റബ്ബര്‍ ടെക്‍നോളജി മലയാള സിനിമയില്‍
വലിച്ചാല്‍ വലിയ്ക്കുന്നത്രയും നീളുകയും വിട്ടാല്‍ പൂര്‍വ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യുന്നത് റബ്ബര്‍ മാത്രമല്ല എന്ന് ഇന്നലെ മനസ്സിലായി-ബിഗ് ബി എന്ന മലയാളം സിനിമയിലെ പല സീനുകളും കണ്ടപ്പോള്‍ ഒരു റബ്ബര്‍ ബാന്‍ഡ് എടുത്ത് വലിക്കുന്ന പ്രതീതി തോന്നിപ്പോയി (ബിഗ് ബി പങ്കകള്‍ ക്ഷമിക്കുക-സത്യമായിട്ടും തോന്നിയതാണ്).
സിനിമയുടെ തുടക്കത്തില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന സീന്‍ തന്നെ നല്ല ഒന്നാന്തരം റബ്ബര്‍ ടെക്‍നോളജി. രണ്ട് മണിക്കൂര്‍ ഇരുപത്തെട്ട് മിനിറ്റുള്ള ചിത്രത്തില്‍ മമ്മൂട്ടിയുടെ ജീപ്പ് പ്രത്യക്ഷപ്പെടുന്നത് 14:05-ആം മിനിറ്റില്‍. മമ്മൂട്ടിയെ പരിചയപ്പെടുത്തി തീരുന്നത് 20:00-ആം മിനിറ്റില്‍. മൊത്തം സിനിമയുടെ ദൈര്‍ഘ്യത്തിന്റെ അഞ്ച് ശതമാനത്തോളം നായകാവതരണത്തിനായി എടുക്കുക എന്നതൊക്കെയായിരിക്കും മോഡേണ്‍ ഫിലിം ടെക്‍നോളജി തിയറി എന്ന് കരുതി കണ്ടിരുന്നു.
ഹരീയുടെ നിരൂപണത്തില്‍ സഹ്യന്‍ പറഞ്ഞതുപോലെ മമ്മൂട്ടി ഒരു മസില്‍മൂട്ടി ആയോ എന്ന് പലയിടത്തും എനിക്ക് തോന്നിപ്പോയി (സഹ്യന്റെ കമന്റ് ദോ ഈ പോസ്റ്റ് എഴുതാന്‍ നേരത്ത് ഹരീ ഇതിന്റെ നിരൂപണമെഴുതിയിട്ടുണ്ടല്ലോ എന്നോര്‍ത്ത് അത് റഫര്‍ ചെയ്ത സമയത്താണേ ഞാന്‍ ആദ്യമായി കണ്ടത്. മുന്നില്‍ വിധിച്ചതല്ല എന്ന് സാരം). ഉദാഹരണം പടത്തില്‍ മണിയന്‍ പിള്ള രാജു ആന്‍ഡ് മകള്‍ അവരുടെ വീട്ടില്‍ ആദ്യമായി വരുന്ന സീനിലെ മൊത്തം മമ്മൂട്ടികള്‍.
അങ്ങിനെ പടമൊക്കെ കണ്ട് കണ്ട് വന്നപ്പോഴാണ് മമ്മൂട്ടിയുടെ ഭൂതകാലവും കണ്ടത്. ഉള്ളത് പറഞ്ഞാല്‍ മമ്മൂട്ടി ഒരു വക്കീലായിക്കോ, ഡോക്ടറായിക്കോ, ചതിക്കാത്തതോ ചതിക്കുന്നതോ ആയ ചന്തുവായിക്കോ, പൊന്തന്മാട/വിധേയന്‍/അംബേദ്‌കര്‍ ആരുമായിക്കോ, പക്ഷേ ഒരു ബോഡിഗാര്‍ഡാവേണ്ടഎന്നതാണ് എന്റെ വിനീത് ബാലകൃഷ്ണന്‍ വിനീത് ശ്രീനിവാസന്‍ അഭിപ്രായം. എന്തോ ഒരു ചേര്‍ച്ചയും തോന്നിയില്ല, മമ്മൂട്ടിയും ആ റോളും തമ്മില്‍. ആ സീന്‍ കണ്ടപ്പോള്‍ മമ്മൂട്ടിയ്ക്ക് വയസ്സായി എന്ന സത്യവും ആദ്യമായി ഞാന്‍ മനസ്സിലാക്കി. ആ സീനില്‍ എന്നെ അതിഭീകരമായി അലട്ടിയ ഒരു പ്രശ്‌നമുണ്ടായിരുന്നു. എതിരാളിയുടെ ബോഡിഗാര്‍ഡുകള്‍ മമ്മൂട്ടിയെ കൂലം കക്ഷമായി പരിശോധിച്ച് അദ്ദേഹം നിരായുധനായി എന്ന് ഉറപ്പുവരുത്തിയ സീനില്‍, എതിരാളി മമ്മൂട്ടിയുടെ ബോസിനെ വെടിവെക്കാന്‍ തോക്കെടുത്തപ്പോള്‍ മമ്മൂട്ടി എങ്ങിനെ തോക്കൊപ്പിച്ചു എന്നത്. ആദ്യം ദേഹമാസ് കല്‍ പരിശോധിച്ചവന്മാര്‍ ഇത്രയ്ക്ക് മണ്ടന്മാരായിരുന്നോ എന്നുമോര്‍ത്തു. പക്ഷേ പടം പീസുപീസായി കണ്ട് കണ്ട് വന്നപ്പോള്‍ ആ ടെക്‍നോളജി പിടികിട്ടി.
