‍ ‘ഇങ്ങിനെ ഒന്നുള്ള കാര്യം നാലാള്‍ അറിയണം, പിന്നെ വഴിയെ പോകുന്നവനെ പിടിച്ച് ആദ്യം ഇതിനകത്തോട്ട് ചേര്‍ക്കണം’ അത്രതന്നെ!
വക്കാരീ, ഡിഡി വാങ്ങാന്‍ പോകുന്നതിന്‍ പകരം ഒരു ലോണ്‍ വാങ്ങാനാണ്‍ പോയത് എന്ന് കരുതൂ. ന്യൂജെന്‍ കാര്‍ താങ്കളെ ചോറും ചായയും വാങ്ങിത്തന്ന് നിലത്ത് നിര്‍ത്താതെ കൊണ്ടു നടന്നേനെ!

 
At Saturday, September 01, 2007 4:53:00 pm, Blogger മൂര്‍ത്തി said...

വക്കാരീ, ഈ ലിങ്ക് കൂടി നോക്കൂ..

A senior IPS officer has realised to his utter shock that he has been taken for a ride by a new generation bank.

 
At Tuesday, September 04, 2007 7:53:00 pm, Blogger ദീപു : sandeep said...

വക്കാരിയണ്ണാ... ഇപ്പൊ ചില ന്യൂ ജെന്‍ ബാങ്കുകളില്‍ അക്കൌണ്ട് ഉണ്ടെങ്കില്‍ ഡി.ഡി ഓണ്‍ലൈന്‍ അപ്ലൈ ചെയ്യാം. ഇതു വളരെ നല്ല ഒരു സഹായമായിട്ടാണ് എനിയ്ക്കിതുവരെ തോന്നിയിട്ടുള്ളത്‌/അനുഭവം.

 
At Sunday, October 21, 2007 12:15:00 am, Blogger Faisal Mohammed said...

അണ്ണാ പറഞ്ഞത് കറക്ടാ, മൊത്തം ഒരു പിള്ളാരു കളിയാ ഈ ന്യൂ ജെന്‍ ബേങ്കില്‍, ജാഡയില്‍ ഫുള്ളും ഗുണത്തില്‍ നില്ലും, (ഇത് മൂന്ന് കൊല്ലം മുമ്പുള്ള അനുഭവമാണെ ), എന്റെ എക്കൌണ്ട് S.B.T - യിലാ, മുഖസ്തുതി പറേണന്ന് വിചാരിക്കരുത്, അവര്‍ക്ക് നല്ല അഹങ്കാരാ, “ഇതെന്നാ സാറെ, പഴയ പോലീസമ്മാരെ പോലെ“ യെന്ന് ഈ വിനീതനായ എനിക്കു പോലും ചോദിക്കേണ്ടി വന്നിട്ടുണ്ട്, ഓണ്‍ ലൈന്‍ ട്രാന്‍സാക്ഷന്‍ തുടങ്ങിയതോടെ അവരുടെ ദുര്‍മുഖത്തുനിന്നു ഞാന്‍ രക്ഷപെട്ടു, അതിനു പാങ്ങില്ലാത്തവരുടെ കാര്യം, അവരെ ദൈവം രക്ഷിക്കട്ടെ , അല്ലേ !

 

Post a Comment

<< Home