Monday, September 04, 2006

വയല്‍‌ക്കരയണ്ണന്റെ നായബുദ്ധിപ്പോസ്റ്റിലിട്ടത്

അണ്ണന്റെ ഈ പോസ്റ്റില്‍ ഞാനിട്ട ചളം.

പാതാളഭൈരവന്റെ പടവും മുന്നില്‍തൂക്കി വടക്കുനിന്നു ചീറിപ്പാഞ്ഞുവന്നു സഡന്‍ബ്രേക്കിട്ട ലൈലാന്‍ഡ്‌ ലോറിയില്‍ നിന്ന്‌ തെറിയുടെ തിരുക്കുറള്‍ രണ്ടു വ്യത്യസ്ത ശബ്ദങ്ങളില്‍ അഖണ്ഡം പെയ്തിറങ്ങിയത്‌ അദ്ദേഹത്തിന്റെ നിര്‍ബ്ബന്ധബുദ്ധിക്കു തെല്ലും പോറലേല്‍പ്പിച്ചില്ല

തകര്‍പ്പനെഴുത്ത്. നാല്‍പ്പത് വയസ്സ് കഴിഞ്ഞ് സ്കൂട്ടറോടിക്കാന്‍ പഠിക്കാന്‍ തീരുമാനിച്ച ഞങ്ങളുടെ ഒരു ബന്ധുവിനെ(അന്ന് വിദേശനാണയം ദക്ഷിണ വെച്ചാല്‍ മാത്രം കിട്ടുന്ന ബജാജ് ചേതക് അദ്ദേഹത്തിന് കിട്ടിയത് മുതലാക്കാന്‍) വിശാലമായ ഒരു മൈതാനത്താണ് ആദ്യം കൊണ്ടുപോയത്. ആ മൈതാനത്ത് ആകപ്പാടെയുള്ള വസ്തു എന്ന് പറയാന്‍ അതിവിശാലമായ മൈതാനത്തിന്റെ ഒരു മൂലയ്ക്ക് നിന്ന് നോക്കിയാല്‍ വെറും ഈര്‍ക്കില്‍ പോലെയിരിക്കുന്ന രണ്ട് ഗോള്‍ പോസ്റ്റുകള്‍ മാത്രം. ബന്ധുവിന്റെ പുറകില്‍ അമ്മാവന്‍ ഇരുന്ന് രണ്ടുപേരും കൂടി നാലു കൈയ്യും ഹാന്റിലില്‍ വെച്ച് ആദ്യപാഠങ്ങള്‍ അമ്മാവന്‍ ചെവിയില്‍ ഉരുവിട്ടു. മൂന്നാം റൌണ്ട് ബന്ധു തന്നെ ഓടിക്കണം. സംഗതി ഫസ്റ്റ് ഗിയറിലാക്കി ക്ലച്ചില്‍ നിന്നും കൈയ്യെടുക്കുന്നിടം വരെ അമ്മാവന്‍ കൂടെയോടി ലാല്‍‌സലാം സഖാവേ പറഞ്ഞ് യാത്രയാക്കി.

ആദ്യത്തെ പോക്ക് പോയി മൈതാനത്തിന്റെ മൂലയ്ക്കെത്തി വിദഗ്‌ദമായി വണ്ടി തിരിച്ച് പോയ ബന്ധു ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പായുന്നത് കണ്ട് അപ്പുറത്തെ മൂലയ്ക്ക് നില്‍ക്കുന്ന ഞങ്ങള്‍ നെഞ്ചത്ത് കൈവെച്ചു (കുഞ്ഞായിരുന്ന ഞാന്‍ വെച്ച കൈ നെഞ്ചും കഴിഞ്ഞ് പുറത്തേക്ക് തള്ളി നിന്നു-അമ്മാവന്റെ കൈ നെഞ്ച് നന്നായി കവര്‍ ചെയ്ത് മിച്ചം നെഞ്ചുമുണ്ടയിരുന്നു). പോസ്റ്റിന്റെ ആദ്യത്തെ കാലിനിപ്പറത്തുകൂടി വണ്ടി കൊണ്ടുപോയ ദേഹം അപ്പുറത്തെ കാല്‍ കടന്നത് അപ്പുറത്തെ സൈഡില്‍ കൂടെയായിരുന്നു. ഇത്രയ്ക്കും എക്‍സ്‌പര്‍ട്ടാകാന്‍ മാത്രം അദ്ധ്യാപന ശേഷിയൊന്നും അമ്മാവനില്ലല്ലോ എന്ന് ശങ്കിച്ച് ഞങ്ങള്‍ മരുമക്കളും ഇതെങ്ങിനൊത്തടി മറിയേ എന്ന് ശങ്കിച്ച് അമ്മാവനും നില്‍ക്കുമ്പോള്‍ ബന്ധു മൈതാനത്തിന്റെ അപ്പുറത്തെ മൂലയ്ക്കെത്തി.

