Sunday, July 01, 2007

ഇത് യൂയേയീ ബ്ലോഗ് മീറ്റിനോടനുബന്ധിച്ച പോസ്റ്റിലിട്ടത്

യൂയേയീ ബ്ലോഗ് മീറ്റിനോടനുബന്ധിച്ച് ശ്രീ കുഴൂര്‍ വില്‍‌സണ്‍ കലേഷുമായി നടത്തിയ ഇന്റര്‍വ്യൂനിന്റെ ഓഡിയോ ക്ലിപ്പിട്ട പോസ്റ്റിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയോടനുബന്ധിച്ച് എന്റേതായ “സംഭാവനകള്‍”. ആ ചര്‍ച്ച പത്രങ്ങള്‍ക്ക് തെറ്റുമ്പോള്‍ എന്ന ബ്ലോഗിന്റെ ഉദയത്തിനും കാരണമായി.
----------------------------------------------------------

ബ്ലോഗുകളില്‍, പ്രത്യേകിച്ചും കമന്റ്സ് ഓപ്പണ്‍ എനേബിള്‍ ചെയ്‌തുവെച്ചിരിക്കുന്ന ബ്ലോഗുകളില്‍, വിശ്വാസയോഗ്യമല്ലാത്ത ഒരു വിവരം വന്നാല്‍ ഉടനടി ചൂണ്ടിക്കാണിക്കാന്‍ ആള്‍ക്കാര്‍ അനവധിയുണ്ട്. അങ്ങിനെയൊരു സിസ്റ്റം വിശ്വാസയോഗ്യമായ പത്രമാധ്യമങ്ങള്‍ക്കുണ്ടോ?

ഇലക്‍ഷന്‍ കാല റിപ്പോര്‍ട്ടിംഗും, ദുരന്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുമുള്‍പ്പടെ പത്രമാധ്യമങ്ങളുടെ വിശ്വാസ്യത എത്രയോ തവണ നമ്മള്‍ കണ്ടു. ഒരു ദിവസം മൂന്നോ നാലോ മലയാളം പത്രങ്ങള്‍ ഇന്റര്‍നെറ്റില്‍‌ക്കൂടി വായിക്കുന്ന നമുക്കൊക്കെ അറിയാവുന്നതല്ലേ ഒന്നിനുമേല്‍ ഒന്നിനുള്ള ഈ വിശ്വാസ്യതകള്‍.

ഐ.എസ്.ആര്‍.ഓ “ചാര” ക്കേസില്‍ വിശ്വാസയോഗ്യമായ വിവരങ്ങളാണോ ഈ പത്രങ്ങളൊക്കെ നമുക്ക് തന്നത്? അതോ അവരുടെ വിവരങ്ങള്‍ അവര്‍ നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചോ? എന്തായാലും കോടതിവിധികളില്‍ കൂടി ഞാന്‍ മനസ്സിലാക്കിയത് നമ്മളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പത്രങ്ങള്‍ കൂടുതലും ശ്രമിച്ചതെന്നാണ്.

അതുകൊണ്ട് പത്രമാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടെന്നത് മൂഢസ്വര്‍ഗ്ഗത്തിലെ കാര്യം. അവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ഏതു നിലവരെ വേണമെങ്കിലും പോകും. പത്രങ്ങള്‍ എന്നൊക്കെ പറയുന്നത് ഏതൊരു ബിസിനസ്സും പോലെ ഒരു ബിസിനസ്സ് മാത്രം.

അതുകൊണ്ട് ബ്ലോഗുകള്‍ക്കില്ലാത്തൊരു വിശ്വാസ്യതയൊന്നും പത്രങ്ങള്‍ക്കുണ്ട് എന്ന് തോന്നുന്നില്ല. തോന്ന്യവാസബ്ലോഗുകള്‍ പോലെ തോന്ന്യവാസപത്രങ്ങളുമുണ്ട്.

