Thursday, September 13, 2007

അതിന്യൂനത പാഠ്യപദ്ധതി

ഇത് One Swallow അണ്ണന്റെ തിരഞ്ഞെടുക്കാത്ത വളിപ്പുകള്‍ ബ്ലോഗില്‍ പച്ചരിയുടെ വേവ് ലെങ്ത് പോസ്റ്റിലിട്ട തിരഞ്ഞ് തന്നെയെടുത്ത കമന്റ്. “വെജിറ്റേറിയനാണെന്നും പറഞ്ഞെന്നെ കല്ല്യാണം കഴിച്ച് പറ്റിച്ച കിള്ളനാണ് ചേട്ടന്‍” എന്ന് മുഖചിത്രത്തില്‍ ഉര്‍വ്വശി ജയറാമിനോട് പറയുന്നതുപോലെ നല്ല ഒന്നാന്തരം പോസ്റ്റൊക്കെ ഇടയ്ക്കിടയ്ക്ക് ഡിലീറ്റ് ചെയ്യുന്ന കിള്ളനാണീ ഒറ്റവിഴുങ്ങിയണ്ണന്‍ :)

-------------------------------------------------------------------
കസേരയിലിരുന്ന് വട്ടം കറ-ക്ട്.പക്ഷേ ആ പടം കണ്ടപ്പോള്‍ പണ്ടാണോ ഈയിടെയാണോ എവിടെയാണോ വായിച്ചത് എന്ന് കണ്‍ഫ്യൂഷനായ തമാശു ഓര്‍മ്മ വന്നു, ഓമനിക്കാന്‍. ഷമികണം.

ഞാറയ്ക്കല്‍ പട്ടണം. പത്ത് പറക്കണ്ടം. ഞാറ് നടണം, കൊയ്യണം. നമ്മള് കൊയ്യും വിളച്ചിലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയേ സ്റ്റൈല്‍. ആണ്-പെണ്ണ് മിക്സ് പണിക്കാര്‍ പത്ത് മുപ്പത് പേര്‍. സോഷ്യലിസ് പ്രകാരം ദീപസ്തംഭം മഹാശ്ചര്യമായി എല്ലാവരെയും ഇടകലര്‍ത്തി കണ്ടത്തിന്റെ ഒരറ്റത്ത് രാവിലെ നിര്‍ത്തി സ്റ്റാര്‍ട്ട്-ആക്‍ഷന്‍-കൈമറ പറഞ്ഞ് മുതലാളി ചായ കുടിക്കാന്‍ പോയി. ചായയും കുടിച്ച് ഊണും കഴിഞ്ഞ് മൂരിയും കാളയും നിവര്‍ത്താന്‍ പാടത്ത് വന്ന് നോക്കിയപ്പോള്‍ മുതലാളിക്ക് മനസ്സിലായി-ഈ അരി വേവൂലാ. പണിക്കാരൊക്ക ഇടകലര്‍ന്ന് നിന്നിടത്ത് തന്നെ. ഒരിഞ്ച് പോലും അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയിട്ടില്ല. രാത്രി കൂലം കക്ഷത്തില്‍ വെച്ച് അരോഗദൃഢ്ഗാത്രനായി ആലോചിച്ച മുതലാളിക്ക് പണ്ട് സ്കൂളില്‍ പഠിച്ച ഹുമയൂണ്‍ സൈക്കളോളജി കുറച്ച് വൈകിയാണ് പിടികിട്ടിയത്. കുടയൊട്ട് കിട്ടിയുമില്ല.

അടുത്ത ദിവസം രാവിലെ സ്വന്തം ഇഷ്ടപ്രകാരം ഇടകലര്‍ന്ന് ഹാപ്പിയായി നിന്ന പണിക്കാരുടെ അറേഞ്ച്മെന്റ് മൊത്തം മുതലാളി മാറ്റി. ആണുങ്ങളൊക്കെ പാടത്തിന്റെ ഇങ്ങേയറ്റത്തും പെണ്ണുങ്ങളൊക്കെ അങ്ങേ അറ്റത്തും-മുഖാമുഖം സിനിമ.“സ്റ്റാര്‍ട്ട്-ആക്‍ഷന്‍-കൈമറ...“പത്ത് മിനിറ്റുകൊണ്ട് പത്തുപറക്കണ്ടത്തിലെ ഞാറു മുഴുവന്‍ നട്ട് തീര്‍ന്നു.
---------------------­--------------------------------------------
പക്ഷേ ഇതങ്ങ് കോപ്പിയടിച്ചാലോ...

