Sunday, August 19, 2007

“ഇതെങ്ങിനെയൊത്തെടി മറിയേ...”

പണ്ട് നിഷാദ് ഈ പോസ്റ്റില്‍ പറഞ്ഞിരുന്നു, ആരെങ്കിലും കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഒരു പോസ്റ്റിട്ടു കഴിയുമ്പോള്‍ ഏതെങ്കിലും ഒരണ്ണന്‍ ഓടി വന്ന് പറയും, “ഇതേ കാര്യം, ഇതേ കഥ, ഇതേ പശ്ചാത്തലം, ബ്ലോഗ് തുടങ്ങിയ കാലം മുതല്‍ ഞാന്‍ എഴുതണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്ന്. നിഷാദ് ചോദിക്കുന്നത്, എങ്കില്‍ പിന്നെ എന്തിന് ഇത്രയും കാലം അത് ചെയ്യാതിരുന്നു? ലെവന്‍ എഴുതി പോസ്റ്റിക്കഴിഞ്ഞിട്ട് ഓടി വന്ന് പറയുന്നതുകൊണ്ട് എന്ത് പ്രയോജനം?"

അവിടെ നിഷാദിനോട് അന്നും ഞാന്‍ പൂര്‍ണ്ണമായും യോജിച്ചിരുന്നില്ല. ഞാന്‍ പറഞ്ഞു, യഥാര്‍ത്ഥത്തില്‍ അങ്ങിനെ തോന്നിയതാണെങ്കില്‍ ആ കാര്യം ഒരു കമന്റായി പറയുന്നതുകൊണ്ട് എന്താണ് കുഴപ്പം? എനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലയിടത്തൊക്കെ ഞാന്‍ പറയണമെന്നും ഓര്‍ത്തിട്ടുണ്ട്. ചിലയിടത്തൊക്കെ പറഞ്ഞിട്ടും ഉണ്ട് എന്ന് തോന്നുന്നു. ഈ കാര്യങ്ങളൊക്കെ അന്ന് ഞാന്‍ അവിടെ കമന്റായി പറഞ്ഞിരുന്നു.

പക്ഷേ കഴിഞ്ഞ രണ്ട് ദിവസമായി ബ്ലോഗുകളില്‍ വന്ന രണ്ട് പോസ്റ്റുകള്‍ വായിച്ചപ്പോള്‍ നിഷാദിന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ എനിക്കും സംഭവിക്കുകയാണല്ലോ എന്ന് ഞാനറിഞ്ഞു. ആരോ എന്റെ പ്ലാനും പദ്ധതിയും ടാപ്പും ടേപ്പും ചെയ്യുന്നുണ്ടോ എന്നുപോലും ഞാന്‍ സംശയിച്ചുപോയി. ഞാന്‍ എഴുതണമെന്ന് വിചാരിച്ചിരുന്ന രണ്ട് കാര്യങ്ങള്‍ അടുപ്പിച്ചടുപ്പിച്ച് രണ്ടുദിവസമായി രണ്ട് വ്യത്യസ്ഥ ബ്ലോഗുകളില്‍ പോസ്റ്റുകളായി പ്രത്യക്ഷപ്പെട്ടതിനെ തല്‍‌ക്കാലം കോയ കണ്ട ഒരു ഇന്‍സിഡന്റായി കരുതാനേ പറ്റുന്നുള്ളൂ :)

