റബ്ബര്‍ ടെക്നോളജി മലയാള സിനിമയില്‍
വലിച്ചാല്‍ വലിയ്ക്കുന്നത്രയും നീളുകയും വിട്ടാല്‍ പൂര്‍വ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യുന്നത് റബ്ബര്‍ മാത്രമല്ല എന്ന് ഇന്നലെ മനസ്സിലായി-ബിഗ് ബി എന്ന മലയാളം സിനിമയിലെ പല സീനുകളും കണ്ടപ്പോള്‍ ഒരു റബ്ബര്‍ ബാന്‍ഡ് എടുത്ത് വലിക്കുന്ന പ്രതീതി തോന്നിപ്പോയി (ബിഗ് ബി പങ്കകള്‍ ക്ഷമിക്കുക-സത്യമായിട്ടും തോന്നിയതാണ്).
സിനിമയുടെ തുടക്കത്തില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന സീന്‍ തന്നെ നല്ല ഒന്നാന്തരം റബ്ബര്‍ ടെക്നോളജി. രണ്ട് മണിക്കൂര്‍ ഇരുപത്തെട്ട് മിനിറ്റുള്ള ചിത്രത്തില്‍ മമ്മൂട്ടിയുടെ ജീപ്പ് പ്രത്യക്ഷപ്പെടുന്നത് 14:05-ആം മിനിറ്റില്‍. മമ്മൂട്ടിയെ പരിചയപ്പെടുത്തി തീരുന്നത് 20:00-ആം മിനിറ്റില്‍. മൊത്തം സിനിമയുടെ ദൈര്‍ഘ്യത്തിന്റെ അഞ്ച് ശതമാനത്തോളം നായകാവതരണത്തിനായി എടുക്കുക എന്നതൊക്കെയായിരിക്കും മോഡേണ്‍ ഫിലിം ടെക്നോളജി തിയറി എന്ന് കരുതി കണ്ടിരുന്നു.
ഹരീയുടെ നിരൂപണത്തില്‍ സഹ്യന് പറഞ്ഞതുപോലെ മമ്മൂട്ടി ഒരു മസില്‍മൂട്ടി ആയോ എന്ന് പലയിടത്തും എനിക്ക് തോന്നിപ്പോയി (സഹ്യന്റെ കമന്റ് ദോ ഈ പോസ്റ്റ് എഴുതാന്‍ നേരത്ത് ഹരീ ഇതിന്റെ നിരൂപണമെഴുതിയിട്ടുണ്ടല്ലോ എന്നോര്‍ത്ത് അത് റഫര്‍ ചെയ്ത സമയത്താണേ ഞാന്‍ ആദ്യമായി കണ്ടത്. മുന്നില്‍ വിധിച്ചതല്ല എന്ന് സാരം). ഉദാഹരണം പടത്തില്‍ മണിയന് പിള്ള രാജു ആന്‍ഡ് മകള്‍ അവരുടെ വീട്ടില്‍ ആദ്യമായി വരുന്ന സീനിലെ മൊത്തം മമ്മൂട്ടികള്‍.
