Saturday, July 14, 2007

ഇത് ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മലയാള പഠനം എന്ന പോസ്റ്റിലിട്ട കമന്റുകള്‍

ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സൂര്യകാന്തി എന്ന ബ്ലോഗിലെ മലയാള പഠനം എന്ന പോസ്റ്റിലിട്ട കമന്റുകള്‍. കേരളത്തിലെ സ്കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കുന്നതിനെപ്പറ്റിയൊക്കെയുള്ള ചര്‍ച്ചകളായിരുന്നു ആ പോസ്റ്റില്‍ (അദ്ദേഹത്തിന്റെ ബ്ലോഗ് ഇപ്പോള്‍ കാണാനില്ല).

---------------------------------------------------------

നിര്‍ബന്ധമാക്കുന്നതിനോടൊപ്പം തന്നെ നമുക്ക് തന്നെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുമുണ്ട്. ആംഗലേയ പദങ്ങള്‍ ഒഴിവാക്കാന്‍ പറ്റുന്നിടത്തൊക്കെ നമുക്ക് ഒഴിവാക്കാന്‍ ശ്രമിക്കാം- സംഭാഷണങ്ങളിലും ലേഖനങ്ങളിലും മറ്റും. പ്രസിഡണ്ട്, വൈസ് ചാന്‍‌സലര്‍, ക്യാമ്പസ് സെലക്‍ഷന്‍, മീഡിയം ഇതിനൊക്കെ പകരമുള്ള മലയാള പദങ്ങള്‍ ബ്ലോഗില്‍ തന്നെ നമുക്ക് പ്രചരിപ്പിച്ച് തുടങ്ങാം. ഒരു ചെറിയ കൂട്ടത്തിലും അവരുള്‍പ്പെട്ട കുടുംബങ്ങളിലും നിന്ന് തന്നെ തുടങ്ങാം നമുക്ക് ഇത്തരം ശ്രമങ്ങള്‍. നമുക്ക് തന്നെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്താല്‍ അത്രയെങ്കിലുമായല്ലോ.

ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുന്നതിലും നല്ലതാണ് നമുക്ക് തന്നെ തോന്നി ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ആ തോന്നല്‍ ഉണ്ടാക്കാനുള്ള ബോധവല്‍ക്കരണമാണ് ആദ്യം വേണ്ടത്.

മീഡിയമെന്ന ആംഗലേയ പദത്തിന് തത്തുല്ല്യമായ മാധ്യമമെന്ന പദം മലയാളമായി അംഗീകരിക്കപ്പെട്ട് കഴിഞ്ഞാല്‍ പിന്നെയും നമ്മള്‍ മീഡിയം എന്ന പദം തന്നെ പലയിടത്തും ഉപയോഗിക്കുമ്പോഴും കൂടിയാവണം മലയാളം വളരാതെ നില്‍‌ക്കുന്നത്.

അന്യഭാഷാപദങ്ങളോട് അയിത്തമൊന്നും വേണ്ട. പക്ഷേ ഒരിക്കല്‍ മലയാളീകരിച്ച് കഴിഞ്ഞാല്‍ അത് തന്നെ ഉപയോഗിക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമവും ഭാഷയുടെ നിലനില്‍‌പിനും വളര്‍ച്ചയ്ക്കും സഹായകരമാവുമെന്നൊരു തോന്നല്‍.

--------------------------------------------------------------

മാധ്യമമെന്ന മലയാളം പദത്തിനു പകരം മീഡിയമെന്ന ആംഗലേയ പദം നമുക്ക് സുപരിചിതമായതുതന്നെ മീഡിയം എന്ന പദം നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടല്ലേ. അതുകൊണ്ട് മാധ്യമമെന്ന മലയാളം പദം പതുക്കെ വിസ്മരിക്കപ്പെടും. പിന്നെ ബസ്സ്, കാറ് ഇവയൊക്കെ പോലെ മീഡിയം ഒരു മലയാളം വാക്കായി അംഗീകരിക്കപ്പെടും. അങ്ങിനെയാണോ ഭാഷ വളരേണ്ടത് എന്നൊരു സംശയം. ചിലപ്പോള്‍ അങ്ങിനെയുമാവാം. കാരണം മേശ, ബസ്സ്, കാറ് ഇവയൊക്കെ ഇപ്പോള്‍ മലയാളപദ(?)ങ്ങളായത് അങ്ങിനെയാണല്ലോ.