സ്ഥലം പിന്നെയും ഞാറയ്ക്കല്‍ പട്ടണം. ടൈപ്പ് റൈറ്റര്‍ സെന്റര്‍. മുതലാളി കണ്ടമുതലാളി തന്നെ. സിക്സ്തും പാസ്സായ റോസമ്മ മുതല്‍ സിക്സ്തും ഗുസ്തിയുമായി നടക്കുന്ന കറിയാച്ചന്‍ വരെ ഉ ടായിപ്പ് പഠിക്കാന്‍ വരുന്ന സ്ഥലം. വിദ്യാരംഭത്തിന് ശേഷം കണ്ടത്തില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രപ്രകാരം ആണുങ്ങളെ മുറിയുടെ ഇങ്ങേയറ്റത്തും പെണ്ണുങ്ങളെ അങ്ങേയറ്റത്തും ഇരുത്തി. ടൈപ്പ് റൈറ്റിംഗ് ഫണ്ട ആദ്യം എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കി- ആകാശം ഇടിഞ്ഞ് വീണാലും കീബോഡില് നോക്കി ടൈപ്പ് ചെയ്യരുത്. ഫണ്ട കഴിഞ്ഞ് എ.എസ്.ഡി.എഫ്. സെമികോണകം.എല്‍.കെ.ജെ അടിച്ചോളാന്‍ പറഞ്ഞിട്ട് മുതലാളി പോയി.

പതിവുപോലെ ഊണും കഴിഞ്ഞ് മൂരിയും കാളയും നിവര്‍ത്തി നിവര്‍ത്തനപ്രക്ഷോഭത്തിന് വന്ന് നോക്കിയപ്പോള്‍ മുതലാളി കേട്ട പാട്ട് “കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാന്‍...“. റോസമ്മയും കറിയാച്ചനും തുടങ്ങി എല്ലാവരും കണ്ണില്‍ കണ്ണില്‍ നോക്കിയിരിപ്പ് തന്നെ. നോട്ടമോ കീബോഡ് വഴിയും.

പിന്നെയും പതിവുപോലെ കൂലം കക്ഷത്തില്‍ വെച്ചാലോചിച്ച മുതലാളിക്ക് ഹുമയൂണ്‍ സൈക്കോളജി ഊണിന് മുന്‍പ് തന്നെ പിടികിട്ടി. കുടയും കിട്ടി. അടുത്ത ദിവസം അറേഞ്ച്മെന്റ് മൊത്തം മാറ്റി. ഒരാണ്-ഒരു പെണ്ണ്-ഒരാണ്-ഒരു പെണ്ണ്-ഒരാണ്-ഒരു പെണ്ണ്...നാലേ നാലു ദിവസം കൊണ്ട് കീബോഡില്‍ ഒളികണ്ണിട്ടുപോലും നോക്കാതെ എല്ലാ അണ്ണനും അണ്ണിയും ഇംഗ്ലീഷ് അക്ഷരമാല മൊത്തം ടൈപ്പ് ചെയ്യാന് പഠിച്ചു.(അടുപ്പത്തിട്ട നിറപറയരി വെന്തു. പോയി ചോറുണ്ണട്ടെ. സ്വാറി) :)
----------------------------------------------------------------

Labels: ,

Link

Saturday, September 01, 2007

ഇത് റാല്‍‌മിനോവിന്റെ പോസ്റ്റിലിട്ടത്

റാല്‍‌മിനോവിന്റെ ബാങ്ക് സന്ദര്‍ശനം എന്ന പോസ്റ്റിലിട്ട എന്റെ ബാങ്കനുഭവങ്ങള്‍ എന്ന ബെസ്റ്റ് സെല്ലറിന്റെ പുനഃപരീക്ഷണം.

---------------------------------------------------------------------

എല്ലാം ആപേക്ഷികം, ഐന്‍‌സ്റ്റൈനിനു സ്തുതി.

