Wednesday, September 06, 2006

ഇത് പണ്ട് ക്ലബ്ബിലിട്ടതാ-പരിസ്ഥിതിവാദി

“നമ്മുടെ നാട് നമ്മുടെ വീടാണ്. നമ്മള്‍ പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ നമ്മുടെ വീട്ടില്‍ കൂട്ടിയിടുമോ? ഇല്ല. പക്ഷേ നമ്മള്‍ അയല്പക്കക്കാരന്റെ പറമ്പിലോട്ട് തട്ടും. പക്ഷേ സുഹൃത്തുക്കളേ അവിടെക്കിടന്നാലും ഇവിടെക്കിടന്നാലും അത് നമ്മുടെ മണ്ണിനെ മലിനമാക്കും അതുകൊണ്ട് നമ്മള്‍ ഒരിക്കലും നമ്മുടെ വേസ്റ്റ് അയലോക്കക്കാരന്റെ പറമ്പില്‍ തട്ടരുത്”

പരിസ്ഥിതി വാദി പ്രസംഗിക്കുകയാണ്. എല്ലാവരും കൈയടിച്ചു. പ്രസംഗം കഴിഞ്ഞ് പോകാന്‍ തുടങ്ങുമ്പോള്‍ തോമാച്ചേട്ടന്‍ ഓടി അടുത്തെത്തി.

“സാറേ, ഒന്നോ രണ്ടൊ പ്ലാസ്റ്റിക്കൊക്കെയാണെങ്കില്‍ ഞാന്‍ കത്തിച്ചുകളയും. കുഴപ്പമുണ്ടോ?”

“പാടില്ല. അതും എന്താണ് ചെയ്യുന്നത്? അതില്‍‌നിന്നും ഉയരുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ മലിനമാക്കുകയല്ലേ ചെയ്യുന്നത്? ഒരിക്കലും നമ്മള്‍ പ്ലാസ്റ്റിക്ക് ഇങ്ങനെ കത്തിക്കരുത്”.

“പിന്നെ എന്തുചെയ്യും സാറേ? ഇതെല്ലാം കൂടി ഇങ്ങിനെ കൂന കൂടിക്കൂടി..............”

“സാറപ്പോ എങ്ങിനെയാ ഇതൊക്കെ കളയുന്നേ? മണ്ണിനും വായുവിനും ഒന്നും ഒന്നും പറ്റാതെ?” തോമാച്ചേട്ടന്‍ ചോദിച്ചു.

തോമാച്ചേട്ടന്റെ കവിളത്ത് ഒന്ന് തോണ്ടി കോവാലകിഷയണ്ണന്‍ സ്റ്റൈലില്‍ പരിസ്ഥിതിവാദി മൊഴിഞ്ഞു:

“ഞാനോ, ഞാന്‍ ഇതെല്ലാം കൂടെ ജീപ്പിലോട്ടിട്ട് തമിഴ്‌നാട്ടില്‍ ചരക്കെടുക്കാന്‍ പോകുമ്പോള്‍ അവിടെ തട്ടും”

Link

Tuesday, September 05, 2006

ഇത് വിശാലന്റെ മുന്തിരി ജ്യൂസ് പോസ്റ്റിലിട്ടതാ

ഔദ്യോഗിക വിജ്ഞാനവിനോദസഞ്ചാരകലാപരിപാടികള്‍ക്കിടയില്‍ മദ്രാസ്സിലെ ശ്രീറാം ഫൈബേഴ്സ് സന്ദര്‍ശിച്ച് അന്തംവിട്ട് അവരുടെ വിശാലമായ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഏസീയുടെ ശീതളശ്ചായയില്‍ (തന്നെ?) മുട്ടയുടെ ആകൃതിയിലുള്ള വിശാലമായ മേശയുടെ അപ്പുറത്തെ സൈഡില്‍ ഞങ്ങള്‍ പതിനൊന്നു പേര്‍, ഇപ്പുറത്തെ സൈഡില്‍ ഒമ്പതുപേര്‍ ഒരെന്‍ഡില്‍ സാര്‍, മറ്റേ എന്‍ഡില്‍ കമ്പനിയുടെ ഏറ്റവും വലിയ പുള്ളി സി.ഇ.ഓ. എല്ലാവരുടേയും മുന്‍പില്‍ ഫ്രൂട്ടി.