ഇതു കണ്ടോ മമ്മൂട്ടിയുടെ തോക്കിറങ്ങി വരുന്നത്...

ആ സീനൊക്കെ കണ്ട് കണ്ട് വന്നപ്പോഴാണ് റബ്ബര്‍ ടെക്‍നോളജി സീനുകള്‍ തുടങ്ങിയത്. മമ്മൂട്ടിയും അനുജന്മാരും ഒരു ജീപ്പില്‍. വില്ലന്മാര്‍ വേറൊരു ജീപ്പില്‍. നമ്മള്‍ ഇങ്ങിനെ ഒരു വേവ്‌ലെങ്‌തില്‍ (തിരഞ്ഞെടുക്കാത്ത വളിപ്പുകളിലെ വേവ്‌ലെങ്‌തല്ല, പിന്നെന്താണെന്ന് ചോദിച്ചാല്‍ അതൊട്ടറിയാനും വയ്യ) ആ സ്പീഡിനനുസരിച്ച് നമ്മുടെ കണ്ണുകളെയും തലച്ചോറിനെയും (ഉണ്ടെന്ന്...) അഡ്‌ജസ്റ്റ് ചെയ്ത് വരുമ്പോളതാ സീന്‍ മൊത്തം വലിയുന്നു-ഒരു റബ്ബര്‍ ബാന്‍ഡ് വലിച്ച് നീട്ടിയതുപോലെ. നല്ല സ്പീഡില്‍ പോയ സാധനം പെട്ടെന്ന് സ്ലോമോഷന്‍. ഒരു സെക്കന്റ് കഴിഞ്ഞപ്പോള്‍ ക്വിക്ക് മോഷന്‍. പിന്നെ ലൂസ് മോഷന്‍. അങ്ങിനെ മോഷനുകളെല്ലാം ഇടകലര്‍ന്ന് വന്നൊരു കളി. റബ്ബറിനെ ഓര്‍മ്മ വന്നു. അത് ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമായിരുന്നെങ്കില്‍ രസകരമായിരുന്നു. പക്ഷെ സംവിധായകനും എഡിറ്റര്‍ക്കുമെല്ലാം ശരിക്കത് ബോധിച്ചെന്ന് തോന്നുന്നു. എല്ലാ മോഷനുകളുമുണ്ടായിരുന്നതുകൊണ്ട് ടോട്ടല്‍ ഫിലിം ഈസ് എ കോണ്‍സ്റ്റന്റ് ആയതുകാരണം നിര്‍മ്മാതാവും ഹാപ്പിയായിരുന്നിരിക്കണം. മേട്രിക്സ് മാടിക്സ് പടങ്ങളിലൊക്കെ അങ്ങിനത്തെ സീനുകളുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് ആദ്യമായി കണ്ടത് ഇവിടെയാണ്. എന്തായാലും ബിഗ്‌ബി പടത്തിലും അത് കാണാന്‍ പറ്റി-ഇഷ്ടം പോലെയും ഇഷ്ടം കഴിഞ്ഞും. ഇഷ്ടമാണ്....പക്ഷേ ഇത്രയും വേണായിരുന്നോ എന്നൊരു സംശയം.
മൊത്തത്തില്‍ ബിഗ്‌ബി എങ്ങിനെയുണ്ട് എന്ന് ചോദിച്ചാല്‍ ഒറ്റയിരുപ്പിന് പടം മുഴുവന്‍ കണ്ടുതീര്‍ത്തു. ബോറങ്ങിനെ അടിച്ചില്ല. ഒരു ബോളിത്തടിയും ഒരു ഹോളിത്തടിയും ഒരു മലയാളത്തടിയും ത്രീന്‍-ഇന്‍-ഒണ്‍ കണ്ടപോലെ എന്ന് പറഞ്ഞാല്‍ സംഭവം ചില ഹോളിവുഡ് പടങ്ങളുടെയൊക്കെ നിലവാരത്തിലെത്തിയെന്നോ ചില ബോളിവുഡ് പടങ്ങളെപ്പോലെ തറയായി എന്നോ അല്ല, ചില സെറ്റുകളും ലൈറ്റുകളും അതുമിതുമൊക്കെ ചില സമയങ്ങളില്‍ അങ്ങിനെ തോന്നിപ്പിച്ചു എന്ന് മാത്രം. കേട്ടപ്രകാരം അമല്‍ നീരദ് എന്ന സംവിധായകന്‍ ഏതോ ഒരു ഇംഗ്ലീഷ് പടം കോപ്പി ചെയ്ത് വെച്ചിരിക്കുകയാണെന്നുമാണ്. ഇനി കോപ്പിയാണോ പ്രചോദനമാണോ പ്രചോദനം കൊണ്ടുള്ള കോപ്പിയാണോ എന്നറിയില്ല-ഞാന്‍ ആ ഇംഗ്ലീഷ് പടവും കണ്ടിട്ടില്ല. അങ്ങിനെയാണെങ്കില്‍ പിന്നെ എന്ത് പറയാന്‍. എന്തായാലും ഒരു സിനിമ സംവിധാനം ചെയ്യാനുള്ള കഴിവൊക്കെ ദേഹത്തിനുണ്ട് എന്ന് മനസ്സിലായി. ഹരിയുടെ പോസ്റ്റില്‍ സഹ്യന്‍ പറഞ്ഞതുപോലെ ഇനി അദ്ദേഹം കോപ്പിയൊന്നുമല്ലാത്ത ഒരു സ്വതന്ത്ര സ്വാശ്രയ പടം സംവിധാനം ചെയ്യട്ടെ-നമുക്ക് വിലയിട്ടിരുത്താം അദ്ദേഹത്തെ. ഒരു ഡോക്യുമെന്ററിയോ അതുപോലെന്തൊക്കെയോ പോലുള്ള ഒരു ചിത്രം കണ്ട പ്രതീതിയാണ് എനിക്ക് ബിഗ് ബി കണ്ടപ്പോള്‍ തോന്നിയത്. ബോറടിച്ചില്ല എന്നത് സത്യം.
