Monday, June 04, 2007

ഇഞ്ചിയുടെ പോസ്റ്റിലിട്ടത്

ഇഞ്ചിയുടെ പിറന്നാള്‍ സമ്മാനം എന്ന പോസ്റ്റിലിട്ടത്.

കാലം മാറുന്നു-നമ്മളും മാറണം. പണ്ട് നമ്മളനുഭവിച്ച പല സ്വാതന്ത്ര്യങ്ങളും നമ്മുടെ അടുത്ത തലമുറയ്ക്ക് കിട്ടില്ല. നമുക്കു കിട്ടാത്ത പലതും അവര്‍ക്ക് കിട്ടുകയും ചെയ്യും-ചിലത് നല്ലത്, ചിലത് ചീത്ത, ചിലത് നമ്മള്‍ എന്നും ഓര്‍ക്കുന്നത്, ചിലത് എത്ര ആഗ്രഹിച്ചാലും മറക്കാന്‍ പറ്റാത്തത്.

ഒരു ബാലന്‍സ്‌ഡ് സമീപനം വേണമെന്നു തോന്നുന്നു. സ്വഭാവശുദ്ധിയുള്ള അമ്മാവന്മാരേയും നീചന്മാരായ അമ്മാവന്മാരേയും ഒരേ രീതിയില്‍ കാണാന്‍ നമുക്ക് കുട്ടികളെ പഠിപ്പിക്കാന്‍ പറ്റില്ല. എന്തിനേയും ഏതിനേയും സംശയത്തോടെ നോക്കാനും അവരോട് പറയാന്‍ പറ്റില്ല. അതേ സമയം അവരുടെ പൂര്‍ണ്ണ സുരക്ഷിതത്വം നമ്മള്‍ ഉറപ്പാക്കുകയും വേണം. വേണ്ട ഒരു കാര്യം കുട്ടികള്‍ക്ക് മാതാപിതാക്കന്മാരോട് എന്തും തുറന്നു പറയാനുള്ള ഒരു സാഹചര്യവും അന്തരീക്ഷവും വീട്ടില്‍ ഉണ്ടാക്കുക എന്നുള്ളതാണ്. എന്തുണ്ടെങ്കിലും അച്ഛനോടും അമ്മയോടും ഒരു മടിയും കൂടാതെ പറയാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അതിനവരെ പരിശീലിപ്പിക്കണം. അങ്ങിനെയെങ്കില്‍ വേണ്ടാത്തതായ ഒരു നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അച്ഛനമ്മമാര്‍ക്ക് ഉടന്‍ അതിനെപ്പറ്റി വിവരം കിട്ടും. പിന്നെ അവര്‍ക്ക് വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കും. പക്ഷേ വേണ്ടതെന്ത്, വേണ്ടാത്തതെന്ത് എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കാനും സാധിക്കണം. തന്നോട് ചെയ്തത് സ്വാഭാവികമായ ഒരു കാര്യമല്ല എന്ന് കുട്ടികള്‍ക്ക് മനസ്സിലായാലേ അവര്‍ക്ക് അക്കാര്യം അച്ഛനോടും അമ്മയോടും പറയാന്‍ പറ്റൂ.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന സമീപനം ചെറുപ്പം മുതല്‍ക്കേ വീട്ടിലുണ്ടാവണം. അന്നന്നു നടന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് അന്നു വൈകുന്നേരം തന്നെ പറയാനും അത് കേള്‍ക്കാനുള്ള ക്ഷമ അച്ഛനമ്മമാര്‍ക്കുണ്ടാകാനും സാധിക്കണം. പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കാര്യങ്ങള്‍ പലതും നമ്മള്‍ അറിയുന്നില്ല എന്നുള്ളതും നമ്മുടെ അജ്ഞത ആള്‍ക്കാര്‍ മുതലെടുക്കുന്നതുമാണ്. പിന്നെ സംയമനത്തോടെയുള്ള സമീപനവും അവശ്യം വേണ്ട ഒരു കാര്യമാണ്.

-------------------------------------------------------------

കുറ്റം ചെയ്‌താല്‍ അതിനു തക്ക ശിക്ഷ കിട്ടും എന്നുള്ള സ്ഥിതിവിശേഷം ഉണ്ടെങ്കില്‍ പല കുറ്റങ്ങളും ഉണ്ടാവില്ല. പക്ഷേ:

1. പലപ്പോഴും ചെയ്‌ത കുറ്റങ്ങള്‍ വെളിയില്‍ വരാറില്ല; കാരണങ്ങള്‍
1(a) ഒരു കുറ്റമാണ് തന്നില്‍ ചെയ്യപ്പെട്ടതെന്ന് കുട്ടികള്‍ക്ക് (പീഡനങ്ങളുടെ കാര്യത്തില്‍) ആ സമയം മനസ്സിലാകില്ല.