മൊത്തം നിശ്ശബ്ദത. എന്താ പറയേണ്ടതെന്നും മിണ്ടേണ്ടതെന്നും ആര്‍ക്കും ഒരു പിടിയുമില്ല. എല്ലാവന്റേയും നാക്ക് അണ്ണാക്കില്‍. നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് സി.ഇ.ഓ പറഞ്ഞു, എന്നാല്‍ ഫ്രൂട്ടി കുടി, നമുക്ക് അതു കഴിഞ്ഞ് സംസാരിക്കാം.

ഇന്നലത്തെ മനോരമയില്‍ കണ്ടപോലെ എങ്ങിനെ ചായകുടിക്കണം എന്നപോലത്തെ സംഗതികളൊന്നും അന്ന് വായിച്ചിട്ടില്ലായിരുന്നതുകാരണം, ഒരു മുട്ടന്‍ കമ്പനിയിലെ മുട്ടന്‍ കോണ്‍‌ഫറന്‍സ് ഹാളില്‍ ഒരു മുട്ടന്‍ സി.ഇ.ഓയുടെ മുന്‍പിലിരുന്ന് എങ്ങിനെ ഫ്രൂട്ടി കുടിക്കണം എന്ന് ആര്‍ക്കും ഒരു പിടുത്തവുമില്ല. എങ്ങാനും പിഴച്ചാല്‍ ഭാവിയില്‍ ഒരു ജോലി തരാന്‍ പ്രാപ്തമായ കമ്പനിയാണ്, പ്രാപ്തനായ സി.ഇ.ഓയും. മോശാ‍ഭിപ്രായം മൃതിയേക്കാള്‍ ഭയാനകം.

ഷുക്കൂറായിരുന്നു ആദ്യത്തെ ഇര. ഇനിഷ്യേറ്റീവ് എടുത്ത് ഷുക്കൂര്‍ തന്നെ സ്ട്രോയുടെ കൂര്‍ത്ത വശം ഫ്രൂട്ടിക്കൂടില്‍ കുത്തിയിറക്കി കൂട് മേശമേല്‍ വെച്ച് പതുക്കെ ഒരു സിപ്പ് അകത്തേക്ക് വലിച്ചു.

അതുവരെ സംഗതി ഓക്കേ.

ആരക്കമിഡിയണ്ണന്റെ തത്വം പ്രകാരം എത്ര മില്ലി ഫ്രൂട്ടി അകത്തേക്ക് ചെന്നോ അത്രയും അളവ് കൂട് അകത്തേക്ക് കുഴിഞ്ഞു.

അതുവരേയും ഓക്കേ.

പിന്നെയായിരുന്നു പ്രശ്നം. ഇനി ഷുക്കൂറിന് ചെയ്യേണ്ടത് സ്ട്രോ വായില്‍നിന്നും മാറ്റി വായ്ക്കകത്തുള്ള ഫ്രൂട്ടി വയറ്റിലാക്കണം (വലിയ കമ്പനിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ എങ്ങിനെ പെരുമാറണമെന്നുള്ളതിന് ഒരു ചിന്ന ട്രെയിനിംഗ് കിട്ടിയതുകാരണമാണോ എന്നറിയില്ല, ഇരുനൂറ്റമ്പതുമില്ലിയും ഒന്നിച്ചകത്താക്കാന്‍ ഷുക്കൂറ് തുനിഞ്ഞില്ല). പക്ഷേ ആരിക്കമിഡിയുടേയോ, വേറേ ഏതെങ്കിലും മിഡിയുടേയോ തത്വപ്രകാരം, ഷുക്കൂര്‍ സ്ട്രോ ചുണ്ടില്‍നിന്നും മാറ്റിയ ആ നിമിഷം തന്നെ തക്കം പാര്‍ത്തിരുന്നു ആ ഏരിയായിലുള്ള മൊത്തം കാറ്റും സ്ടോവഴി ഫ്രൂട്ടിക്കൂടിനകത്തു കയറുകയും........