അഭിനേതാക്കളുടെ കാര്യം പറഞ്ഞാല്‍ എനിക്ക് പട്ടിക്കുട്ടികളെയും കൈയ്യില്‍ വെച്ച് കളിക്കുന്ന ദേഹത്തെയും കറന്റ് പോയാല്‍ വീട്ടില്‍ കൂട്ടയിടി നടക്കുമെന്ന് പറയപ്പെട്ട ദേഹത്തെയും മമ്മൂട്ടിയുടെ അനുജനെ കൊല്ലുന്നതിനുമുന്‍പ് വഴിതെറ്റിക്കാന്‍ ബൈക്കില്‍ പ്രലോഭിപ്പിച്ചുകൊണ്ടുപോയ ദേഹത്തെയും പോലീസ് കമ്മീഷണറെയും നന്നായി ഇഷ്ടപ്പെട്ടു. മനോജ് കെ. ജയന്റെ അഭിനയവും ഇഷ്ടപ്പെട്ടു. അത് കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ. അദ്ദേഹത്തിന് അഭിനയിക്കാന്‍ മാത്രം സ്കോപ്പുണ്ടായിരുന്നോ ഈ പടത്തില്‍ എന്ന് സംശയമുണ്ട്. ഏതാണ്ട് ഒരേ രീതിയില്‍ നിന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു എല്ലാ സീനിലും. വാക്കുകളൊക്കെ ഒന്ന് ആറ്റി ഒന്ന് കുറുക്കി കാര്യമാത്രപ്രസക്തമായി മാത്രം. ഒരു രസമുണ്ട് ആ രീതിയിലുള്ള സംഭാഷണമൊക്കെ കേള്‍ക്കാന്‍. ഏതാണ്ട് ഒരേ ടോണിലുള്ള, വികാരവിക്ഷോഭങ്ങളൊന്നുമില്ലാത്ത ഒരു പരുക്കന്‍ മനുഷ്യന്‍ രീതിയിലൊക്കെയുള്ള രീതിയിലുള്ള ഒരു രീതി. നേരത്തെ പറഞ്ഞതുപോലെ പലയിടത്തും മസില്‍മൂട്ടി ആയിപ്പോയോ എന്നും സംശയം തോന്നി. ചില ഇടി സീനുകള്‍ കണ്ടപ്പോള്‍ സന്തൂറിന്റെ പരസ്യമൊട്ട് ഓര്‍മ്മയും വന്നില്ല. ചര്‍മ്മം മാത്രമല്ല മൊത്തത്തില്‍ തന്നെ പ്രായം തോന്നിപ്പോയി. ചിലപ്പോള്‍ മേക്കപ്പിന്റെയായിരിക്കും. എന്നാലും വലിയേട്ടന്‍ മുതലായ പടങ്ങളിലെ മമ്മൂട്ടിയുടെ ഒരു ഇത് ഈ പടത്തില്‍ തോന്നാത്തിനു കാരണം ആ പടം ഇറങ്ങിയിട്ട് കൊല്ലം എട്ടുപത്തായെന്നതോ എനിക്ക് എട്ടുപത്ത് കൊല്ലം കൂടി പ്രായം കൂടി എന്നതോ ആയിരിക്കണം. ചിത്രത്തിന്റെ കളിമാക്സിയെപ്പറ്റി ഹരീ പറയുന്ന “ഓ, ഇത്രയുമേയുള്ളോ” എന്ന തോന്നല്‍ ചിത്രത്തെ പറ്റി മൊത്തം തോന്നിയത് ലോകത്തില്‍ എനിക്ക് മാത്രമാവണേ എന്നാണ് പ്രാര്‍ത്ഥന. ഓര്‍ത്തുവെക്കാന്‍, ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്നൊരു സിനിമ ബിഗ് ബി കണ്ടതിനുശേഷം ഞാന്‍ എന്തായാലും നിര്‍മ്മിക്കില്ല.
ഇന്നസെന്റ് എന്തിനായിരുന്നു ആ പടത്തില്‍ എന്നാലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടിയില്ല. പക്ഷേ സദ്യയില്‍ ഓലനെന്തിനാണ്, തോരനെന്തിനാണ് എന്നൊക്കെ ആലോചിച്ചാല്‍ വല്ല പിടുത്തവും കിട്ടുമോ? അതൊക്കെ ആലോചിച്ചാണോ സദ്യയുണ്ണാന്‍ പോകുന്നത്? അതൊക്കെ ആലോചിച്ചാല്‍ പിന്നെ സദ്യയുണ്ണാന്‍ പറ്റുമോ? അതുകൊണ്ട് അതിനെപ്പറ്റിയൊന്നും ആലോചിക്കേണ്ട കാര്യമേ ഇല്ല. അമ്മയുടെ സെക്രട്ടറിയോ മറ്റോ ആയതുകൊണ്ടാവും.