ആദ്യത്തെ സംഭവം ഡാലിയുടെ വനിതാലോകത്തിലെ ഈ പോസ്റ്റായിരുന്നു. ആ പോസ്റ്റില്‍ ഡാലി പറഞ്ഞ വെള്ളത്തിന്റെ കാര്യം യുക്തിവാദപ്പോസ്റ്റ് സീരീസില്‍ (1, 2, 3) സുകുമാരന്‍ മാഷിന്റെ ഒരു പരാമര്‍ശത്തിന് (തെളിവുകളില്ലാതെ കാര്യങ്ങള്‍ വിശ്വസിക്കുന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഒരു പരാമര്‍ശം) മറുപടിയായി അവിയല്‍ ബ്ലോഗില്‍ ഇടണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഞാന്‍ ഉദാഹരിക്കാന്‍ വെച്ചിരുന്ന കാര്യമെടുത്ത് ഡാലി ഡാലിയുടെ പോസ്റ്റിനെ ഉദാഹരിച്ചിരിക്കുന്നത് കണ്ടത്. (അവിയല്‍ ബ്ലോഗില്‍ ഇടണമെന്ന് തോന്നാന്‍ കാര്യം, സുകുമാരന്‍ മാഷിന്റെ ബ്ലോഗില്‍ വളരെ ഗൌരവതരമായ, എനിക്കൊന്നും വലിയ പിടിപാടില്ലാത്ത രീതിയിലുള്ള ചര്‍ച്ചകളായിരുന്നു. അവിടെ പോയി എന്തെങ്കിലും മണ്ടത്തരം പറയാന്‍ ഞാന്‍ ആകപ്പാടെ സങ്കോചമനസ്‌കനായിപ്പോയി). അധികമൊന്നുമില്ലെങ്കിലും ഉള്ള യുക്തിയൊക്കെ വെച്ച് ചിന്തിച്ചിട്ടും “ഇതെങ്ങിനെയൊത്തെടി മറിയേ” സ്റ്റൈലില്‍ ഞാന്‍ കുറച്ച് നേരമിരുന്നു. പിന്നെ ഒന്നുമറിയാ (കണ്ടോ മറിയ രണ്ട് പ്രാവശ്യം വന്നത്, ഇതുമെങ്ങിനെയൊത്തെടി മറിയേ)ത്തവനെപ്പോലെ ഡാലിക്ക് ഒരു ആശംസയൊക്കെ അര്‍പ്പിച്ച് അവിടെനിന്ന് പോന്നു.

(ഡാലി പറഞ്ഞ കാര്യം തന്നെ ഞാനും പറയാന്‍ ഉദ്ദേശിച്ചു എന്ന് പറയുമ്പോള്‍ യുക്തിവാദത്തെ സംബന്ധിച്ച് എന്റെ അഭിപ്രായം തന്നെയാണ് ഡാലിക്കും എന്ന് വ്യാഖ്യാനിക്കരുതെന്നപേക്ഷ. ഡാലി പറഞ്ഞ പശ്ചാത്തലവും ഞാന്‍ ഉദ്ദേശിച്ച പശ്ചാത്തലവും തമ്മില്‍ ഇന്ദ്രന്‍സും എന്നെല്‍ ബാല്‍‌സും തമ്മിലുള്ള വ്യത്യാസമുണ്ട്. യുക്തിവാദത്തെപ്പറ്റി ഡാലിയുടെ അഭിപ്രായം എന്താണെന്ന് പോലും എനിക്കറിയില്ല. എങ്കിലും എന്തിനും തെളിവ് വേണം എന്ന രീതിയിലുള്ള ഒരു പരാമര്‍ശം യുക്തിവാദത്തെപ്പറ്റിയുള്ള പോസ്റ്റില്‍ കണ്ടപ്പോള്‍ പൂര്‍ണ്ണമായും തെളിയാത്ത പല സംഗതികളും ശാസ്ത്രത്തിലുമുണ്ടെങ്കിലും ശാസ്ത്രം തെറ്റാണെന്നാരും പറയുന്നില്ലല്ലോ എന്ന രീതിയിലുള്ള ഒരു മറുപടി പറയാന്‍ വെള്ളത്തെ ഉദാഹരണമാക്കാമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ആ ഉദാഹരണം എത്രമാ‍ത്രം അനുയോജ്യമാണ് അക്കാര്യത്തില്‍ എന്നതും എനിക്കറിയില്ല. എന്തായാലും ഞാന്‍ ഇന്നോ നാളെയോ ഒരു അവിയല്‍ പോസ്റ്റ് അതിനെപ്പറ്റി ഇടാമെന്ന് വിചാരിച്ച് ഇന്നലെ നോക്കിയപ്പോള്‍ ദേ കിടക്കുന്നു, അതേ കാര്യം ഡാലിയും ഉദാഹരിച്ചിരിക്കുന്നു- വേറേ പശ്ചാത്തലത്തിലാണെങ്കിലും (ഇത് പിന്നെയും പിന്നെയും പറയാന്‍ കാര്യം നേരത്തെ പറഞ്ഞതുപോലെ “ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍” എന്ന് പറഞ്ഞാല്‍ അതുപോലും തോന്നിയതുപോലെ വ്യാഖ്യാനിക്കുന്ന സമയമായതുകൊണ്ടാണ്-ഒരു പ്രിവന്റീവ് പ്രിക്കുവേഷന്‍).