1(b). ഭീഷണി.

1(c). മാതാപിതാക്കന്മാര്‍ ഇക്കാര്യങ്ങള്‍ അറിയാന്‍ വൈകുന്നു (മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ)

2. കുട്ടികള്‍ മാതാപിതാക്കളോട് ഇക്കാര്യം സൂചിപ്പിച്ചാല്‍ തന്നെ മാതാപിതാക്കള്‍ ചിലപ്പോള്‍ വേണ്ട നടപടികള്‍ എടുക്കില്ല. കാരണം:

2(a). അവര്‍ക്ക് വിചാരിക്കാവുന്നതിനും (beyond their wildest imagination) അപ്പുറമാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍.

2(b).അവരുടെ കാലത്തൊന്നും കേട്ടുകേള്‍‌വി പോലുമില്ലാതിരുന്ന ഒരു കാര്യം.

2(c).അവര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആള്‍ക്കാരുടെ മേലുള്ള കുറ്റാരോപണം.

2(d).എന്താണ് ചെയ്യേണ്ടതെന്നുള്ള തീരുമാനം എടുക്കാനുള്ള കഴിവില്ലായ്‌മ.

2(e).കുടുംബ‌ബന്ധങ്ങള്‍ നിലനിര്‍‌ത്തേണ്ടതിന്റെ ആവശ്യകത.

വിദേശ രാജ്യങ്ങളിലെ രീതിയും സം‌സ്കാരവും കുടുംബ‌ബന്ധവുമല്ല, നമ്മുടെ രാജ്യത്ത്. പക്ഷേ അതേ കുറ്റകൃത്യങ്ങള്‍ തന്നെ ഇവിടെയും ചെയ്യപ്പെടുന്നു. എങ്കിലും അതിനുള്ള പ്രതികരണം അവിടേയും ഇവിടേയും വ്യത്യാസം. അവിടുത്തേപ്പോലെ തന്നെ ഇവിടേയും ചെയ്യാം. പക്ഷേ അങ്ങിനെ വന്നാല്‍ അവസാനം അച്ഛന്‍ കുട്ടിയെ ഒന്നു തല്ലിയാല്‍ അതുപോലും വേറേ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതിവിശേഷം വരെ ഇവിടെ വരാം. നേരത്തെ പറഞ്ഞതുപോലെ ഒരു ബാലന്‍‌സ്‌ഡ് സമീപനമാണ് വേണ്ടതെന്നു തോന്നുന്നു.

ഇപ്പോഴത്തെ മാതാപിതാക്കന്മാര്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ തലമുറയിലെ ആള്‍ക്കാരേക്കാളൊക്കെ വളരെയധികം ബോധവാന്മാരാണ്. അതുകൊണ്ട് ഇങ്ങിനത്തെ അവസരങ്ങളില്‍ അവരുടെ സമീപനം പണ്ടത്തെ പല ആള്‍ക്കാരുടേതു പോലാകാനുള്ള സാധ്യത കുറവാണ്. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇപ്പോഴത്തെ ഈ തലമുറയാണ് ഭാവിയിലെ അമ്മാവന്മാരും മറ്റുമാകാന്‍ പോകുന്നത് എന്നുള്ളതാണ്. അവരെ എങ്ങിനെ അങ്ങിനെയല്ലാത്തവരാക്കാം?

1. അവരോടുള്ള തുറന്ന സമീപനം. നേരത്തേ പറഞ്ഞതുപോലെ കുട്ടികളിലുള്ള ചെറിയ ഭാവമാറ്റം പോലും പിടിച്ചെടുക്കാന്‍ മാത്രം അടുപ്പം മാതാപിതാക്കന്മാര്‍ക്ക് കുട്ടികളോടുണ്ടാവണം. കുട്ടികള്‍ക്ക് എന്തു കാര്യവും അവരോട് തുറന്നു പറയാന്‍ സാധിക്കണം. ദിവസവും കുറെ മണിക്കൂറുകള്‍ അവര്‍ക്കുവേണ്ടി മാത്രം ചിലവാക്കാന്‍ സാധിക്കണം. അങ്ങിനെ അച്ഛനോടും അമ്മയോടും സ്നേഹവും ബഹുമാനവും ഇഷ്ടവും എല്ലാം എല്ലാ രീതിയിലും അവര്‍ക്ക് തോന്നണം. അച്ഛനമ്മമാരായിരിക്കണം അവരുടെ റോള്‍ മോഡലുകള്‍(അതിനനുസരിച്ചുള്ള സ്വഭാവവും പെരുമാറ്റവുമായിരിക്കണം അച്ഛനമ്മമാരുടേതും--എളുപ്പമല്ല, പക്ഷേ അസാധ്യവുമല്ല).