മലയാളിത്തമുള്ള മലയാളം സിനിമകളൊക്കെ ഇനി പ്രതീക്ഷിക്കുന്നത് ആ പഴയകാലമൊക്കെ തിരിച്ച് കിട്ടും എന്നുള്ള വൃഥാ പ്രതീക്ഷപോലെയായിരിക്കും എന്ന് തോന്നുന്നു. ഇനിയുള്ള കാലം ബിഗ് ബി പോലുള്ള പടങ്ങള്‍ക്കേ സ്കോപ്പുള്ളായിരിക്കും. എന്തായാലും നല്ലൊരു സദ്യയില്‍ നല്ല ഒന്നാന്തരമൊരു പാലടപ്രഥമന്‍ കഴിക്കുന്ന കൂട്ടത്തില്‍ ചെകിടിപ്പ് മാറ്റാന്‍ നാരങ്ങാ അച്ചാര്‍ കഴിക്കുന്ന പോലെയൊന്നുമല്ലെങ്കിലും ബിഗ് ബി കണ്ട് കഴിഞ്ഞ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ഒന്നുകൂടി കണ്ടപ്പോള്‍ നല്ലൊരു സുഖം തോന്നി. രണ്ട്-രണ്ടര മണിക്കൂര്‍ ഒരു സിനിമ കണ്ട ഒരു ഫീലിംഗ്‌സ് ആ പടം തന്നു-ബിഗ് ബി അതൊട്ട് തന്നുമില്ല. ഒരു സിനിമ എന്തെങ്കിലുമൊക്കെ സന്ദേശങ്ങള്‍ സമൂഹത്തിന് കൊടുക്കണോ വേണ്ടയോ എന്നൊന്നുമറിയില്ല. ഉണ്ടെങ്കില്‍ തന്നെ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍നിന്നൊക്കെ എന്തെങ്കിലുമൊക്കെ സന്ദേശങ്ങള്‍ സമൂഹത്തിന് കിട്ടുമായിരിക്കണം. ബിഗ് ബി യില്‍ നിന്നും കിട്ടും-കൊച്ചി ഇപ്പോള്‍ പഴയ കൊച്ചിയൊന്നുമല്ല എന്ന സന്ദേശം.
(മൊത്തം എന്റെ മാത്രം അഭിപ്രായം. മമ്മൂട്ടി പങ്കകള്‍ എന്നെ ദയവായി അടിക്കരുത്. എനിക്ക് മമ്മൂട്ടി അഭിനയിച്ച തനിയാവര്‍ത്തന്‍, വല്ല്യേട്ടന്‍, വടക്കന്‍ വീരതഥാഗതന്‍ ഇതൊക്കെ വലിയ ഇഷ്ടമാണ്. രാജമാണിക്യ്യോം കണ്ടും ഞാന്‍ ഒത്തിരി ചിരിച്ചായിരുന്നു. പ്ലീസ്...).
Labels: തോക്കൂരാന്, ബിഗ് ബി, മമ്മൂട്ടി, മസില് മൂട്ടി, റബ്ബര്‍ ടെക്‍നോളജി
20 Comments:
സംഗതിയൊക്കെ കൊള്ളാം... :)
പക്ഷെ, ആദ്യത്തെ രംഗം അല്പസ്വല്പം വലിഞ്ഞെങ്കിലും ബിലാല്‍ എന്ന വ്യക്തിയെ നന്നായി അവതരിപ്പിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ പുതിയ ചിത്രമായ ‘ഹലോ’യുടെ കാര്യമെടുക്കാം. ശിവരാമന്‍ എന്ന വക്കീലിന്റെ മൊത്തം സ്വഭാവസവിശേഷതകള്‍ പ്രേക്ഷകര്‍ക്ക് മനസിലാകുവാന്‍ ഏതാണ്ട് അരമണിക്കൂറെടുക്കും, അതിനിടയ്ക്ക് ഒരു പാട്ടും. സാധാരണ എല്ലാ മലയാള സിനിമയിലും അങ്ങിനെയൊക്കെ തന്നെ. ഇത് നേരിട്ട് പറഞ്ഞതുകൊണ്ട് അല്പം വലിഞ്ഞു, ഇതൊരു 3 മിനിറ്റില്‍ കാണിച്ചിരുന്നെങ്കില്‍, കുറച്ചു കൂടി ആകര്‍ഷകമായേനേ എന്നും പറയാം.
മമ്മൂട്ടി ആ ക്യാരക്ടറിനെ വൃത്തിയായി അവതരിപ്പിച്ചു എന്നാണ് എനിക്കു തോന്നിയത്. വികാരമൊന്നും അധികം വരാത്ത, പരുക്കനായ ഒരു വ്യക്തിതന്നെയാണ് ബിലാല്‍. പോട്ടെ, ഒക്കെ കഴിഞ്ഞില്ലേ... ഇനി ഇതും പറഞ്ഞ് സമയം കളഞ്ഞാലെങ്ങിനെയാ... അമലിന്റെ അടുത്ത പടം വരട്ടേന്നേ...