പഴയതിലും വിദഗ്‌ദമായി മൂല തിരിച്ച് പഴയതുപോലെ ദേഹം ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങി. മന്ദം മന്ദം നീങ്ങിയ ബന്ധു അത്രയും വിശാലമായ മൈതാനത്തില്‍ ഇടിക്കാനുള്ള ഏകവസ്തുവായ ഈര്‍ക്കില്‍ പോലിരിക്കുന്ന ആ പോസ്റ്റിന്റെ ഒത്ത നടുക്ക് തന്നെ സ്കൂട്ടര്‍ കൊണ്ടുപോയി ഇടിപ്പിച്ച് മറിഞ്ഞ് വീണപ്പോഴാണ് ഞങ്ങള്‍ക്ക് പഴഞ്ചൊല്ലിലും അമ്മാവന്റെ പഠിപ്പിക്കാനുള്ള കഴിവിലും‍ കുറച്ചൊക്കെ വിശ്വാസമുണ്ടായത്.

Link

18 Comments:

At Monday, September 04, 2006 9:35:00 pm, Blogger myexperimentsandme said...

ചുമ്മാ ഒരൊറ്റ പ്രാവശ്യത്തേക്കുള്ള ടേയ്‌സ്റ്റിംഗാണേ. ഇനിയില്ല.

 
At Monday, September 04, 2006 9:45:00 pm, Blogger Unknown said...

മാഷേ,
നമ്പറിടരുത്. ഇനി എഴുതാന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കില്‍ പുതിയ ബ്ലോഗ് തുടങ്ങുമോ? ഇനി അഥവാ ഈ ബ്ലോഗിലെ എഴുത്ത് നിര്‍ത്തിയാല്‍ അടുത്ത മയില്‍ വാഹനം ബസ്സില്‍ കേറി ഞാനങ്ങ് ചക്രവര്‍ത്തിയുടെ നാട്ടിലേക്ക് വരും. പറഞ്ഞേക്കാം.

(ഓടോ:കലക്കന്‍ പോസ്റ്റാണല്ലോ മാഷേ.. തുടരൂ..പ്ലീസ്)

 
At Monday, September 04, 2006 9:54:00 pm, Blogger myexperimentsandme said...

ഹ...ഹ...ദില്ലുബ്ബൂ, ആ സ്വാദ് നോക്കല്‍ ഒറ്റത്തവണയെ ഉള്ളൂ എന്നാണ് ഉദ്ദേശിച്ചത്. ഇത് വെറുതെ അവിടെയുമിവിടെയുമൊക്കെ ഇട്ട കമന്റ് കൂട്ടിവെക്കാനുള്ള സ്ഥലം. ആരുടെയെങ്കിലും ബ്ലോഗൊക്കെ ഏതെങ്കിലും കാലത്ത് അപ്രത്യക്ഷമായാല്‍ അടുത്ത തലമുറയോട് പ്രതാപപ്പൊങ്ങച്ചങ്ങളൊക്കെ പറയുമ്പോള്‍ അവരെങ്ങാനും തെളിവ് ചോദിച്ചാല്‍ കാണിച്ച് കൊടുക്കേണ്ടേ? :)

ഈ ഐഡിയയ്ക്ക് കടപ്പാട് വിശാലന്. ദേഹം മണ്ണാങ്കട്ടയും കരിയിലയും തുടങ്ങിയപ്പോഴാണ് ഇത് കത്തിയത്. ആ കടപ്പാക്കട തലേക്കെട്ടില്‍ തന്നെ കാണിക്കാമെന്ന് വെച്ചപ്പോള്‍ എന്റെ വാചകങ്ങള്‍ കഴിഞ്ഞ് സ്ഥലമില്ല.

വിശാലാ, താങ്കളാണ് അവിയല്‍ ബ്ലോഗിന്റെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കട ദര്‍ശി :)

 
At Monday, September 04, 2006 9:57:00 pm, Blogger വല്യമ്മായി said...

കാലം കുറച്ച് കഴിഞ്ഞാല്‍ പേരകുട്ടികള്‍ പറയുമല്ലേ “ന്റ്റെ വക്കാരിയപ്പൂപ്പനൊരു ബ്ലോഗുണ്ടേര്‍ന്ന്”

 
At Monday, September 04, 2006 10:03:00 pm, Blogger myexperimentsandme said...