ഐ.എസ്.ആര്‍.ഓ ചാരക്കേസിനെപ്പറ്റി പറഞ്ഞപ്പോഴാണ് പണ്ട് ഏഷ്യാനെറ്റിലെ ഒരു നമ്മള്‍ തമ്മില്‍ പരിപാടി ഓര്‍മ്മ വന്നത്. പത്രങ്ങളെപ്പറ്റിയായിരുന്നു. മനോരമയില്‍ നിന്ന് തോമസ് ജേക്കബ്ബായിരുന്നോ-ഓര്‍ക്കുന്നില്ല. ഐ.എസ്.ആര്‍.ഓ ചാരക്കേസൊക്കെ കഴിഞ്ഞ സമയം. അക്കാലത്താണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് ലേഖത്തമ്പുരാട്ടിയെ ദത്തെടുത്തത്. മനോരമയൊക്കെ അതൊരു വാര്‍ത്തയാക്കി മുന്‍പേജില്‍ കൊടുത്തിരുന്നു.

നമ്മള്‍ തമ്മില്‍ പരിപാടി തുടങ്ങിയതിനുശേഷം, ഒരു കാണി, ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ മനോരമ കാണിച്ച കളികളെപ്പറ്റി ചോദിക്കാനാരംഭിച്ചു. മനോരമക്കാരന്‍ ഉരുളാന്‍ തുടങ്ങിയപ്പോഴൊക്കെ വേറൊരു ദേഹം, എന്തിനീ ലേഖത്തമ്പുരാട്ടിയുടെ ചിത്രം മുന്‍‌പേജിലിട്ടു എന്ന് ചോദിച്ച് ടോപ്പിക്ക് മാറ്റാന്‍ നോക്കും. എന്തായാലും ലേഖത്തമ്പുരാട്ടിച്ചോദ്യം കാരണം ഐ.എസ്.ആര്‍.ഓ കാര്യത്തില്‍ മനോരമദേഹത്തിന് അധികം ഉരുളേണ്ടിവന്നില്ല.

അന്നുമുതല്‍ക്കേ എനിക്കുള്ള സംശയമാണ്, ലേഖത്തമ്പുരാട്ടിച്ചോദ്യക്കാരനും മനോരമദേഹവും ഒരു കാറിലാണോ പുളിയിറക്കോണത്തേക്ക് (അന്നതവിടെയല്ലായിരുന്നു എന്ന് തോന്നുന്നു) വന്നതെന്ന്.

--------------------------------------------------------------
പത്രക്കാരെല്ലാം നുണയന്മാരാണെന്നും അവര്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത വാര്‍ത്തകള്‍ മാത്രമേ തരികയുള്ളൂ എന്നുമല്ല നമ്മള്‍ ഉദ്ദേശിച്ചത് എന്നു തോന്നുന്നു.

പത്രത്തില്‍ വരുന്നതെല്ലാം പത്രത്തില്‍ വന്നു എന്നതുകൊണ്ടു മാത്രം കണ്ണടച്ചു വിശ്വസിക്കേണ്ട എന്നു മാത്രം.

ഇത് ബ്ലോഗിനും ബാധകമല്ലേ എന്നു ചോദിക്കാം. അതേ. പക്ഷേ, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ ബ്ലോഗര്‍ക്കുള്ള തടസ്സം അയാളുടെ ദുരഭിമാനം മാത്രമായിരിക്കും. പക്ഷേ പത്രക്കാരന് തന്റെ നയങ്ങള്‍ തിരുത്താന്‍ അതിനുപുറമേ ബിസിനസ്സ് താത്‌പര്യങ്ങള്‍, സമുദായ താത്‌പര്യങ്ങള്‍, രാഷ്ട്രീയ താത്‌പര്യങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്.