2. ഈശ്വരവിശ്വാസം. പല കുറ്റങ്ങളും ചെയ്യാതിരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത് അച്ഛനോടും അമ്മയോടുമുള്ള ഇഷ്ടത്തോടൊപ്പം ഈശ്വരനിലുള്ള വിശ്വാസവും ഈശ്വരഭയവുമാണ്. നമ്മുടെ പുരാണങ്ങളും കഥകളുമൊക്കെ അവര്‍ക്ക് പറഞ്ഞുകൊടുക്കുക. മോറല്‍ ലസ്സണ്‍‌സ് നല്ലവണം അവരെ പഠിപ്പിക്കുക.

3. നല്ല അദ്ധ്യാപകര്‍. പ്രസിഡന്റ് കലാം പറഞ്ഞത് ഒരു വ്യക്തിയെ ഏറ്റവും അധികം സ്വാധീനിക്കുന്ന മൂന്നാള്‍ക്കാര്‍ അച്ഛന്‍, അമ്മ, പ്രൈമറി സ്കൂള്‍ ടീച്ചര്‍ എന്നിവരാണ് എന്നാണ്. നല്ല അദ്ധ്യാപകര്‍ വഴി നല്ല കാര്യങ്ങള്‍ കുട്ടികള്‍ പഠിക്കണം. പക്ഷേ ഇത് ഒരു പരിധി വരെ നമ്മളില്‍ മാത്രം ഒതുങ്ങി നി‌ല്‍ക്കുന്നതല്ല.

എനിക്കിപ്പോഴും തോന്നുന്നത് അച്ഛനും അമ്മയും നല്ലവണ്ണം ശ്രദ്ധിച്ചാല്‍, ശ്രമിച്ചാല്‍ അടുത്ത തലമുറയിലെങ്കിലും ഇത്തരക്കാരുടെ എണ്ണം കുറയ്ക്കാമെന്നുള്ളതാണ്. ഇപ്പോഴാണെങ്കിലും ലോകത്തില്‍ നല്ല ആള്‍ക്കാര്‍ തന്നെയാണ് കൂടുതല്‍. നമ്മള്‍ വളരെയധികം പെസ്സിമിസ്റ്റിക് ആവേണ്ട ആവശ്യമില്ല. പക്ഷേ നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ ഉത്തരവാദിത്തങ്ങള്‍ വളരെ വലുതാണ്. ഒരു തലമുറയെയാണ് നമുക്ക് വാര്‍ത്തെടുക്കേണ്ടത്. നമ്മുടെ ജീവിതം ആസ്വദിച്ചുതന്നെ നമുക്ക് ഇതൊക്കെ ചെയ്യാന്‍ സാധിക്കുമെന്നുതന്നെയാണ് എനിക്കു തോന്നുന്നത്.

പക്ഷേ എന്തൊക്കെ ചെയ്താലും സമൂഹത്തില്‍ പല നിലകളിലുള്ള കുറ്റവാളികള്‍ ഉണ്ടാകും. എല്ലാം നമ്മുടെ മാത്രം നിയന്ത്രണത്തിലല്ല. പക്ഷേ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട രീതിയില്‍ ചെയ്താല്‍ ഒരളവുവരെ നമുക്ക് അടുത്ത തലമുറയെ നല്ലവരാക്കാം.

Labels: , ,

Link

9 Comments:

At Tuesday, June 05, 2007 2:53:00 am, Blogger മുസാഫിര്‍ said...

വക്കാരിജി,
ഈ കമന്റു രണ്ടാമതും ഇട്ടത് നന്നായി.അത്കൊണ്ടു തന്നെ ഇഞ്ചിയുടെ ആ പോ‍സ്റ്റും കമന്റുകളും വായിക്കാന്‍ പറ്റി.കൃത്യം ഒരു വര്‍ഷത്തിനു ശേഷമാണ് കാലിക പ്രസക്തിയുള്ള -ഒരു വര്‍ഷത്തിനുള്ളില്‍ എന്തു മാറ്റം വരാന്‍, അല്ലെ - ഇതു പ്രത്യക്ഷപ്പെടുന്നത് എന്നത് യാ‍ദൃശ്ചികമാണോ ?