സതീശ് പറഞ്ഞതുപോലെ പഠിക്കുന്ന മാധ്യമത്തിന്റെ പങ്കിനെക്കാള്‍ മാതാപിതാക്കള്‍ക്കാണെന്ന് തോന്നുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക. വളരെ നല്ല മലയാളവും അതുപോലെ ആംഗലേയവും ഒരേ പോലെ ഉപയോഗിക്കുന്ന ഉത്തരേന്ത്യയിലും മറ്റും ജനിച്ചുവളര്‍ന്നവരില്ലേ. നല്ല പരിശ്രമം വേണം, മാതാപിതാക്കളുടെ പക്കല്‍ നിന്നും. സ്കൂളില്‍ മാധ്യമം ആംഗലേയമാണെങ്കില്‍ കൂടി കുട്ടി വീട്ടില്‍ വന്നാല്‍ വായിക്കാന്‍ കൊടുക്കുന്ന കഥപുസ്തകങ്ങളും മറ്റും മലയാളത്തിലുള്ളതാക്കാമല്ലോ. നല്ല മലയാളം വീട്ടില്‍ സംസാരിക്കാമല്ലോ.

ചെറുപ്പത്തിലെ കുട്ടി ഭാഷയെ സ്നേഹിച്ച് കഴിഞ്ഞാല്‍ പകുതി രക്ഷപെട്ടു എന്ന് തോന്നുന്നു. അങ്ങിനെയാണെങ്കില്‍ തന്നെ ഭാവിയില്‍ എന്നെ എന്തുകൊണ്ട് ആംഗലേയമാധ്യമത്തില്‍ പഠിപ്പിച്ചില്ല എന്നുള്ള ചോദ്യങ്ങള്‍ കുട്ടി ചോദിക്കാതിരിക്കാനും മതി. ഭാഷാതീവ്രവാദമൊന്നും വേണ്ടെങ്കിലും മാതൃഭാഷയില്‍ അഭിമാനം കൊള്ളാനുള്ള മനഃസ്ഥിതി കുട്ടിക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ മാതാപിതാക്കന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും സാധിക്കുമെന്ന് തോന്നുന്നു. ഞാന്‍ എന്തിന് മലയാളം പഠിക്കണം, മലയാളത്തില്‍ പഠിക്കണം എന്ന് ഒരു കുട്ടി ചോദിക്കാനുള്ള സാഹചര്യം ആദ്യം ഉണ്ടാവണം. ചോദിച്ചാല്‍ അക്കമിട്ട് അതിനുള്ള കാരണങ്ങള്‍ ആ കുട്ടിക്ക് പറഞ്ഞുകൊടുക്കാന്‍ അച്ഛനമ്മമാര്‍ക്കും ഗുരുക്കന്മാര്‍ക്കും സാധിക്കണം.

പിന്നെ ചെയ്യാവുന്ന മറ്റൊരു കാര്യം ജപ്പാന്‍‌കാരെപ്പോലെ വിദേശ ഭാഷ കൈകാര്യം ചെയ്യാനായി ഒരു പ്രത്യേക ലിപി(?) കൊണ്ടുവരിക എന്നതാണ്. അവിടെ ടെലിവിഷന് ടെരേബി എന്നാണ് പറയുന്നത്. ഇംഗ്ലണ്ടിന് ഇഗിരുസു എന്നും നാഷണലിന് നാഷണലു എന്നും ഒക്കെ-ആംഗലേയത്തെ ജാപ്പനീസ് വല്‍‌ക്കരിച്ചു. അത് എഴുതാനായി ഒരു ലിപിയും അവര്‍ ഉണ്ടാക്കി Katakana

---------------------------------------------------------------

കേരളീയന്‍ പറഞ്ഞ നാലു കാര്യങ്ങള്‍ എത്രമാത്രം സാമാന്യവല്‍ക്കരിക്കാം എന്നൊരു സംശയം. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ ആദ്യത്തെ മൂന്നു കാര്യങ്ങളും കേരളീയന്‍ പറഞ്ഞതില്‍നിന്നും വ്യത്യസ്തമാണ്.