രംഗം ഒന്ന്:

ഒരു ന്യൂജെന്‍ ബാങ്കില്‍ പോയി, കൂട്ടുകാരനുമൊത്ത്. ഒരു ഡി.ഡി എടുക്കണം. ചെന്നപ്പോള്‍ സമയം രണ്ട് പത്ത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നില്‍ക്കുന്ന പ്രതീതി-എയറൊക്കെ കണ്ടിഷന്‍ ചെയ്ത്, നല്ല സോഫ്റ്റ് മ്യൂസിക്കൊക്കെ പാടിച്ച്, പതുപതാന്നിരിക്കുന്ന കാര്‍പ്പറ്റും അതിന്റെ ആയിരമിരട്ടി പതുപതാന്നുള്ള കസേരകളും...

“ഒരു ഡിഡി വേണമായിരുന്നല്ലോ”

“ഒരഞ്ചു മിനിറ്റു വെയ്റ്റ് ചെയ്യാമോ സാര്‍. ആളിപ്പോള്‍ വരും”

“ഓ ശരി”

അഞ്ച്...പത്ത്...പതിനഞ്ച്...

“ഹലോ” ഒരു ഡി.ഡി വേണമായിരുന്നല്ലോ, പതിനഞ്ച് മിനിറ്റായി വെയിറ്റു ചെയ്യുന്നു...”

“ആളിപ്പോള്‍ വരും സാര്‍...ഒന്ന് വെയിറ്റു ചെയ്യണേ...”

..ഇരുപത് (മിനിറ്റ്)...

മാനേജരുടെ മുറിയില്‍ കയറി.

“സാര്‍, ഞങ്ങള്‍ കഴിഞ്ഞ ഇരുപത് മിനിറ്റായി വെയിറ്റു ചെയ്യുന്നു. ആളില്ലെങ്കില്‍ നിങ്ങള്‍ക്ക് കാര്യം പറഞ്ഞാല്‍ പോരേ, ഞങ്ങള്‍ വേറേ ഏതെങ്കിലും ബാങ്കില്‍ പോയി കാര്യം സാധിക്കില്ലേ”

മാനേജര്‍ ഉടനെ വിളിച്ച് ചോദിക്കുന്നു-

“എന്താണ് പ്രശ്‌നം?... എന്താണ് കൌണ്ടറില്‍ ആളില്ലാത്തത്?... ഇവര്‍ ഇരുപത് മിനിറ്റായി വെയിറ്റു ചെയ്യുകയാണെന്ന് പറയുന്നു...”

“സാര്‍, ഡിഡി മാഡം ചോറുണ്ണാന്‍ പോയിരിക്കുകയാണ്. ഇരുപത് മിനിറ്റൊന്നുമായിട്ടില്ല, പതിനഞ്ച് മിനിറ്റേ ആയിട്ടുള്ളൂ ഇവര്‍ വെയിറ്റ് ചെയ്യാന്‍ തുടങ്ങിയിട്ട്, മാഡം ഇപ്പം വരും”

“കണ്ടോ ഇരുപത് മിനിറ്റൊന്നുമായിട്ടില്ല, പതിനഞ്ച് മിനിറ്റല്ലേ ആയിട്ടുള്ളൂ?... ഇപ്പോള്‍ വരും, ഒന്ന് വെയിറ്റു ചെയ്യ് കേട്ടോ” മാനേജര്‍

മാനേജര്‍ സാറിന്റെ ക്യാബിനു വെളിയിലെത്തിയപ്പോള്‍ വേറൊരു സാര്‍ വിളിച്ചു-അദ്ദേഹം ഇപ്പം ഡിഡി തരുമെന്നോര്‍ത്ത് ഓടിച്ചെന്നു.

“എന്താ പ്രശ്‌നം?”

“ഞങ്ങള്‍ ഡിഡിക്കായി... ഇരുപത് മിനിറ്റായി...ഇപ്പോള്‍ വരുമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ല”

“സീ, വീയാര്‍ ഓള്‍സോ ഹ്യൂമന്‍ ബീയിംഗ്‌സ്...ഷി ഹാഡ് ഗോണ്‍ ഫോര്‍ ലഞ്ച്... യു ഷുഡ് അണ്ടര്‍‌സ്റ്റാന്‍ഡ് ദാറ്റ്....”