അങ്ങിനെ പടമൊക്കെ കണ്ട് കണ്ട് വന്നപ്പോഴാണ് മമ്മൂട്ടിയുടെ ഭൂതകാലവും കണ്ടത്. ഉള്ളത് പറഞ്ഞാല്‍ മമ്മൂട്ടി ഒരു വക്കീലായിക്കോ, ഡോക്ടറായിക്കോ, ചതിക്കാത്തതോ ചതിക്കുന്നതോ ആയ ചന്തുവായിക്കോ, പൊന്തന്മാട/വിധേയന്/അംബേദ്കര്‍ ആരുമായിക്കോ, പക്ഷേ ഒരു ബോഡിഗാര്‍ഡാവേണ്ടഎന്നതാണ് എന്റെ വിനീത് ബാലകൃഷ്ണന് വിനീത് ശ്രീനിവാസന് അഭിപ്രായം. എന്തോ ഒരു ചേര്‍ച്ചയും തോന്നിയില്ല, മമ്മൂട്ടിയും ആ റോളും തമ്മില്‍. ആ സീന്‍ കണ്ടപ്പോള്‍ മമ്മൂട്ടിയ്ക്ക് വയസ്സായി എന്ന സത്യവും ആദ്യമായി ഞാന്‍ മനസ്സിലാക്കി. ആ സീനില്‍ എന്നെ അതിഭീകരമായി അലട്ടിയ ഒരു പ്രശ്നമുണ്ടായിരുന്നു. എതിരാളിയുടെ ബോഡിഗാര്‍ഡുകള്‍ മമ്മൂട്ടിയെ കൂലം കക്ഷമായി പരിശോധിച്ച് അദ്ദേഹം നിരായുധനായി എന്ന് ഉറപ്പുവരുത്തിയ സീനില്‍, എതിരാളി മമ്മൂട്ടിയുടെ ബോസിനെ വെടിവെക്കാന്‍ തോക്കെടുത്തപ്പോള്‍ മമ്മൂട്ടി എങ്ങിനെ തോക്കൊപ്പിച്ചു എന്നത്. ആദ്യം ദേഹമാസ് കല് പരിശോധിച്ചവന്മാര്‍ ഇത്രയ്ക്ക് മണ്ടന്മാരായിരുന്നോ എന്നുമോര്‍ത്തു. പക്ഷേ പടം പീസുപീസായി കണ്ട് കണ്ട് വന്നപ്പോള്‍ ആ ടെക്നോളജി പിടികിട്ടി.
ഇതു കണ്ടോ മമ്മൂട്ടിയുടെ തോക്കിറങ്ങി വരുന്നത്...

ആ സീനൊക്കെ കണ്ട് കണ്ട് വന്നപ്പോഴാണ് റബ്ബര്‍ ടെക്നോളജി സീനുകള്‍ തുടങ്ങിയത്. മമ്മൂട്ടിയും അനുജന്മാരും ഒരു ജീപ്പില്‍. വില്ലന്മാര് വേറൊരു ജീപ്പില്‍. നമ്മള് ഇങ്ങിനെ ഒരു വേവ്ലെങ്തില്‍ (തിരഞ്ഞെടുക്കാത്ത വളിപ്പുകളിലെ വേവ്ലെങ്തല്ല, പിന്നെന്താണെന്ന് ചോദിച്ചാല്‍ അതൊട്ടറിയാനും വയ്യ) ആ സ്പീഡിനനുസരിച്ച് നമ്മുടെ കണ്ണുകളെയും തലച്ചോറിനെയും (ഉണ്ടെന്ന്...) അഡ്ജസ്റ്റ് ചെയ്ത് വരുമ്പോളതാ സീന്‍ മൊത്തം വലിയുന്നു-ഒരു റബ്ബര്‍ ബാന്‍ഡ് വലിച്ച് നീട്ടിയതുപോലെ. നല്ല സ്പീഡില്‍ പോയ സാധനം പെട്ടെന്ന് സ്ലോമോഷന്‍. ഒരു സെക്കന്റ് കഴിഞ്ഞപ്പോള്‍ ക്വിക്ക് മോഷന്‍. പിന്നെ ലൂസ് മോഷന്‍. അങ്ങിനെ മോഷനുകളെല്ലാം ഇടകലര്‍ന്ന് വന്നൊരു കളി. റബ്ബറിനെ ഓര്‍മ്മ വന്നു. അത് ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമായിരുന്നെങ്കില്‍ രസകരമായിരുന്നു. പക്ഷെ സംവിധായകനും എഡിറ്റര്‍ക്കുമെല്ലാം ശരിക്കത് ബോധിച്ചെന്ന് തോന്നുന്നു. എല്ലാ മോഷനുകളുമുണ്ടായിരുന്നതുകൊണ്ട് ടോട്ടല്‍ ഫിലിം ഈസ് എ കോണ്‍സ്റ്റന്റ് ആയതുകാരണം നിര്‍മ്മാതാവും ഹാപ്പിയായിരുന്നിരിക്കണം. മേട്രിക്സ് മാടിക്സ് പടങ്ങളിലൊക്കെ അങ്ങിനത്തെ സീനുകളുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് ആദ്യമായി കണ്ടത് ഇവിടെയാണ്. എന്തായാലും ബിഗ്ബി പടത്തിലും അത് കാണാന്‍ പറ്റി-ഇഷ്ടം പോലെയും ഇഷ്ടം കഴിഞ്ഞും. ഇഷ്ടമാണ്....പക്ഷേ ഇത്രയും വേണായിരുന്നോ എന്നൊരു സംശയം.