--
ഹഹഹ.. ലൈഫ് ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെങ്കില്‍ എടുത്തോളൂ വക്കാരിമാഷേ... ബാബാകല്യാണി കണ്ടോ.. അതില്‍ മോഹന്‍ലാല്‍ എന്ത് കിളവനാണ്. ഛോട്ടാമുംബയില്‍ നായകനായി അഭിനയിച്ച് ആ തടിയന്‍ കശ്മലന്‍ എന്തു വൃത്തികേടാണ്.. എന്നൊക്കെ ചോദിച്ച് ഇപ്പോള്‍ ആളുവരും. മമ്മൂട്ടിപടത്തിന്റെ നിര്‍മാാതാവിനെ ആരെങ്കിലും വിമരിശിച്ചാലും അതൊക്കെയാണ് ഡിഫന്സിന്റെ ഒരു ലൈന്‍. നേരേ തിരിച്ചും. :)
xxdtbysp ആളെക്കൊല്ലാന്‍..!!!!
yyo.. njaan hari commentiyathkandilla.. aa hello reference njaan uddhezicha linil ollathalla kettaa :-ss
ഓ വക്കാരിയേ, റോംബ നന്ദ്രി. ഞാന്‍ ബിഗ് ബി കണ്ടതിനു ശേഷം ആകെ മനസ്സമാധാനകേടിലായിരുന്നു, എങ്ങനെയാണു ആ തോക്ക് മമ്മൂട്ടിടെ കയ്യില്‍ വന്നത് എന്നറിയണ്ട്. ഇപ്പോ എന്തൊരാശ്വാസം!
എന്റെ അഭിപ്രായത്തില്‍ മമ്മൂട്ടി തീരെ മോശം അഭിനയം. ഡാനി ചെയ്ത പിന്നേയും കുറേ കുറേ പടം ചെയ്ത മമ്മൂട്ടി ആണോ ഇത് എന്ന് സംശ്യം.
ഷോട്ട്‌സ് ഒക്കെ എന്തൂട്ട് ഇത്ര പറയാന്‍ എന്ന് മനസ്സിലായില്ല. ഗുരുവിന്റെ ഷോട്ട്‌സ് ഞാന്‍ ഇതിലും മേലെ വയ്ക്കും.
ആകെ മൊത്തം റ്റോട്ടലായി പറഞ്ഞാല്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ഞാനും ഈയടുത്തു വീണ്ടും ക്ണ്ടു.
മസില്‍മൂട്ടിയും റബര്‍ബാന്റും :)
വന്നതു വെറുതെയായില്ല. കൊള്ളാം.
ഞാന്‍ പണ്ടേ മമ്മൂട്ടിഫാന്‍ അല്ല. പക്ഷെ അദ്ദേഹത്തിന്റെ നല്ല സിനിമകള്‍ കണ്ടാല്‍ ഞാനും സന്തോഷിക്കും. ഈ ചിത്രം കണ്ടില്ല.
പശുവിന്റെ യുദ്ധവും, ഞാറുകമന്റും കണ്ടു. :)
വക്കാരീസ്
അമല്‍ പുതിയ പടത്തിന്റെ പണിപ്പുരയില്‍ ആണ്. ക്രിസ്തുമസ് പടം. മമ്മൂട്ടി തന്നെ നായകന്‍.
വിശദവിവരങ്ങള്‍ മീഡിയിലേക്ക് പുറത്ത് വിടാത്തതുകൊണ്ട്, അധികം ഇവിടെ പറയുന്നില്ല. നമുക്ക് കാത്തിരിന്നു കാണാം. (ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മറക്കണ്ട ;)
ഹരീ, പലജനം ബഹുവിധം. പക്ഷേ സിനിമയുടെ പതിനാലാം മിനിറ്റില്‍ അവതരിച്ച് ഇരുപതാം മിനിറ്റില്‍ തീരുന്ന മമ്മൂട്ടി അവതരണം വഴി മമ്മൂട്ടിയുടെ ക്യാരക്ടറിനെപ്പറ്റി പ്രേക്ഷകര്‍ക്ക് എന്തെങ്കിലും ഐഡിയാ കിട്ടിയോ എന്ന് സംശയമുണ്ട്. മമ്മൂട്ടി ഒരു കാറില്‍ വന്നിറങ്ങുന്നു, സ്ലോമോഷനില്‍ ബാക്കിയുള്ളവരുടെ കൂടെ വിലാപയാത്രയില്‍ നടക്കുന്നു-അത്രയേ ഇരുപതാം മിനിറ്റുവരെ ഉള്ളൂ. അതേ സമയം ആ സമയത്തിനുള്ളില്‍ വിജയരാഘവന്‍ എന്ന ക്യാരക്ടറിനെപ്പറ്റി ഒരു ചിത്രമൊക്കെ എന്നെപ്പോലുള്ളവര്‍ക്ക് കിട്ടുകയും ചെയ്തു. എന്തായാലും പറഞ്ഞതുപോലെ അമലിന്റെ അടുത്ത പടം-അതും സ്വതന്ത്ര സ്വാശ്രയപടം) വരട്ടെ-നമുക്ക് വിലയിരുത്താം അദ്ദേഹത്തെ.
ഇംഗ്ലീഷ്-ഹിന്ദി സിനിമകളിലെ സീനുകള്‍ക്ക് പകരം മലയാളമുള്ള കുറച്ച് മലയാള സിനിമകള്‍ ഇനി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നും ഒരു സംശയം.