(ങാഹാ, ഇത് പറയാനായിരുന്നോ ഇത്ര കാര്യമായി വിളിച്ചത്)

അത്യാവശ്യമുള്ള ഡിഡി അത്യാവശ്യമായി എടുത്ത് മൂന്നുമണിക്ക് മുന്‍‌പ് അത്യാവശ്യ സ്ഥലത്തെത്തിച്ചിട്ട് ഊണുകഴിക്കാനായാണ് ഞങ്ങള്‍ ആ ന്യൂജെന്‍ ബാങ്കില്‍ ചെന്നത്. ആ ഡിഡി അത്യാവശ്യ സ്ഥലത്ത് മൂന്നുമണിക്ക് മുന്‍പ് എത്തിച്ചില്ലെങ്കില്‍ അവിടുത്തെ അത്യാവശ്യക്കാരന് ഭക്ഷണവും കിട്ടില്ല, താമസവും കിട്ടില്ല. ഒരു ഹോസ്റ്റലിലേക്ക് വേണ്ട ഡിഡീയായിരുന്നു.

ആ ഡിഡി മാഡം ഉണ്ണാന്‍ പോയതോ ഉച്ചയ്ക്ക് അരയോ ഒന്നോ മണിക്കൂര്‍ ബ്രേക്കെടുക്കുന്നതോ ഒന്നുമല്ല പ്രശ്‌നം-ഉള്ള കാര്യം ഉള്ളപോലെ പറഞ്ഞിരുന്നെങ്കില്‍ ഇരിക്കണോ പോകണോ എന്ന് നമുക്ക് തീരുമാനിക്കാമല്ലോ. പക്ഷേ അതിനുപകരം ഇപ്പ ശരിയാക്കിത്തരാം എന്ന പപ്പു സ്റ്റൈലില്‍ അവിടെ പിടിച്ചിരുത്തി.

ഇറങ്ങി തൊട്ടപ്പുറത്തെ ഓള്‍ഡ് ജെന്‍ ബാങ്കില്‍ ചെന്നു.

“ഡിഡി വേണമല്ലോ”

“ദേ ഈ ഫോം ഒന്ന് പൂരിപ്പിച്ചോ കേട്ടോ”

രണ്ട്-മൂന്ന് മിനിറ്റുകൊണ്ട് ഫോം പൂരിപ്പിച്ചു കൊടുത്തു, കാശും കൊടുത്തു.

അഞ്ച് മിനിറ്റിനകം ഡിഡി റെഡി - മൊത്തം ആ ബാങ്കിലെ കയറ്റിറക്ക് സമയമുള്‍പ്പടെ ചിലവായത് മിനിറ്റ് പത്ത് മാത്രം.

പോകുന്നവഴിക്ക് ന്യൂജെന്‍ ബാങ്കില്‍ ഒന്നുകൂടി നോക്കി.

ഡിഡികൌണ്ടര്‍ അപ്പോഴും ഏക് ഏക് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ്.

രംഗം രണ്ട്:

പട്ടണത്തിലെ ഒരു ന്യൂജെന്‍ ബാങ്കില്‍ ചെന്നു. എന്തോ അവിടുത്തെ അടിപൊളി സ്റ്റൈലിനേക്കാളും മനസ്സിനു പിടിച്ചത് നാട്ടിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് തിരുവിതാങ്കൂര്‍ തന്നെ. നാട്ടുകാരനായതുകൊണ്ടാണോ എന്നറിയില്ല, പക്ഷേ നല്ല പ്രൊഫഷണലിസം കണ്ടു അവരുടെ പെരുമാറ്റത്തിലും കാര്യങ്ങളിലും. ന്യൂജെന്‍ ബാങ്കില്‍ ഒരുമാതിരി പിള്ളേര്‍ കളി സ്റ്റൈലും. (ആരെപ്പറ്റി ഞാന്‍ നല്ല അഭിപ്രായം പറഞ്ഞാലും സെക്കന്റുകള്‍ക്കോ മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ അകം അത് നേരേ തിരിച്ച് പറയേണ്ടി വരും എന്നത് പലപ്പോഴും എനിക്ക് പറ്റിയിട്ടുള്ളതാണ്. സ്റ്റേറ്റ് ബങ്കര്‍ ഓഫ് തിരുവതാങ്കൂറുകാരാ, ഇപ്രാവശ്യമെങ്കിലും അങ്ങിനെ പറ്റാന്‍ ഇടവരുത്തരുതേ).