മൊത്തത്തില്‍ ബിഗ്ബി എങ്ങിനെയുണ്ട് എന്ന് ചോദിച്ചാല്‍ ഒറ്റയിരുപ്പിന് പടം മുഴുവന്‍ കണ്ടുതീര്‍ത്തു. ബോറങ്ങിനെ അടിച്ചില്ല. ഒരു ബോളിത്തടിയും ഒരു ഹോളിത്തടിയും ഒരു മലയാളത്തടിയും ത്രീന്‍-ഇന്‍-ഒണ്‍ കണ്ടപോലെ എന്ന് പറഞ്ഞാല്‍ സംഭവം ചില ഹോളിവുഡ് പടങ്ങളുടെയൊക്കെ നിലവാരത്തിലെത്തിയെന്നോ ചില ബോളിവുഡ് പടങ്ങളെപ്പോലെ തറയായി എന്നോ അല്ല, ചില സെറ്റുകളും ലൈറ്റുകളും അതുമിതുമൊക്കെ ചില സമയങ്ങളില്‍ അങ്ങിനെ തോന്നിപ്പിച്ചു എന്ന് മാത്രം. കേട്ടപ്രകാരം അമല്‍ നീരദ് എന്ന സംവിധായകന് ഏതോ ഒരു ഇംഗ്ലീഷ് പടം കോപ്പി ചെയ്ത് വെച്ചിരിക്കുകയാണെന്നുമാണ്. ഇനി കോപ്പിയാണോ പ്രചോദനമാണോ പ്രചോദനം കൊണ്ടുള്ള കോപ്പിയാണോ എന്നറിയില്ല-ഞാന്‍ ആ ഇംഗ്ലീഷ് പടവും കണ്ടിട്ടില്ല. അങ്ങിനെയാണെങ്കില്‍ പിന്നെ എന്ത് പറയാന്‍. എന്തായാലും ഒരു സിനിമ സംവിധാനം ചെയ്യാനുള്ള കഴിവൊക്കെ ദേഹത്തിനുണ്ട് എന്ന് മനസ്സിലായി. ഹരിയുടെ പോസ്റ്റില്‍ സഹ്യന് പറഞ്ഞതുപോലെ ഇനി അദ്ദേഹം കോപ്പിയൊന്നുമല്ലാത്ത ഒരു സ്വതന്ത്ര സ്വാശ്രയ പടം സംവിധാനം ചെയ്യട്ടെ-നമുക്ക് വിലയിട്ടിരുത്താം അദ്ദേഹത്തെ. ഒരു ഡോക്യുമെന്ററിയോ അതുപോലെന്തൊക്കെയോ പോലുള്ള ഒരു ചിത്രം കണ്ട പ്രതീതിയാണ് എനിക്ക് ബിഗ് ബി കണ്ടപ്പോള്‍ തോന്നിയത്. ബോറടിച്ചില്ല എന്നത് സത്യം.