ഞാന്‍ പൂര്‍ണ്ണമായും മലയാളം മാധ്യമത്തില്‍ പഠിച്ച ആളാണ്. എന്റെ അനിയനാവട്ടെ പൂര്‍ണ്ണമായും ആംഗലേയമാധ്യമത്തില്‍ പഠിച്ച ആളും. പക്ഷേ എനിക്കൊപ്പമോ എന്നെക്കാളുമോ ആള്‍ക്കാരോടിപഴകാനുള്ള കഴിവും മൂല്യബോധവും അനുകമ്പയും ആശയവിനിമയശേഷിയുമൊക്കെ എന്റെ അനിയനുണ്ടെന്നുള്ളതാണ് എന്റെ ഒരു നിരീക്ഷണം (ആഗോ‍ളനിലവാരത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഇക്കാര്യത്തില്‍ വളരെ പുറകിലാണെന്നത് അസൂയാലുക്കള്‍ പറയുന്നത് :)).

രണ്ട് കുടുംബങ്ങള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ എന്റെ ഏറ്റവും നല്ല ഒരു സുഹൃത്ത് പഠിച്ചത് പൂര്‍ണ്ണമായും ആംഗലേയമാധ്യമത്തില്‍. പക്ഷേ അവന്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതികളും ആള്‍ക്കാരെ മടികൂടാതെ സഹായിക്കുന്നതും (വലിയ വലിയ കാര്യങ്ങളൊന്നുമല്ല, ആര്‍ക്കും ചെയ്യാവുന്ന-പക്ഷേ ആ ഘട്ടങ്ങളില്‍ അവനത് തോന്നും, അവന്റെ കൂടെയുള്ള എനിക്ക് തോന്നുകയുമില്ല) ഞാന്‍ അത്‌ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഞാന്‍ ജീവിതത്തില്‍ ആദ്യമായി രക്തം ഒരാള്‍ക്ക് കൊടുത്തത് എന്റെ ആ സുഹൃത്തിനെ മാതൃകയാക്കിയായിരുന്നു.

പക്ഷേ, തിണ്ണമിടുക്കിന്റെ കാര്യത്തില്‍ ഞാന്‍ തന്നെയായിരുന്നു കേമന്‍. തിണ്ണയില്‍ നിന്നിറങ്ങിക്കഴിഞ്ഞാല്‍ വേറേ ആരെങ്കിലും വേണമെന്നുള്ളത് വേറേ കാര്യം :)

ഇവിടെ പൊതുവായുള്ളത് ഞങ്ങളെല്ലാവരും സാധാരണ കുടുംബങ്ങളിലുള്ളവരായിരുന്നു എന്നതും എന്റെ അനിയന്റെ കാര്യത്തിലും സുഹൃത്തിന്റെ കാര്യത്തിലും അവര്‍ പഠിക്കുന്ന മാധ്യമം മാത്രമേ ആംഗലേയത്തിലുള്ളായിരുന്നു എന്നതുമായിരുന്നു. അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളങ്ങോട്ടുമിങ്ങോട്ടും എല്ലാം മലയാളത്തില്‍ സംസാരിക്കുന്നതിന് അവര്‍ക്ക് യാതൊരു വിലക്കുമില്ലായിരുന്നു അവിടെ.

പക്ഷേ ഇതില്‍ വലിയൊരു വ്യത്യാസം വരാവുന്നത് നാട്ടില്‍ ഇപ്പോഴുള്ള തരം ആംഗലേയ മാധ്യമ വിദ്യാഭ്യാസമായിരിക്കും. പള്ളിക്കൂടത്തിന്റെ പടി ചവിട്ടുന്നത് മുതല്‍ വൈകുന്നേരം ഇറങ്ങുന്നതുവരെ ആംഗലേയത്തില്‍ മാത്രമേ സംസാരിക്കാവൂ എന്നതും മലയാളം സംസാരിച്ചാല്‍ പിഴയിടുന്നതുമായ ഒരു ചുറ്റുപാടില്‍ കേരളീയന്‍ പറഞ്ഞ കാര്യങ്ങള്‍ പയ്യെപ്പയ്യെ ആ കുട്ടികള്‍ക്ക് നഷ്ടപ്പെടുമായിരിക്കും. അല്ലെങ്കില്‍ അതും കൂടി കണക്കിലെടുത്തുകൊണ്ടുള്ള പ്രയത്നം മാതാപിതാക്കളില്‍നിന്നുണ്ടാവണം.