അങ്ങിനെ “ഇതെങ്ങിനെയൊത്തെടി മറിയേ“ ഷോക്കില്‍ ഇന്നലെ പോയിക്കിടന്നുറങ്ങിയ ഞാന്‍ ഇന്ന് “പിന്‍‌മൊഴിയില്ലാത്ത എന്റെ ബ്ലോഗ് ദിനങ്ങള്‍” എന്ന ടൈറ്റില്‍ വേണോ, ഇനി പിന്‍‌മൊഴി എന്ന വാക്ക് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയാലോ, അതുകൊണ്ട് കമന്റ് അഗ്രഗേറ്റര്‍ എന്ന പൊതുനാമം ഉപയോഗിച്ചാല്‍ മതിയോ ടൈറ്റിലില്‍ എന്നൊക്കെ ആലോചിച്ച് പിന്‍‌മൊഴിയില്ലാതെ ബ്ലോഗുമ്പോള്‍ എനിക്കുണ്ടാകുന്ന ആ ഒരു ഹാലൂസിനേഷനും ഇല്ല്യൂമിനേഷനും ലൂസ് മോഷനും എന്റെ മൂന്നുകോടിമുപ്പത്തിമൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരത്തി മുന്നൂറ്റിമൂന്നേ പോയിന്റ് മൂന്നേമൂന്ന് വരുന്ന ആരാധകരും വായനക്കാരുമായി പങ്ക് വെയ്ക്കാം എന്നൊക്കെ വിചാരിച്ച് ബ്ലോഗ് തുറന്നപ്പോള്‍ ദോ കിടക്കുന്നു, ഇഞ്ചിയുടെ പുതിയ പോസ്റ്റ്, സ്വതന്ത്ര ബ്ലോഗിംഗിനെപ്പറ്റി... ഞാന്‍ പറയണമെന്ന് വിചാരിച്ചിരുന്നോ എന്ന് കണ്‍ഫ്യൂഷനൊക്കെ ഉണ്ടാക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ഞാന്‍ പറയുമായിരുന്നതിനെക്കാളും നന്നായി എന്ന് എനിക്ക് തോന്നിയ രീതിയില്‍ ഇഞ്ചി അവിടെ പറഞ്ഞിരിക്കുന്നു. കേപ്പീയേസീ ലളിത സ്റ്റൈലില്‍ കവിളത്ത് കൈയ്യും വെച്ച് ഞാന്‍ ഒന്നുകൂടി പറഞ്ഞു:

“ഇതെങ്ങിനെയൊത്തെടി മറിയേ...”