അഭിനേതാക്കളുടെ കാര്യം പറഞ്ഞാല്‍ എനിക്ക് പട്ടിക്കുട്ടികളെയും കൈയ്യില്‍ വെച്ച് കളിക്കുന്ന ദേഹത്തെയും കറന്റ് പോയാല്‍ വീട്ടില്‍ കൂട്ടയിടി നടക്കുമെന്ന് പറയപ്പെട്ട ദേഹത്തെയും മമ്മൂട്ടിയുടെ അനുജനെ കൊല്ലുന്നതിനുമുന്‍പ് വഴിതെറ്റിക്കാന്‍ ബൈക്കില്‍ പ്രലോഭിപ്പിച്ചുകൊണ്ടുപോയ ദേഹത്തെയും പോലീസ് കമ്മീഷണറെയും നന്നായി ഇഷ്ടപ്പെട്ടു. മനോജ് കെ. ജയന്റെ അഭിനയവും ഇഷ്ടപ്പെട്ടു. അത് കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ. അദ്ദേഹത്തിന് അഭിനയിക്കാന്‍ മാത്രം സ്കോപ്പുണ്ടായിരുന്നോ ഈ പടത്തില്‍ എന്ന് സംശയമുണ്ട്. ഏതാണ്ട് ഒരേ രീതിയില്‍ നിന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു എല്ലാ സീനിലും. വാക്കുകളൊക്കെ ഒന്ന് ആറ്റി ഒന്ന് കുറുക്കി കാര്യമാത്രപ്രസക്തമായി മാത്രം. ഒരു രസമുണ്ട് ആ രീതിയിലുള്ള സംഭാഷണമൊക്കെ കേള്‍ക്കാന്‍. ഏതാണ്ട് ഒരേ ടോണിലുള്ള, വികാരവിക്ഷോഭങ്ങളൊന്നുമില്ലാത്ത ഒരു പരുക്കന്‍ മനുഷ്യന് രീതിയിലൊക്കെയുള്ള രീതിയിലുള്ള ഒരു രീതി. നേരത്തെ പറഞ്ഞതുപോലെ പലയിടത്തും മസില്‍മൂട്ടി ആയിപ്പോയോ എന്നും സംശയം തോന്നി. ചില ഇടി സീനുകള്‍ കണ്ടപ്പോള്‍ സന്തൂറിന്റെ പരസ്യമൊട്ട് ഓര്‍മ്മയും വന്നില്ല. ചര്‍മ്മം മാത്രമല്ല മൊത്തത്തില്‍ തന്നെ പ്രായം തോന്നിപ്പോയി. ചിലപ്പോള്‍ മേക്കപ്പിന്റെയായിരിക്കും. എന്നാലും വലിയേട്ടന് മുതലായ പടങ്ങളിലെ മമ്മൂട്ടിയുടെ ഒരു ഇത് ഈ പടത്തില്‍ തോന്നാത്തിനു കാരണം ആ പടം ഇറങ്ങിയിട്ട് കൊല്ലം എട്ടുപത്തായെന്നതോ എനിക്ക് എട്ടുപത്ത് കൊല്ലം കൂടി പ്രായം കൂടി എന്നതോ ആയിരിക്കണം. ചിത്രത്തിന്റെ കളിമാക്സിയെപ്പറ്റി ഹരീ പറയുന്ന “ഓ, ഇത്രയുമേയുള്ളോ” എന്ന തോന്നല്‍ ചിത്രത്തെ പറ്റി മൊത്തം തോന്നിയത് ലോകത്തില്‍ എനിക്ക് മാത്രമാവണേ എന്നാണ് പ്രാര്‍ത്ഥന. ഓര്‍ത്തുവെക്കാന്‍, ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്നൊരു സിനിമ ബിഗ് ബി കണ്ടതിനുശേഷം ഞാന്‍ എന്തായാലും നിര്‍മ്മിക്കില്ല.