...ബ്രൂമ്മ്മ്മ്മ്മ്മ്മ്മ്മ്ം എന്ന, വേറേ എന്തിനേയോ ഓര്‍മ്മിപ്പിക്കുന്ന, വല്ലാത്ത ഒരു ശബ്‌ദം ആ മുറിയാകെ മുഴങ്ങുകയും ചെയ്തു.

ഈ അപകടം മുന്‍‌കൂട്ടി കണ്ടതുകാരണം ഞങ്ങളാരും ആ ഇനിഷ്യേറ്റീവിനു തുനിഞ്ഞില്ല.

ഒരു വലിയ കമ്പനിയുടെ വലിയ കോണ്‍‌ഫറന്‍സ് ഹാളില്‍ ഒരു വലിയ സി.ഇ.ഓയുടെ മുന്‍പില്‍ എങ്ങിനെ പെരുമാറണമെന്നൊക്കെ നന്നായി അറിയാമായിരുന്നതുകാരണം, ആ മീറ്റിംഗ് കഴിയുന്നതുവരെ ഞങ്ങള്‍ ചിരിയടക്കി.

ആ ശബ്ദം ഒന്നുകൂടി കേള്‍ക്കാന്‍ കഴിവില്ലാത്തതുകാരണമാണോ, അതോ ഒരു വലിയ കമ്പനിയുടെ വലിയ കോണ്‍ഫറന്‍സ് ഹാളിലിരിക്കുന്ന വലിയ സി.ഇ.ഓ ആണ് താനെന്നോര്‍ക്കാതെ താനും ചിരിച്ചുപോകുമോ എന്നോര്‍ത്താണോ എന്നറിയില്ല, വളരെപ്പെട്ടെന്ന് സി.ഇ.ഓ ആ മീറ്റിംഗ് അവസാനിപ്പിച്ചു.

സീയീയയ്യോ ആ റൂമിനു പുറത്തിറങ്ങിയതും ഹാളാകെ ബ്രൂമ്മ്മ്മ്മ്മ്മ്മ്മ്മ്ം ശബ്‌ദത്താല്‍ മുഖരിതമായി.

Link

Monday, September 04, 2006

വയല്‍‌ക്കരയണ്ണന്റെ നായബുദ്ധിപ്പോസ്റ്റിലിട്ടത്

അണ്ണന്റെ ഈ പോസ്റ്റില്‍ ഞാനിട്ട ചളം.

പാതാളഭൈരവന്റെ പടവും മുന്നില്‍തൂക്കി വടക്കുനിന്നു ചീറിപ്പാഞ്ഞുവന്നു സഡന്‍ബ്രേക്കിട്ട ലൈലാന്‍ഡ്‌ ലോറിയില്‍ നിന്ന്‌ തെറിയുടെ തിരുക്കുറള്‍ രണ്ടു വ്യത്യസ്ത ശബ്ദങ്ങളില്‍ അഖണ്ഡം പെയ്തിറങ്ങിയത്‌ അദ്ദേഹത്തിന്റെ നിര്‍ബ്ബന്ധബുദ്ധിക്കു തെല്ലും പോറലേല്‍പ്പിച്ചില്ല