മനൂ, ഒരു മമ്മൂട്ടിക്കൊരു മോഹന്‍ലാല്‍ എന്നാണല്ലോ ലോ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് ആക്ടേഴ്‌സ് പ്രകാരം. പങ്കകള്‍ ഇടിച്ച് ചമ്മന്തിയാക്കാതിരുന്നാല്‍ മതിയായിരുന്നു. ഹരീയുടെ ഒരു പോസ്റ്റില്‍ ലാലേട്ടന്‍ പങ്കകള്‍ നടനമാടിയത് ഓര്‍മ്മ വരുന്നു :)
ഡാലിയേ, സത്യം പറഞ്ഞാല്‍ ആ തോക്ക് ടെക്‍നോളജി എനിക്ക് ഭയങ്കരമായ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി. ഞാന്‍ ആദ്യം ഓര്‍ത്തത് അത് സംവിധായകന്റെ ഒരു പിഴവായിരിക്കുമെന്നാണ്. പക്ഷേ പടം സംവിധായകന്റെ സ്ലോയേക്കാളും സ്ലോയായി ഓടിച്ചപ്പോളല്ലേ കണ്ടത് കോട്ടിനടിയില്‍ക്കൂടി തോക്കിറങ്ങി വരുന്ന ടെക്‍നോളജി.
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ഒന്നുകൂടി കണ്ടല്ലേ. ഒന്നുകൂടി കാണാന്‍ ഞാന്‍ നോക്കി നടന്നുകൊണ്ടിരുന്ന ഒരു പടമായിരുന്നു. അത്തരം സിനിമകളൊക്കെ കാണുമ്പോള്‍ എന്തോ ഒരു സുഖമുണ്ട്. മാത്രവുമല്ല നാടിനും പ്രയോജനമുണ്ട്-എങ്ങിനെയെന്നല്ലേ. ബിഗ് ബി കണ്ടതിനു ശേഷം ഒരു ബ്ലോഗിലെ ഒരു കമന്റിന് ഒരു കൊനഷ്ട് മറുകമന്റെഴുതാന്‍ തുടങ്ങിയപ്പോഴാണ് എന്നാല്‍ വീണ്ടും ചില... കണ്ടിട്ട് അതാവാമെന്ന് കരുതിയത്. ആ സിനിമ കണ്ട് തീര്‍ന്നതിനു ശേഷം ആകെ മൊത്തം ഒരു ശാന്തത. അങ്ങിനെ ഒരു കൊനഷ്ട് കമന്റ് ഒഴിവായി കിട്ടി. സര്‍വത്ര സമാധാനം :)
നിക്കേ, പങ്ക ഏതാണ്? ഏതിനനുസരിച്ചും മറുപടി പറയാന്‍ ഞാന്‍ റെഡി-തല്ലരുത് എന്നൊരൊറ്റ കണ്ടീഷന്‍ മാത്രം :)
ഗീതേ, നന്ദി. സ്വാഗതവും :)
ഹ...ഹ... സൂ, അപ്പോള്‍ ആ മാര്‍ക്കറ്റിംഗ് തന്ത്രം പിടികിട്ടിയല്ലേ. എന്ത് ചെയ്യാം...:) കുറച്ച് മലയാളിത്തമുള്ള പടങ്ങള്‍ ഇനിയുണ്ടാവുമോ എന്ന അന്വേഷണത്തിലാണ് ഞാന്‍. ഇല്ലെങ്കില്‍ പഴയ സിനിമകള്‍ കണ്ട് സായൂജ്യമടയും :)
കുമാര്‍ജീ, വരട്ടെ, വരട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ വരട്ടെ. എന്തായാലും ടെക്‍നിക്കൊക്കെ അറിയാവുന്ന ഒരു സംവിധായകന്‍ തന്നെ അദ്ദേഹം. ബിഗ് ബിയും ബോറടിപ്പിച്ചില്ല. പക്ഷേ കണ്ട് കഴിഞ്ഞപ്പോള്‍ ഇത്രയേ ഉള്ളോ എന്ന് തോന്നിപ്പോയി. ചിലപ്പോള്‍ അമിതപ്രതീക്ഷയുടെ കുഴപ്പവുമായിരിക്കും. പിന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന കാര്യം...അത്... :)
ഹരീയ്ക്കൊരു ഭീഷണിയായി ഇനി സിനിമാ നിരൂപണത്തില്‍ ഒരു കൈയ്യും രണ്ട് കാലും വെച്ചാലോ എന്നൊരാലോചന. പക്ഷേ നിരൂപിക്കുന്നത് സര്‍വ്വകലാശാല, മായാമയൂരം, തനിയാവര്‍ത്തനം, തെങ്കാശിപ്പട്ടണം എന്നീ പടങ്ങളൊക്കെയായിരിക്കും :)
വക്കാരിയോട്,
ഹേയ്... അതിനിടയ്ക്ക് ബിലാലിന്റെ ജീവചരിത്രം പലരിലൂടെയും സംവിധായകന്‍ പറയുന്നില്ലേ? അതാണ് ഞാനുദ്ദേശിച്ചത്. ഹ ഹ ഹ... കൈയും കാലുമൊക്കെ വെച്ചിട്ടെന്നാ കാര്യം; ഇതെഴുതിയപ്പോള്‍ വെച്ച ആ തലയുണ്ടല്ലോ, അതൂടെ വെയ്ക്കണം. :)
--
വക്കാരിജി പോസ്റ്റ് ഇപ്പോഴാ കണ്ടത്, ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞില്ലല്ലൊ.. ഇതെവിടെയാ കണ്ടത്?