രംഗം മൂന്ന്

അന്താരാഷ്ട്ര സ്ഥലത്തെ അന്താരാഷ്ട്ര ബാങ്ക്. എല്ലാം ആംഗലേയമയം. ടൈ, കോട്ട്, ഷൂ ഇതൊക്കെ സാധാരണ വേഷങ്ങള്‍ മാത്രം

“മേയ് ജൂണ്‍ ഐ ഹെല്‍‌പ് യൂ സാര്‍”

“ഓ..യാ...യേ... ഐ ഹാവ് ചേഞ്ച്ട് മൈ അപാര്‍ട്ട്‌മെന്റ്. ഐ നീഡ് റ്റു ചേയ്ഞ്ച് മൈ അഡ്രസ്സ്“.

“ഇപ്പ ശരിയാക്കിത്തരാം സാര്‍, ദോ ഈ ഫോമൊന്ന് പൂരിപ്പിച്ചോ”

പൂരിപ്പിച്ചു.

“എല്ലാം ഓക്കേ സാര്‍. അഡ്രസ്സ് എപ്പം മാറ്റിയെന്ന് ചോദിച്ചാല്‍ മതി”

ഒരു ദിവസം, രണ്ട് ദിവസം, ഒരു മാസം...രണ്ട് മാസം.

പ്രതീക്ഷിച്ചത് പോലെ ബാങ്കില്‍ നിന്ന് കടലാസുകളൊന്നും വരുന്നില്ല (എല്ലാം വെറും സ്റ്റേറ്റ്‌മെന്റുകള്‍ മാത്രം. അതുകൊണ്ട് വന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല...എന്നാലും ഒന്നും വരുന്നില്ലല്ലോ എന്നൊരു ഇത്...).

രണ്ട് മാസം കഴിഞ്ഞ് ഒന്നുകൂടി ബാങ്കില്‍ പോയി.

“ഹൌ ക്യാന്‍ ഐ ഹെല്പ് യൂ സാര്‍?”

“അതേയ് രണ്ട് മാസം മുന്‍പ് എന്റെ വിലാസം മാറ്റണമെന്ന് പറഞ്ഞ് ഒരു ഫോമൊക്കെ പൂരിപ്പിച്ച് കൊടുത്തിരുന്നു...”

“വണ്‍ മിനിറ്റ് സാര്‍”

“അതേയ്...സാറേ, എന്തോ എന്തിനോ എന്തൊക്കെയോ പ്രശ്നങ്ങള്‍ കാരണം സംഗതി ഇപ്പോഴും പഴയ വിലാസം തന്നെ. എന്താ പറ്റിയതെന്നറിയാന്‍ വയ്യ. ഒന്നുകൂടി ഈ ഫോമൊന്ന് പൂരിപ്പിക്കാമോ? മാപ്പുണ്ട് കേട്ടോ”

പൂരിപ്പിച്ചു-എന്തായാലും ഇപ്രാവശ്യം സംഗതി ശരിയായി.

രംഗം നാല്

അതേ അന്താരാഷ്ട്ര സ്ഥലത്തെ അതേ അന്താരാഷ്‌ട്ര ബാങ്ക്.

“മേയ് ജൂണ്‍ ജൂലൈ ഐ ഹെല്പ് യൂ സാറേ സാറേ സാമ്പാറേ”

“എനിക്കിപ്പോള്‍ ചെക്ക് കാര്‍‌ഡാണ് ഉള്ളത്. ഒരു ഡെബിറ്റ് കാര്‍ഡ് വേണമായിരുന്നു”

“അതിനെന്താ ഈ ഫോമൊന്ന് പൂരിപ്പിച്ചുകൊള്ളൂ കേട്ടോ-രണ്ടാഴ്ചയ്ക്കകം വിവരമറിയും”

പൂരിപ്പിച്ചു.

ഒരാഴ്‌ച, രണ്ടാഴ്‌ച, മൂന്നാഴ്‌ച...