അങ്ങിനെ രണ്ട് ബ്ലോഗര്‍മാര്‍ രണ്ട് ദിവസം അടുപ്പിച്ച് ഞാന്‍ പറയാനുദ്ദേശിച്ചിരുന്ന കാര്യങ്ങള്‍ അവരവരുടെ രീതിയില്‍ അവതരിപ്പിച്ചത് നേരിട്ട് കണ്ട ഷോക്കിലാണ് ഈ പോസ്റ്റെഴുതുന്നത്. ഇത് വായിച്ചിട്ട് “എന്നാപ്പിന്നെ നിനക്കിത് തോന്നിയപ്പോളങ്ങ് എഴുതാന്‍ മേലായിരുന്നോ?” “വല്ലവരും പോസ്റ്റിട്ടിട്ട് അത് കണ്ട് “ഇത് ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം തന്നെയാണല്ലോ” എന്നൊക്കെ പറയുന്നത് ശുദ്ധ പോക്രിത്തരമല്ലേ” എന്നൊന്നും ആരും പറയരുതേ. ശരിക്കും സംഭവിച്ച കാര്യങ്ങള്‍ തന്നെ. വേണമെങ്കില്‍ ബ്ലോര്‍ക്കോ അനാലിസിസ് ടെസ്റ്റ്, ബ്ലോഗ് മാപ്പിംഗ് ടെസ്റ്റ് തുടങ്ങി എന്ത് ആധുനിക ശാസ്ത്രീയ കുറ്റാന്വേഷണ വൈദ്യര്‍ വൈദ്യമഠം ശാസ്ത്ര മനഃശാസ്ത്ര പരിപാടിക്കും എന്റെ ബ്ലോഗുകളെ വിധേയമാക്കിക്കോ, പൂര്‍ണ്ണ സമ്മതം. തോന്നിയ സമയത്ത് എഴുതാതിരുന്നത് തോന്നിയ സമയങ്ങള്‍- 1) ഉറങ്ങുന്നതിന് രണ്ട് മിനിറ്റ് മുന്‍പ്; 2) കുളിച്ചുകൊണ്ടിരുന്നപ്പോള്‍; 3) പാല് വാങ്ങിക്കാന്‍ പോയ സമയം; 4) ആപ്പീസിലേക്ക് നടക്കുന്ന സമയം ഇവയൊക്കെയായിരുന്നതുകൊണ്ടാണ്. ഈ സമയങ്ങളിലൊന്നും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനുള്ള ഒരു സാഹചര്യമില്ലായിരുന്നു-ശരിക്കും.

എന്തായാലും ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ കമന്റ് അഗ്രഗേറ്ററിലേക്ക് അയക്കുന്നത് പിന്‍‌മൊഴി നിര്‍ത്തിയതില്‍ പിന്നെ തുടര്‍ന്നും ചെയ്യാത്തതിന്റെ ഒരു സുഖം ഞാനും ഇപ്പോള്‍ അനുഭവിക്കുന്നുണ്ട് എന്നത് സത്യം. പിന്‍‌മൊഴി നിര്‍ത്തിയപ്പോള്‍ ഒരു ഇന്റര്‍വ്യൂ, കുറച്ച് കമന്റുകള്‍, ഒരു അവിയല്‍ പോസ്റ്റ് ഇവയൊക്കെ നടത്തിയതാണ് ഞാനും. ബ്ലോഗിംഗിന് കമന്റ് അഗ്രഗേഷന്‍ ഒരു അത്യന്താപേക്ഷിത സംഗതിയാണ് എന്നതായിരുന്നു എന്റേയും ചിന്ത. പക്ഷേ അതില്ലാതെ ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍‌നിന്നൊക്കെയോ മോചനം നേടിയ ഒരു ഫീലിംഗ്‌സൊക്കെ കിട്ടുന്നുണ്ട്. എന്ന് വെച്ച് പിന്‍‌മൊഴി ഉപയോഗിച്ചിരുന്ന കാലത്ത് എന്റെ പോസ്റ്റുകളില്‍ വന്ന കമന്റുകളെയും അത് ഉപയോഗിക്കാത്ത കാലത്ത് എന്റെ പോസ്റ്റുകളില്‍ വരുന്ന കമന്റുകളെയും ഒരേ വികാരത്തോടെ തന്നെയാണ് ഞാന്‍ കാണുന്നത്. പക്ഷേ പിന്‍‌മൊഴി ഉള്ളപ്പോള്‍ അതിങ്ങനെ ഓരോ അഞ്ച് മിനിറ്റും റിഫ്രഷ് ചെയ്ത് രണ്ടും മൂന്നും നാലും ബ്ലോഗുകളില്‍ ഒരേ സമയം കൈ വെച്ച് അവിടെയൊക്കെപ്പോയി ആവശ്യത്തിനും അനാവശ്യത്തിനും കമന്റുകളിട്ട് ഒരു ശല്ല്യക്കാരനായ കമന്റ്കാരനായി മാറിയിരുന്നു ഞാന്‍. ഇപ്പോള്‍ അത് സ്വല്പമൊക്കെ കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയമുണ്ട്.