അതുകൊണ്ട് പഠിക്കുന്ന മാധ്യമത്തിന് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു വ്യക്തിയില്‍ എത്രമാത്രം സ്വാധീനം ചെലുത്താമെന്നത് എത്രമാത്രം സാമാന്യവല്‍‌ക്കരിക്കാം എന്നൊരു സംശയം. മാധ്യമം എന്തുമായിക്കൊള്ളട്ടെ, അതിനനുസരിച്ചുള്ള പ്രയത്നം മാതാപിതാക്കളില്‍ നിന്നുണ്ടായാല്‍ മതി മലയാളം നമ്മുടെ മനസ്സില്‍ നില്‍‌ക്കാന്‍ എന്നുള്ളതാണ് എന്റെയൊരു അഭിപ്രായം. “പൊന്നുമോനേ അങ്ങിനെ ചെയ്യില്ലേടാ കുട്ടാ” എന്നുപറയുമ്പോഴാണോ “ഡോണ്ടൂ ലൈക് ദാറ്റ് മൈ ഡിയര്‍ ബോയ്” എന്നുപറയുമ്പോഴാണോ “ഐസേ മത് കര്‍‌നാ ബച്ചേ” എന്നുപറയുമ്പോഴാണോ അമ്മയുടെ വികാരം ഏറ്റവും നന്നായി മകനുള്‍ക്കൊള്ളാന്‍ കഴിയുന്നത് എന്നതനുസരിച്ചിരിക്കും ആ ഭാഷയുടെയും സംസ്കാരത്തിന്റെയും കുട്ടിയിലുള്ള സ്വാധീനം എന്നാണ് എനിക്ക് തോന്നുന്നത്.

സാമാന്യബോധം മലയാളിക്കുട്ടികള്‍ക്ക് ഇല്ലാത്തതിന് ഒരു കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കൂടിയാണ്. ഡി.പി.ഇ.പി മുതലായ കുട്ടികളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സമ്പ്രദായങ്ങളൊക്കെ മാതാപിതാക്കളുള്‍പ്പടെയുള്ള സമൂഹം മുളയിലെ നുള്ളി. വളരെ വികലമായി അത് നടപ്പാക്കിയ സര്‍ക്കാരിനും കൊടുക്കണം അതിലൊരു പങ്ക്. ഇപ്പോഴാണ് പ്രൊജക്റ്റ്, മുതലായ കാര്യങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതും അവരെ അവരുടെതായ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. അതിന്റെ വ്യത്യാസം ഭാവിതലമുറയ്ക്ക് കാണുമായിരിക്കും.

വ്യക്തിജീവിതത്തില്‍ ഒരു കുട്ടിക്ക് സാമാന്യബോധമുണ്ടാക്കാന്‍ മാതാപിതാക്കള്‍ക്കും കൂടി കഴിയും എന്നാണ് തോന്നുന്നത്. തന്നെ പോകാന്‍ പ്രായമാകുമ്പോള്‍ തന്നെ മകനെ/മകളെ കടയില്‍ സാധനം വാങ്ങിക്കാന്‍ പറഞ്ഞുവിടുകയും ആള്‍ക്കാരുമായി ഇടപഴകിക്കുകയും ഒക്കെ ചെയ്താല്‍ തന്നെ പയ്യെപ്പയ്യെ ഈ സാമാന്യബോധങ്ങളും ശീലങ്ങളും കുട്ടിയുടെ മനസ്സില്‍ ഉറയ്ക്കും. തനിയെ ബസ്സില്‍ കയറി യാത്ര ചെയ്യാന്‍ പോലും പരിശീലനമില്ലാത്ത ഒരു കുട്ടിയില്‍ നിന്ന് സാമാന്യബോധങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലല്ലോ. അതിന് പഠിക്കുന്ന മാധ്യമത്തിനുള്ള പങ്ക് അത്ര വലുതല്ല എന്ന് തോന്നുന്നു.

പലതും നമുക്ക് വീട്ടില്‍ നിന്ന് തന്നെ തുടങ്ങാനാവും, ഇക്കാര്യങ്ങളില്‍.

(എല്ലാം എന്റെ വ്യക്തിപരമായ നിരീക്ഷണങ്ങള്‍/അഭിപ്രായങ്ങള്‍ മാത്രം).

--------------------------------------------------------------------

Labels: , ,

2 Comments:

At Sunday, July 15, 2007 7:39:00 pm, Blogger SUNISH THOMAS said...

ചുള്ളിക്കാടിന് ഈ ജൂലൈ 30ന് അന്‍പതു വയസ്സു തികയും. അന്‍പതാം പിറന്നാളാഘോഷം ഇങ്ങനെയാകട്ടെ. വക്കാരിക്കും ചുള്ളിക്കാടിനും ആശംസകള്‍...!!!

 
At Sunday, July 15, 2007 7:42:00 pm, Blogger സാല്‍ജോҐsaljo said...

നന്ദി

 

Post a comment

<< Home