“ഹൌ ക്യാന്‍ ഐ ഹെല്പ് യൂ സാറേ സാറേ സാമ്പാറേ”

“അതേ, ഞാന്‍ ഒരു മൂന്നാഴ്ച മുന്‍പ് ഒരു ഡെബിറ്റ് കാര്‍ഡിന് അപേക്ഷിച്ചിരുന്നു. ഇതുവരെ ഒരനക്കവുമില്ല. സംഗതി ഇപ്പോള്‍ ആഴ്ച മൂന്നായി. നിങ്ങള്‍ രണ്ടെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്”

“വണ്‍ മൊമന്റോ സാര്‍”

“അതേയ്...സാറേ, എന്തോ എന്തിനോ എന്തൊക്കെയോ പ്രശ്നങ്ങള്‍ കാരണം ആ അപേക്ഷ ഇവിടെനിന്ന് പോയില്ല. സാര്‍ ഈ ഫോമില്‍ ഒരൊപ്പിട്ടാല്‍ മതി, ബാക്കിയൊക്കെ ഓക്കേ, പിണ്ണാക്ക്”

“അല്ല ഇതെന്താ നിങ്ങളുടെ ബാങ്കില്‍ എന്ത് കുന്തത്തിനും രണ്ട് പ്രാവശ്യം വരണമെന്നോ മറ്റോ ആണോ?”

“സാര്‍, വീയാര്‍ വെരിവെരി സോറി. വാട്ടൈ ക്യാന്‍ ഡൂ ഈസ്... അപോളജൈസ് റ്റു യൂ. അന്ന് ആരുടെയടുത്താണ് ഫോം പൂരിപ്പിച്ച് കൊടുത്തതെന്ന് വല്ല ഓര്‍മ്മയുമുണ്ടെങ്കില്‍ ഞാന്‍ അവരോട് ചോദിക്കാം. അവരും വന്ന് പറയും മാപ്പ്. വേണമെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും കോറസ്സായി ഒന്നുകൂടി മാപ്പാം. അല്ലാതിപ്പോള്‍ എന്തോന്ന് ചെയ്യാന്‍...?”

“ഒന്നും വേണ്ടേ, ഒപ്പെവിടെ ഒപ്പെവിടെ ഒപ്പെവിടെ മക്കളേ ഇടേണ്ടത്?”

ഒപ്പിട്ട് കൊടുത്തിട്ടുണ്ട് ഇന്നലെ. ഇപ്രാവശ്യം വിതിന്‍ വണ്‍ വീക്കില്‍ തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരിക്കുന്നത്.

രംഗം അഞ്ച്

നാട്ടിലെ ഓള്‍ഡ് ജെന്‍ ബാങ്ക്. ഒരക്കൌണ്ടില്‍ നിന്ന് വേറൊരക്കൊണ്ടിലേക്ക് ഓണ്‍ലൈന്‍ പൈസാ മാറ്റപ്പരുപാടിയില്‍ കണ്‍‌ഫ്യൂഷന്‍. ഈമെയിലയച്ചു. നല്ല ഒന്നാന്തരമായി അവര്‍ സംഗതി കൈകാര്യം ചെയ്തു. മൂന്ന് ദിവസം കൊണ്ട് പ്രശ്‌നമെല്ലാം തീര്‍ന്നു.

അതുകൊണ്ട് എന്റെ അനുഭവത്തില്‍ ഇതെല്ലാം വെറും ആപേക്ഷികം. പിന്നെ ന്യൂജെന്‍ ബാങ്കില്‍ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഓരോ ചിരിക്കും അവര്‍ പൈസയും ഈടാക്കും നമ്മുടെയടുത്തുനിന്ന്. ഓള്‍ഡ് ജെന്‍ ബാങ്കില്‍ അത്രയ്ക്ക് കഴുത്തറപ്പില്ല എന്ന് തോന്നുന്നു (ഉറപ്പില്ല).ബംഗാള്‍വള്ളൂരില്‍ ഏതോ രണ്ട് കൊല്ലങ്ങള്‍ അടുപ്പിച്ച് ബെസ്റ്റ് ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു സ്റ്റേറ്റ് ബാങ്കായിരുന്നു എന്നും എന്റെ സുഹൃത്ത് പറഞ്ഞു.

Labels: , , ,

Link