എല്ലാവരും കമന്റുകള്‍ കമന്റ് അഗ്രഗേറ്ററിലേക്ക് അയക്കുന്നത് നിര്‍ത്തിയാല്‍ പിന്നെ അതിഗംഭീരമായ ചര്‍ച്ചകളിലൊക്കെ ഇടിച്ച് കയറി എന്റെ ഹിമാലയന്‍ “വിജ്ഞാനങ്ങള്‍” ഞാനെങ്ങിനെ വിളമ്പും എന്നൊക്കെയുള്ള ആശങ്കകള്‍ എനിക്കുണ്ടായിരുന്നു. പക്ഷേ കിരണിന്റെ ഈ പോസ്റ്റിലും മറ്റും കമന്റ് അഗ്രഗേറ്ററുകളെ ആശ്രയിക്കാതെ, പ്രത്യേകിച്ച് തടസ്സമൊന്നും കൂടാതെ തന്നെ എന്റെ പൊട്ടത്തരങ്ങള്‍ വിളമ്പാന്‍ എനിക്ക് സാധിച്ചു. മറുമൊഴി കമന്റ് അഗ്രഗേറ്റര്‍ ഉപയോഗിച്ചിരുന്നു എങ്കിലും കിരണിന്റെ പോസ്റ്റില്‍ നേരിട്ട് പോയിത്തന്നെയായിരുന്നു പലപ്പോഴും എന്റെ വിജ്ഞാനങ്ങള്‍ കൊജ്ഞാണനായി വിളമ്പിയിരുന്നത്. അതുകൊണ്ട് വേണമെങ്കില്‍ ചക്ക പ്ലാവിലും കായ്ക്കും എന്ന തിയറിപ്രകാരം എന്റെ “വിജ്ഞാനങ്ങള്‍“ മറ്റുള്ളവരുമായി പങ്ക് വെക്കുന്നതിനും അവരുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നതിനും കമന്റ് അഗ്രഗേറ്ററുകളെ ആശ്രയിച്ചില്ലെങ്കിലും പറ്റും എന്നെനിക്ക് മനസ്സിലായി.

മലയാളം ബ്ലോഗുകളുടെ തുടക്കത്തില്‍ ബ്ലോഗിംഗിന്റെ വളര്‍ച്ചയ്ക്ക് കമന്റ് അഗ്രഗേറ്ററുകള്‍ പോലെ എന്തെങ്കിലും വേണം എന്ന ദീര്‍ഘവീക്ഷണം അതുണ്ടാക്കിയവര്‍ക്കുണ്ടായിരുന്നു. അതുപോലെതന്നെ ബ്ലോഗിംഗിന്റെ ഈ ഒരു ഘട്ടത്തില്‍ ആ കമന്റ് അഗ്രഗേഷന്‍ പരിപാടി നിര്‍ത്തണം എന്ന ദീര്‍ഘവീക്ഷണവും അവര്‍ കാണിച്ചു. ഇത് തികച്ചും വ്യക്തിപരമായ ഒരു നിരീക്ഷണം മാത്രം. ശരിക്കും ഭാവിയില്‍ കമന്റ് അഗ്രഗേഷനുള്ളതാണോ ഇല്ലാത്തതാണോ കൂടുതല്‍ നല്ലതായി വരുന്നത് എന്നെനിക്കറിയില്ല. പക്ഷേ കമന്റ് അഗ്രഗേറ്ററുകളിലേക്ക് എന്റെ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ അയക്കാതെയും ഞാന്‍ ബ്ലോഗിംഗ് തുടരുന്നു എന്നത് മലയാളം ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായ ഒരു വാര്‍ത്തയല്ല.

പക്ഷേ ഇവിടെ ടോപ്പിക്ക് അതല്ല, ഇതെങ്ങിനെയൊത്തെടി മറിയേ... അതാണ് ടോപ്പിക്ക്:)

Labels: , ,