ഒരു ക്ലൂ എങ്കിലും തരണേ, നമ്മള്‍ മറുന്നാടന്‍ മല്ലൂസിന് കാണാന്‍ കഴിയുന്നിടത്ത് വല്ലതും ആണോ?
ഈ വക്കാരിയാനയ്കിട്ട് രണ്ട് ഇടി കൊടുക്കാനിവിടെ ആരൂല്ല്യേ? എനിക്കിപ്പോ അറിയണം, വക്കാരീടെ പണിയെന്തുവാന്ന് ശരിയ്കും? ഇത്രെം സമയമൊക്കെ എവിടെന്ന് ഒപ്പിയ്കണന്റെപ്പാ... എന്തോ ഗുട്ടന്‍സുണ്ട്.
(പോയി അറബി കഥ കാണു വക്കാരിയേയ്.. പാര്‍ട്ടി അപ്പീസും ദാര്‍ദ്ര്യവും, പിന്നെ കട്ടന്‍ കാപ്പീം, പിന്നെ മുദ്രാവാക്യം വിളിയും ഒക്കേനും ചേര്‍ന്നാലും കമ്മ്യൂണിസ്റ്റ് സിനിമ ആവും ന്ന് ലാല്‍ ജോസിനെ എതേലും ശത്രുക്കളു പറഞ് വിശ്വസിപ്പിച്ചുട്ടുണ്ടാവും :) )
വക്കാരിയേ സാജന്റെ ചോദ്യത്തിനു മറുപടി പറയൂ :)
വക്കാരി........
നാട്ടില്‍നിന്നല്ല ഈ സിനിമ കണ്ടതെന്ന് വിചാരിക്കുന്നു. അപ്പം വ്യാജസീഡി സിന്ദാബാദ്. അല്ലെങ്കില്‍ ഓണ്‍ലൈന്‍ മൂവി നീണാള്‍ വാഴട്ടെ.
പിന്നെ ബിഗ് ബിയുടെ അപ്പന്‍ അതായത് ഒറിജിനല്‍ സിനിമ 2005ല്‍ ജോണ്‍ സിംഗിള്‍ടണ്‍ എന്ന പാവം സായ്പ് സംവിധാനം ചെയ്ത് പുറത്തിറക്കിയ ഫോര്‍ ബ്രദേഴ്സാണ്.
ലതിന്‍റെ വിക്കി ഇംഗ്ലീഷ് ലിങ്ക് ഇവിടെ
അതേ കഥ മട്ടാഞ്ചേരി പശ്ചാത്തലത്തില്‍ ആക്കിയെന്നു മാത്രം.
എന്നുകരുതി പ്രിയദര്‍ശന്‍ ചെയ്യുന്നതുപോലെ മല്ലൂസിന്‍റെ ഇംഗ്ലീഷ് സിനിമാ പരിജ്ഞാനത്തെ വെല്ലുവിളിച്ചിട്ടൊന്നുമില്ല അമല്‍. സംഗതി ഫോര്‍ ബ്രദേഴ്സ് തന്നെയാണെന്ന് കക്ഷി വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗിന് ഇറങ്ങും മുന്പ് മമ്മൂട്ടി ഫോര്‍ ബ്രദേഴ്സിന്‍റെ സി.ഡി കണ്ടിരുന്നു എന്നാണ് അറിഞ്ഞത്.
വക്കാരി പറഞ്ഞപോലെ ചില റബര്‍ ബാന്‍ഡ് സെറ്റപ്പുകളുണ്ടെങ്കിലും ഇപ്പോള്‍ ഇറങ്ങുന്ന തല്ലിക്കൂട്ട് സിനിമകളുമായി താരതമ്യം ചെയ്യുന്പോള്‍ ഭേദമായാണ് തോന്നിയത്. മാത്രമല്ല ഛോട്ടാ മുംബൈയുമായി താരതമ്യം ചെയ്യുന്പോള്‍ പശ്ചിമ കൊച്ചിയെ കുറെക്കൂടി റിയലിസ്റ്റിക്കായി അവതരിപ്പിച്ചിട്ടുണ്ട്.
പക്ഷെ വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ബിഗ് ബിയെ താരതമ്യം ചെയ്യാനാവില്ല എന്നത് വേറെ കാര്യം.ഷീവാസ് റീഗലും ശിവാസും(ഇത് എല്ലാ ബീവറോജസിലും ഉണ്ടോ എന്ന് എനിക്ക് അറിയില്ല) പോലെ വ്യത്യസ്തം. തിലകനും കെ.പി.എ.സി ലളിതയും തകര്‍ത്തിരിക്കുകയല്ലേ.
ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേളയില്‍ തിലകനും ലളിതയും പിണക്കത്തിലായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുമായിരുന്നില്ലെങ്കിലും തിരുമുറ്റത്ത് കൊച്ചു തോമായുടെയും മേരിപ്പെണ്ണിന്‍റെയും പെര്‍ഫെക്ഷനെ അത് തെല്ലും ബാധിച്ചില്ല. തിലകനെയും ലളിതയെയും കിട്ടിയിരുന്നില്ലെങ്കില്‍ ഈ ചിത്രം ചെയ്യുമായിരുന്നില്ലെന്ന് സത്യന്‍ അന്തിക്കാട് അടുത്തയിടെ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞത് ഓര്‍മവരുന്നു.
ട്രാഫിക്കിനെ പേടിച്ച് ഷാര്‍ജക്ക് പോകാറില്ല. എന്നിട്ടും ഇന്നലെ പോകേണ്ടി വന്നു ഒരാളെ കാണാന്‍.