ഈ പ്രശ്നങ്ങളൊക്കെയുള്ള ബ്ലോഗേഴ്‌സുമില്ലേ എന്നു ചോദിക്കാം. ഉണ്ട്. പക്ഷേ പത്തു പത്രങ്ങളുള്ളപ്പോള്‍ പതിനായിരം ബ്ലോഗേഴ്‌സുണ്ടാവും. നമുക്ക് എളുപ്പം തിരിച്ചറിയാം. സെല‌ക്‍ഷനും ധാരാളം. നല്ലത് തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ നല്ലതു മാത്രം തിരഞ്ഞെടുക്കാന്‍ പത്രങ്ങളില്‍ ഇപ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട്.

ഒരു പത്രറിപ്പോര്‍ട്ടര്‍ക്ക്, പത്രം ബിസിനസ്സ് താത്‌പര്യങ്ങളുടെ പേരില്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നു എന്നോ വിശ്വാസയോഗ്യമല്ലാത്ത വിവരങ്ങള്‍ നല്‍‌കുന്നു എന്നോ തോന്നിയാല്‍ അവിടെനിന്നും പിരിഞ്ഞ് പുതിയ ഒരു പത്രം തുടങ്ങുന്നതിന്റെ പതിനായിരത്തൊന്ന് എളുപ്പത്തില്‍ പുതിയ ഒരു ബ്ലോഗ് തുടങ്ങാം. പക്ഷേ ബ്ലോഗ് മാത്രം അയാള്‍ക്ക് ജീവിതമാര്‍ഗ്ഗം തരുമോ എന്നു ചോദിക്കാം. ജീവിതമാര്‍ഗ്ഗത്തിന് മാത്രമായിട്ടല്ലല്ലോ ആരും ബ്ലോഗ് തുടങ്ങുന്നത്.

നമ്മള്‍ ഇപ്പോള്‍ പത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത്, ബ്ലോഗുകള്‍ ബൈ ഡിഫോള്‍ട്ട് വിശ്വാസയോഗ്യമാണ് എന്നുള്ള ദുരഭിമാനത്തിന്റെ പേരിലോ അങ്ങിനെ സ്ഥാപിക്കാനുള്ള വ്യഗ്രതയുടെ പേരിലോ അല്ല. പത്രക്കാര്‍ ഇക്കാലത്ത് രണ്ട് മൂഢസ്വര്‍ഗ്ഗങ്ങളിലാണ്:

1. അവര്‍ക്ക് വിശ്വാസ്യതയുണ്ട് എന്നുള്ള മൂഢസ്വര്‍ഗ്ഗം
2. അവര്‍ പറയുന്നതൊക്കെ വായനക്കാര്‍ വിശ്വസിക്കുന്നുണ്ട് എന്നുള്ള മൂഢസ്വര്‍ഗ്ഗം.

കുറഞ്ഞ പക്ഷം രണ്ടാമത്തെ കാര്യത്തെക്കുറിച്ചെങ്കിലും അവര്‍ കുറച്ച് ബോധവാന്മാരായെങ്കില്‍ നന്നാകണമെന്നുള്ളവര്‍ക്കെങ്കിലും നന്നാവാമായിരുന്നു.