 
At Tuesday, June 05, 2007 5:26:00 am, Blogger myexperimentsandme said...

ബാബുവണ്ണാ, ഒരു വര്‍ഷമായി എന്നത് ഞാനോര്‍ത്തേ ഇല്ലായിരുന്നു. വെറും കോയ‌ഇന്‍‌സിഡന്‍സ് :)

 
At Tuesday, June 05, 2007 7:26:00 am, Blogger മൂര്‍ത്തി said...

ഈ പോസ്റ്റ് വഴി ഇഞ്ചിയുടെ പോസ്റ്റും വായിച്ചു. ഭയങ്കരം...നന്ദി വക്കാരി..

 
At Tuesday, June 05, 2007 7:48:00 am, Blogger സാജന്‍| SAJAN said...

വക്കാരിജി നന്ദി, ഈ പോസ്റ്റ് കൊണ്ട് ഇഞ്ചി എഴുതിയ മസ്റ്റായും വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ് വായിക്കാന്‍ സാധിച്ചു..
എനിക്കും ഉണ്ട് ഒരു 3.5 വയസ്സുകാരി,
ഓര്‍ക്കുമ്പോള്‍ ഭയമാവുന്നുണ്ട്..അങ്ങേയറ്റം സൂക്ഷിച്ചും സ്നേഹിച്ചും വളരത്തമെന്നല്ലാതേ നമുക്കെന്തു ചെയ്യാന്‍ കഴിയും???

 
At Tuesday, June 05, 2007 11:19:00 am, Blogger P Das said...

നല്ല പോസ്റ്റ് :)

 
At Tuesday, June 05, 2007 11:32:00 am, Blogger SUNISH THOMAS said...

വായിച്ചു. സംഗതി ഗൗരവാതിപ്രധാനം ആയതിനാല്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. പറഞ്ഞു കുളമാക്കുമോയെന്നു പേടി!!

 
At Tuesday, June 05, 2007 5:02:00 pm, Blogger പ്രിയംവദ-priyamvada said...

ബൂലൊഗത്തില്‍ ഇങ്ങിനെ ഒരു കഥയും സീരിയസ്‌ ചര്‍ച്ചയും നടന്നിരുന്നു?!
നന്ദി വക്കാരി..
qw_er_ty

 
At Tuesday, June 05, 2007 10:06:00 pm, Blogger ചീര I Cheera said...

വക്കാരി ജീ...
നന്ദി, ഇതു ഇവിടെ കാണാന്‍ സാധിച്ചതിന്..
നന്നായി...

 
At Wednesday, June 06, 2007 4:58:00 pm, Blogger Unknown said...

വക്കാരീ,
തരികിട,കരീം മാഷ്,അഗ്രജന്‍ തുടങ്ങിയവരുടെ കമന്റുകളുടെ ചുവടു പിടിച്ച് പോയി ഇഞ്ചിയുടെ ആ പോസ്റ്റ് വായിക്കുകയും കമന്റിടുകയും ചെയ്തതിന്നലെയാണ്.
അപ്പോഴുമറിയില്ലായിരുന്നു അത് ഒന്നര വര്‍ഷം മുന്‍പെഴുതിയതാണെന്ന് ,ഇപ്പോഴാണത് മനസ്സിലായത്. അതിനു കാരണം അതിന്റെ പ്രസക്തി കാലാതീതമായി നിലനിന്നുകൊണ്ടേയിരിക്കുന്നു എന്നതിനാലാണ്.

അവിടെയിട്ട കമന്റ് ഇവിടെയും പേസ്റ്റ് ചെയ്യുന്നു .
'ഇവിടിപ്പോ എന്താ പറയുക എന്നറിയില്ല.
മനസ്സില്‍ ഒരിക്കലും കെടാത്ത് ഒരു നെരിപ്പോട് കൂടി എരിഞ്ഞു തുടങ്ങാന്‍ ഇത് കാരണമായി .

ഇതേ പോലെ മുന്‍പൊരിക്കല്‍ മനസ്സിലേക്ക് തീ കോരിയിട്ട ഒന്നാണ് അതുല്ല്യേച്ചി എഴുതിയ ഇതും.

വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ മനസ്സിലേക്കോടിയെത്തിയതും അതു തന്നെ.

ലോകത്തൊരു കുഞ്ഞുങ്ങള്‍ക്കും ഇതുപോലെ അനുഭവം ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയോടെ...'

 

Post a comment

<< Home