വിസിറ്റ് പെട്ടന്നവസാനിച്ചപ്പോള്‍ പെണ്ണുമ്പിള്ളക്കൊരു മോഹം- കോണ്‍കോര്‍ഡിലെ സിനിമ ഒന്നു കണ്ടാലോ എന്ന്. ചെന്നപ്പോ സിനിമ യവനാ- ഹല്ലോ!
തിയേറ്ററിന്റെ മുന്‍പിലുള്ള ശരവണയില്‍ കേറി ഒരു റവ മസാല്‍ തിന്ന് കാപ്പിയും കുടിച്ച് പാട്ടും പാടി ഹാപ്പിയായി തിരിച്ച് പോന്നു. അല്ലെങ്കി ഞാനും മെനക്കെട്ടിരുന്ന് വക്കാരിയെപ്പോലെ ‘ലാറ്റെക്സ്’ റ്റെക്നോളജി‘ യെഴുതേണ്ടി വന്നേനെ!
ശാന്തം പാപം!
ജപ്പാന്‍ വിട്ടശേഷം, വക്കാരി സിനിമയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചുവോ :)
പടമപ്പാ, കാണരുതപ്പാ സ്റ്റൈലിലുള്ളതിന്റെ ഒരു ലിസ്റ്റ് തന്നാല്‍, നാട്ടില്‍ പോയാല്‍ സമയം ലാഭിക്കാമായിരുന്നു :)
വക്കാരിയുടെ ഓരോ നമ്പറുകളേ.. ഹഹഹ. രസം എഴുത്തന്നെ ഷ്ടാ..
ഓഫ് റ്റോപ്പിക്: ബിഗ്.ബി. ഞാന്‍ ഇതുവരേം കണ്ടില്ല. :(
ഹരീ, പറഞ്ഞത് കറക്ട്- ഒന്നുകൂടി വെരിഫൈ ചെയ്തു :)
സാജാ, ദുഷ്ടാ എന്നിട്ട് വേണമല്ലേ എന്നെ ഋഷിരാജഹംസന്‍ വന്ന് പൊക്കാന്‍. ടൊറൊന്റോ കൈനടിയിലാണോ? :)
അതുല്ല്യേച്ച്യേ, ടോട്ടല്‍ സമയം ഈസ് എ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നല്ലേ. സിനിമ കാണുന്നവന്‍ മറ്റൊന്നും കാണുന്നില്ല. ഒരു വഴിക്കായി :)
പതാലി, ബിഗ്‌ബിയുടെ നിരൂപണം ബ്ലോഗിലിടാനായി നാട്ടില്‍ വന്ന് സിനിമ കണ്ട് തിരിച്ചുപോയി എന്ന് ഞാന്‍ പറഞ്ഞാല്‍... :) വീണ്ടും ചില വീട്ടുകാര്യങ്ങള്‍ പിന്നെയും പിന്നെയും കാണാന്‍ എന്നെ തോന്നിപ്പിക്കുന്ന സിനിമ. എന്തായാലും ഫോര്‍ ബ്രദേഴ്)സിന്റെ വിക്കിലേഖനം തപ്പിപ്പോയപ്പോള്‍ ദോ കിടക്കുന്നു, അത് വേറൊരു പടത്തിനെ ആസ്പദമാക്കിയുള്ളതാണെന്ന്. അപ്പോള്‍ ബിഗ് ബി മൂന്നാം തലമുറയില്‍ പെട്ടതാണ്. അമല്‍ നീരദിന്റെയാണ് കഥയും തിരക്കഥയുമെന്നാണല്ലോ സിനിമയില്‍ എഴുതിക്കാണിക്കുന്നത്. ഫോര്‍ ബ്രദേഴ്‌സിനെപ്പറ്റി ബിഗ് ബിയില്‍ പരാമര്‍ശമുണ്ടോ?
കുറുമയ്യാ, ഐന്‍സ്റ്റൈനാഹ നമഹാഹ. എല്ലാം ആപേക്ഷികം. അതുകൊണ്ട് എല്ലാം കാണുക മാത്രമേ ആക്ഷേപിക സിദ്ധാന്തപ്രകാരം നടക്കൂ :)
വൈശാലീ, ബിഗ് ബി കണ്ടുകൊണ്ടിരിക്കാന്‍ പറ്റാത്ത സിനിമയൊന്നുമല്ലെന്നാണ് എന്റെ അഭിപ്രായം. പക്ഷേ ഫീല്‍ ഇറ്റ്, സിറ്റിറ്റ്, ഫൊര്‍ഗെറ്റിറ്റ്.
എന്റെ നിരൂപണം അടിപൊളിയായി എന്ന് ഞാന്‍ ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു. ഇനി ഓരോരോ സിനിമകളായി എന്റെ നിരൂപണബ്ലോഗ് തുടങ്ങുകയായി. ആദ്യം ബാലന്‍!
Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Se você quiser linkar meu blog no seu eu ficaria agradecido, até mais e sucesso.(If you speak English can see the version in English of the Camiseta Personalizada.If he will be possible add my blog in your blogroll I thankful, bye friend).
വക്കാരി ഭായ് “Camiseta Personalizada “ ആള് എന്തൂട്ടാ പറഞ്ഞേ...
എഴുത്തൊക്കെ നല്ലതു തന്നെയാണ്... Expecting more..
:)
pottan
Post a Comment
<< Home