വായനക്കാര്‍ക്കുള്ള പ്രശ്നം പത്തു പത്രങ്ങളില്‍ മാത്രം അവര്‍ ശ്രദ്ധിച്ചാല്‍ മതിയെങ്കില്‍ പതിനായിരക്കണക്കിന് ബ്ലോഗുകളില്‍ ചിലപ്പോള്‍ അവര്‍ക്ക് ശ്രദ്ധിക്കേണ്ടിവരും. അതില്‍നിന്ന് വിശ്വാസയോഗ്യമായതും അല്ലാത്തതും ഒക്കെ തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അധികം ആരും ശ്രദ്ധിക്കാത്ത ഒരു ബ്ലോഗില്‍ ചിലപ്പോള്‍ തികച്ചും തെറ്റായ വിവരങ്ങള്‍ നല്‍‌കി ആരും അത് ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ കാലാകാലങ്ങളോളം അത് അവിടെ കിടക്കും. ഒരു സുപ്രഭാതത്തില്‍ ആ കാര്യം വായിക്കുന്ന ഒരു വായനക്കാരന്‍ അതാണ് സത്യം എന്നും വിശ്വസിച്ചേക്കാം (വിക്കിക്കും ഈ പ്രശ്നമുണ്ട് എന്ന് തോന്നുന്നു). പക്ഷേ പോപ്പുലറായിട്ടുള്ള ബ്ലോഗിലും വിക്കി ലേഖനങ്ങളിലും ഈ പ്രശ്നം ഉണ്ടാവില്ല. ധാരാളം ആളുകള്‍ ശ്രദ്ധിക്കും. തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കും. ആള്‍ക്കാരുടെ അഭിപ്രായങ്ങളെല്ലാം കമന്റുപോലെയോ ഡിസ്‌കഷന്‍ പോലെയോ അവിടെ കിടക്കും. നമുക്കെല്ലാം വായിക്കാം. നമ്മുടേതായ അഭിപ്രായം സ്വരൂപിക്കാം. ആ ഒരു സ്വാതന്ത്ര്യം പത്രങ്ങള്‍ക്ക് നിലവിലില്ല. ഡിസ്‌കഷന്‍ അനുവദിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ കുറച്ചൊക്കെ ഉണ്ടെങ്കിലും. എല്‍‌ജി പറഞ്ഞതുപോലെ തെറ്റായ ഒരു വിവരം തന്നിട്ട്, ഒരു മാസം കഴിഞ്ഞ് ഒരു കുറിപ്പിറക്കിയാല്‍ ആള്‍ക്കാരുടെ മനസ്സില്‍ അപ്പോഴും തെറ്റായ വിവരം തന്നെയായിരിക്കും. ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്മള്‍ കണ്ടതാണല്ലോ. ഒന്ന് മാപ്പു പറയാന്‍ പോലും അതിനെപ്പറ്റി ഫീച്ചറുകള്‍ വരെയിറക്കിയ പത്രങ്ങള്‍ തയ്യാറായില്ല. ലേറ്റസ്റ്റ് ദേ സേതുലക്ഷ്മിയാനയുടെ ഗര്‍ഭം!

ബ്ലോഗിന്റെ വിശ്വാസ്യത പൂര്‍ണ്ണമാവണമെങ്കില്‍ മാനുഷരെല്ലാവരും നല്ലവരാകണം എന്നു തോന്നുന്നു. അങ്ങിനത്തെ ഒരു ഉദാത്ത സ്ഥിതിവിശേഷങ്ങളൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല എന്നും തോന്നുന്നു. ചിലപ്പോള്‍ പത്രമാധ്യമങ്ങളുടേയും ബ്ലോഗിന്റെയും വിശ്വാസ്യത താരതമ്യം ചെയ്യാന്‍ തന്നെ പറ്റുമോ എന്നൊരു സംശയം. രണ്ടിന്റേയും രീതി രണ്ടല്ലേ.