ഇന്നസെന്റ് എന്തിനായിരുന്നു ആ പടത്തില്‍ എന്നാലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടിയില്ല. പക്ഷേ സദ്യയില്‍ ഓലനെന്തിനാണ്, തോരനെന്തിനാണ് എന്നൊക്കെ ആലോചിച്ചാല്‍ വല്ല പിടുത്തവും കിട്ടുമോ? അതൊക്കെ ആലോചിച്ചാണോ സദ്യയുണ്ണാന്‍ പോകുന്നത്? അതൊക്കെ ആലോചിച്ചാല്‍ പിന്നെ സദ്യയുണ്ണാന്‍ പറ്റുമോ? അതുകൊണ്ട് അതിനെപ്പറ്റിയൊന്നും ആലോചിക്കേണ്ട കാര്യമേ ഇല്ല. അമ്മയുടെ സെക്രട്ടറിയോ മറ്റോ ആയതുകൊണ്ടാവും.
മലയാളിത്തമുള്ള മലയാളം സിനിമകളൊക്കെ ഇനി പ്രതീക്ഷിക്കുന്നത് ആ പഴയകാലമൊക്കെ തിരിച്ച് കിട്ടും എന്നുള്ള വൃഥാ പ്രതീക്ഷപോലെയായിരിക്കും എന്ന് തോന്നുന്നു. ഇനിയുള്ള കാലം ബിഗ് ബി പോലുള്ള പടങ്ങള്‍ക്കേ സ്കോപ്പുള്ളായിരിക്കും. എന്തായാലും നല്ലൊരു സദ്യയില്‍ നല്ല ഒന്നാന്തരമൊരു പാലടപ്രഥമന്‍ കഴിക്കുന്ന കൂട്ടത്തില്‍ ചെകിടിപ്പ് മാറ്റാന്‍ നാരങ്ങാ അച്ചാര്‍ കഴിക്കുന്ന പോലെയൊന്നുമല്ലെങ്കിലും ബിഗ് ബി കണ്ട് കഴിഞ്ഞ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ഒന്നുകൂടി കണ്ടപ്പോള്‍ നല്ലൊരു സുഖം തോന്നി. രണ്ട്-രണ്ടര മണിക്കൂര്‍ ഒരു സിനിമ കണ്ട ഒരു ഫീലിംഗ്സ് ആ പടം തന്നു-ബിഗ് ബി അതൊട്ട് തന്നുമില്ല. ഒരു സിനിമ എന്തെങ്കിലുമൊക്കെ സന്ദേശങ്ങള്‍ സമൂഹത്തിന് കൊടുക്കണോ വേണ്ടയോ എന്നൊന്നുമറിയില്ല. ഉണ്ടെങ്കില്‍ തന്നെ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍നിന്നൊക്കെ എന്തെങ്കിലുമൊക്കെ സന്ദേശങ്ങള്‍ സമൂഹത്തിന് കിട്ടുമായിരിക്കണം. ബിഗ് ബി യില്‍ നിന്നും കിട്ടും-കൊച്ചി ഇപ്പോള്‍ പഴയ കൊച്ചിയൊന്നുമല്ല എന്ന സന്ദേശം.
(മൊത്തം എന്റെ മാത്രം അഭിപ്രായം. മമ്മൂട്ടി പങ്കകള്‍ എന്നെ ദയവായി അടിക്കരുത്. എനിക്ക് മമ്മൂട്ടി അഭിനയിച്ച തനിയാവര്‍ത്തന്‍, വല്ല്യേട്ടന്, വടക്കന്‍ വീരതഥാഗതന്‍ ഇതൊക്കെ വലിയ ഇഷ്ടമാണ്. രാജമാണിക്യ്യോം കണ്ടും ഞാന്‍ ഒത്തിരി ചിരിച്ചായിരുന്നു. പ്ലീസ്...).
Labels: തോക്കൂരാന്, ബിഗ് ബി, മമ്മൂട്ടി, മസില് മൂട്ടി, റബ്ബര്‍ ടെക്നോളജി