തകര്‍പ്പനെഴുത്ത്. നാല്‍പ്പത് വയസ്സ് കഴിഞ്ഞ് സ്കൂട്ടറോടിക്കാന്‍ പഠിക്കാന്‍ തീരുമാനിച്ച ഞങ്ങളുടെ ഒരു ബന്ധുവിനെ(അന്ന് വിദേശനാണയം ദക്ഷിണ വെച്ചാല്‍ മാത്രം കിട്ടുന്ന ബജാജ് ചേതക് അദ്ദേഹത്തിന് കിട്ടിയത് മുതലാക്കാന്‍) വിശാലമായ ഒരു മൈതാനത്താണ് ആദ്യം കൊണ്ടുപോയത്. ആ മൈതാനത്ത് ആകപ്പാടെയുള്ള വസ്തു എന്ന് പറയാന്‍ അതിവിശാലമായ മൈതാനത്തിന്റെ ഒരു മൂലയ്ക്ക് നിന്ന് നോക്കിയാല്‍ വെറും ഈര്‍ക്കില്‍ പോലെയിരിക്കുന്ന രണ്ട് ഗോള്‍ പോസ്റ്റുകള്‍ മാത്രം. ബന്ധുവിന്റെ പുറകില്‍ അമ്മാവന്‍ ഇരുന്ന് രണ്ടുപേരും കൂടി നാലു കൈയ്യും ഹാന്റിലില്‍ വെച്ച് ആദ്യപാഠങ്ങള്‍ അമ്മാവന്‍ ചെവിയില്‍ ഉരുവിട്ടു. മൂന്നാം റൌണ്ട് ബന്ധു തന്നെ ഓടിക്കണം. സംഗതി ഫസ്റ്റ് ഗിയറിലാക്കി ക്ലച്ചില്‍ നിന്നും കൈയ്യെടുക്കുന്നിടം വരെ അമ്മാവന്‍ കൂടെയോടി ലാല്‍‌സലാം സഖാവേ പറഞ്ഞ് യാത്രയാക്കി.

ആദ്യത്തെ പോക്ക് പോയി മൈതാനത്തിന്റെ മൂലയ്ക്കെത്തി വിദഗ്‌ദമായി വണ്ടി തിരിച്ച് പോയ ബന്ധു ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പായുന്നത് കണ്ട് അപ്പുറത്തെ മൂലയ്ക്ക് നില്‍ക്കുന്ന ഞങ്ങള്‍ നെഞ്ചത്ത് കൈവെച്ചു (കുഞ്ഞായിരുന്ന ഞാന്‍ വെച്ച കൈ നെഞ്ചും കഴിഞ്ഞ് പുറത്തേക്ക് തള്ളി നിന്നു-അമ്മാവന്റെ കൈ നെഞ്ച് നന്നായി കവര്‍ ചെയ്ത് മിച്ചം നെഞ്ചുമുണ്ടയിരുന്നു). പോസ്റ്റിന്റെ ആദ്യത്തെ കാലിനിപ്പറത്തുകൂടി വണ്ടി കൊണ്ടുപോയ ദേഹം അപ്പുറത്തെ കാല്‍ കടന്നത് അപ്പുറത്തെ സൈഡില്‍ കൂടെയായിരുന്നു. ഇത്രയ്ക്കും എക്‍സ്‌പര്‍ട്ടാകാന്‍ മാത്രം അദ്ധ്യാപന ശേഷിയൊന്നും അമ്മാവനില്ലല്ലോ എന്ന് ശങ്കിച്ച് ഞങ്ങള്‍ മരുമക്കളും ഇതെങ്ങിനൊത്തടി മറിയേ എന്ന് ശങ്കിച്ച് അമ്മാവനും നില്‍ക്കുമ്പോള്‍ ബന്ധു മൈതാനത്തിന്റെ അപ്പുറത്തെ മൂലയ്ക്കെത്തി.

പഴയതിലും വിദഗ്‌ദമായി മൂല തിരിച്ച് പഴയതുപോലെ ദേഹം ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങി. മന്ദം മന്ദം നീങ്ങിയ ബന്ധു അത്രയും വിശാലമായ മൈതാനത്തില്‍ ഇടിക്കാനുള്ള ഏകവസ്തുവായ ഈര്‍ക്കില്‍ പോലിരിക്കുന്ന ആ പോസ്റ്റിന്റെ ഒത്ത നടുക്ക് തന്നെ സ്കൂട്ടര്‍ കൊണ്ടുപോയി ഇടിപ്പിച്ച് മറിഞ്ഞ് വീണപ്പോഴാണ് ഞങ്ങള്‍ക്ക് പഴഞ്ചൊല്ലിലും അമ്മാവന്റെ പഠിപ്പിക്കാനുള്ള കഴിവിലും‍ കുറച്ചൊക്കെ വിശ്വാസമുണ്ടായത്.

Link