മാധ്യമങ്ങളെ നമ്മള്‍ പരിപാടികള്‍ക്ക് വിളിക്കുന്നത് ഒരു മാധ്യമം എന്ന നിലയില്‍ അവര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം കണ്ടിട്ടാണ്. നേരത്തെ പറഞ്ഞതുപോലെ എല്ലാവരും നുണയന്മാരല്ല, എല്ലാം നുണയല്ല എന്നതുപ്രകാരം സമൂഹത്തില്‍ ഇപ്പോഴും പത്രത്തിനും റ്റി.വി ക്കും അതിന്റേതായ സ്ഥാനമുണ്ട്. സംഭവമല്ല വിശ്വാസയോഗ്യമല്ലാതാവുന്നത്. ആ സംഭവത്തിന്റെ റിപ്പോര്‍ട്ടിംഗാണ്. ബ്ലോഗ് മീറ്റ് ഒരു സംഭവം. അത് നേരാംവണ്ണം റിപ്പോര്‍ട്ട് ചെയ്താല്‍ അത് വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടിംഗ്. ആര്‍ക്കും പരാതിയില്ല. അല്ലാതെ മലയാളി ബ്ലോഗേഴ്‌സ് മലയാള പത്രങ്ങളൊക്കെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു എന്നൊരു വാ‍ര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് വിശ്വാസയോഗ്യമല്ലാത്ത വാര്‍ത്ത. അതുകൊണ്ട് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ സമീപിച്ചു എന്നതുകൊണ്ട് മാത്രം നമ്മള്‍ അവരുടെ വിശ്വാസ്യത സര്‍ട്ടിഫൈ ചെയ്യുന്നില്ല. അവര്‍ അത് എങ്ങിനെ റിപ്പോര്‍ട്ട് ചെയ്തു എന്നതിനെ അനുസരിച്ചാണ് അവരെ നമ്മള്‍ അളക്കുന്നത്. അവര്‍ എന്തുവന്നാലും കള്ളമേ എഴുതൂ എന്ന് നമുക്കാര്‍ക്കും അഭിപ്രായം ഇല്ല.

--------------------------------------------------------------

Labels: , , , , ,

Link

6 Comments:

At Sunday, July 01, 2007 1:19:00 pm, Blogger മൂര്‍ത്തി said...

ഇത് ഒരു പത്രത്തില്‍ വന്ന തെറ്റാണെങ്കില്‍ തന്നെ, അതു ആരെങ്കിലും ചൂണ്ടുക്കാണിച്ചെങ്കില്‍ തന്നെ,ഒരു മാസം മിനിമം എടുത്ത് ഒരു ചെറിയ കുറിപ്പോട് കൂടി ഇടും. പക്ഷെ, ആ പ്രസ്തുത ആര്‍ട്ടിക്കിളില്‍ ആ തെറ്റ് അങ്ങിനെ തന്നെ കിടക്കും. അതു നാളെ ഒരു ദിവസം വായിക്കുന്നവന്‍,ഈ തെറ്റിപ്പോയ കുറിപ്പും ചേര്‍ത്ത് വായിക്കില്ല എന്ന് 56.9% ഉറപ്പ്. (;
ഇത് എല്‍ജിയുടെ ഒറിജിനല്‍ കമന്റ്..)
ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഇന്റര്‍നെറ്റില്‍ ഭൂരിഭാഗവും പോര്‍ണോഗ്രാഫി ആണ്‍ എന്ന ഒരു ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ആണ്. അതിനെക്കുറിച്ച് വായിക്കുവാന്‍ ഈ ലിങ്ക് ഉപയോഗിക്കുക. പിന്നീട് ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും, അതിനു മുന്‍പെ തന്നെ ആധികാരിക പഠനരേഖയായി പലയിടത്തും ഉപയോഗിക്കപ്പെട്ടിരുന്നു..ലോകം മുഴുവന്‍ വാര്‍ത്ത എത്തുകയും ചെയ്തു. ഇപ്പോഴും അതിന്റെ അലയൊലികള്‍ ഉണ്ട്. തിരുത്ത് ആദ്യ കഥയോളമിടങ്ങളില്‍ എത്തുകയോ മനസ്സിലാക്കപ്പെടുകയോ ചെയ്തുമില്ല...

 
At Sunday, July 01, 2007 3:00:00 pm, Blogger :: niKk | നിക്ക് :: said...

ശരിയാണോ? :-/

 
At Sunday, July 01, 2007 3:22:00 pm, Blogger അഞ്ചല്‍ക്കാരന്‍ said...

ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ വാ‍ര്‍ത്തകള്‍ വിവിധ തലങ്ങളില്‍ നിന്നും സ്വരൂപിച്ച് വായനക്കാരില്‍ അല്ലെങ്കില്‍ പൊതു സമൂഹത്തില്‍ എത്തിക്കുക എന്ന തത്വമൊന്നുമിന്ന് നടപ്പക്കുന്നില്ല. എല്ലാ മാധ്യമങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ വാര്‍ത്തകള്‍ കിട്ടുന്നത് ഒരു പോലെ ഒരേ ഉറവിടങ്ങളില്‍ നിന്നും തന്നെയാണ്. അത് തങ്ങളുടെ താല്പര്യുങ്ങള്‍ക്കരുനുസരിച്ച് പത്രത്തില്‍ നിരത്തുക എന്നതില്‍ കവിഞ്ഞ് അവര്‍ക്ക് ഒന്നും ചെയ്യാനില്ല. ദൃശ്യമാധ്യമങ്ങളുടെ സ്ത്ഥിതിയും അതുതന്നെ.

സംഗതികള്‍ ഇങ്ങിനെയായിരിക്കേ തങ്ങളുടെ മാധ്യമങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുവാനും അതിലൂടെ പരസ്യ വരുമാനം കുത്തിയുയര്‍ത്തുവാനും വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കാനാണ് ഒരോ മാധ്യമവും ശ്രമിക്കുന്നത്. അതില്‍ ശരിയെന്ത് തെറ്റെന്ത് പത്രധര്‍മ്മമെന്ത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. വരിക്കാരുടെ വരിസംഖ്യയെന്ന ചില്ലറയല്ല മാധ്യമരാജാക്കന്മാരുടെ ഉന്നം. വരിക്കാരെ അല്ലെങ്കില്‍ പ്രേക്ഷകരെയോ ശ്രോദാക്കളേയോ വിറ്റ് പര‍സ്യ വരുമാനം കൂട്ടുക എന്നിടത്താണ് ഇന്നത്തെ പത്രധര്‍മ്മമെത്തി നില്‍ക്കുന്നത്.

സൃഷ്ടിക്കപെട്ട വാര്‍ത്തകള്‍ പൊതുസമൂഹത്തില്‍ എത്തിക്കുക എന്നതിലുപരി വാര്‍ത്തകള്‍ സൃഷ്ടിച്ചെടുത്ത് സമൂഹത്തെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി ഏറ്റവും നല്ല രീതിയില്‍ സമൂഹത്തെ മൊത്തമായും ചില്ലറയായും വിറ്റ് തങ്ങളുടെ ഖജനാവ് നിറക്കുക എന്നതില്‍ കവിഞ്ഞ സേവനങ്ങൊളൊന്നും ഇന്നത്തെ മാധ്യമങ്ങളില്‍ നിന്നും പ്രതീക്ഷിക്കണ്ട.

നല്ല ലേഖനം.

 
At Sunday, July 01, 2007 8:35:00 pm, Blogger ഉറുമ്പ്‌ /ANT said...

വളരെ നന്നായി ............................................

 
At Saturday, July 07, 2007 11:32:00 pm, Blogger കുറുമാന്‍ said...

പതിവുപോലെ തന്നെ നന്നായിരിക്കുന്നു വക്കാരി. പിന്നെ പത്രത്തിനേയും, ബ്ലോഗിനേയും ആരേയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാ ഇത്.

 
At Monday, July 09, 2007 6:22:00 pm, Blogger ദീപു : sandeep said...

ന്യൂയോര്��ക്ക്� ബാനര്� എന്ന പത്രത്തെപ്പറ്റി ഫൌണ്ടന്��ഹെഡില്� ഐന്� റാന്�ഡ് പറഞ്ഞതെല്ലാം ഇന്നത്തെ മിക്കപത്രങ്ങള്�ക്കും ചാനലുകള്�ക്കും ചേരും.

ആളുകള്� എന്തുകേള്�ക്കണം എന്ന്� അവര്� തീരുമാനിക്കുന്നു. അല്ലാതെ സത്യാവസ്ഥ എന്താണെന്നല്ല അവരൊന്നും പറയുന്നത്�.

qw_er_ty

 

Post a comment

<< Home