തന്നെ തന്നെ വല്ല്യമ്മായീ :)

 
At Monday, September 04, 2006 10:12:00 pm, Blogger സിദ്ധാര്‍ത്ഥന്‍ said...

കവര്‍ ചെയ്തു കഴിഞ്ഞെങ്കില്‍ പിന്നെ മിച്ചം നെഞ്ചുണ്ടാകുന്നതെങ്ങനെയാണെന്നു ചോദിക്കാനിപ്പം വരും ഗുരുക്കള്‍. വേഗം പത്രത്തില്‍ തിരുത്തു കൊടുത്തോളൂ.

ഞാനിനി ഇങ്ങനെ ഒരു വകുപ്പു് തുടങ്ങിയാലെന്തു പേരിടുമപ്പാ? (ഈ അപ്പാ ഗുരുവായൂരപ്പാ)

 
At Monday, September 04, 2006 10:18:00 pm, Blogger രാജ് said...

വക്കാരി ആ പ്രൊഫൈലിലെ ചില്ലക്ഷരമൊക്കെയൊന്നു തിരുത്തിക്കേ (മനുഷ്യനെ കമന്റ് കാണിച്ചു ഭീഷണിപ്പെടുത്തുന്നോ??)

 
At Monday, September 04, 2006 10:28:00 pm, Blogger myexperimentsandme said...

ഹ...ഹ...സിദ്ധാര്‍ത്ഥാ, ഇടതുപക്ഷത്തുനിന്നും വലതുപക്ഷം വരെ നീണ്ടുകിടക്കുന്ന ശരീരാവയവത്തെ മൊത്തത്തില്‍ നഞ്ചുകലക്കിയ നെഞ്ചേ എന്നാണോ വിളിക്കുന്നതെന്ന സംശയം ജീവശാസ്ത്രത്തില്‍ പണ്ടുമുതലേ ഉണ്ട് എന്നാണ് തോന്നുന്നത്. എന്തായാലും കളരിഗുരുക്കള്‍ നെഞ്ചും വിരിച്ച് വരുന്നതുവരെ ക്ഷമിക്കാം അല്ലേ :)

പെരിങ്ങോടരേ, ചില്ലെല്ലാം മാറ്റി വലയിട്ടു. ഇപ്പോള്‍ കുഴപ്പമില്ല എന്ന് കരുതുന്നു. ലാസ്റ്റ് ചില്ല് മാറ്റിയതും ഹരഴിക്കേന്‍ സിനിമയില്‍ ഡെന്‍‌ഡീസല്‍ വാഷിംഗ്‌ടനെ കോടതി വെറുതെ വിട്ടു :)

മാളിക മുകളിലേറിയ ഏതെങ്കിലും ബ്ലോഗിന്റെ തോളിലെങ്ങാനും മാറാല പിടിച്ചാല്‍ എന്റെ വിലപിടിച്ച കമന്റുകളൊക്കെ പൊടിപിടിച്ച് പോവില്ലേ എന്നോര്‍ത്തുള്ള സാഹസമല്ലേ. അവസാനം ഈ കമന്റെല്ലാം‌കൂടി തൂക്കിവില്‍‌ക്കും :)

 
At Monday, September 04, 2006 10:29:00 pm, Blogger മുസ്തഫ|musthapha said...

ഇതും സൂപ്പര്‍ ചേട്ടാ സൂപ്പര്‍...

തെക്കേലെ മാമതുക്കാക്ക് സ്കൂട്ടറോടിക്കാന്‍ പഠിക്കണം എന്നൊരൊറ്റ നിര്‍ബന്ധം... ക്ലച്ച് താങ്ങി ആക്സിലേറ്റര്‍ കൊടുക്കേണ്ട വിധമൊക്കെ പറഞ്ഞ് കൊടുത്തു നീങ്ങി നിന്നു... പിന്നെ കണ്ടത് കൈരളി ചാനലില്‍ പ്രദീപിന്‍റെ അശ്വമേധത്തിലെ കുതിര രണ്ട് കാലില്‍ നിക്കുന്ന പോലെ ഒറ്റ ടയറില്‍ നിന്ന് ചീറുന്ന (കീ..കീ..കീ...) സ്കൂട്ടറിനെയാണ്.

 
At Monday, September 04, 2006 10:47:00 pm, Blogger ഉമേഷ്::Umesh said...

കമന്റുകള്‍ പോസ്റ്റായിടുന്ന ടെക്നിക്കിന്റെ ആവിഷ്കാരകന്‍ ബൂലോഗത്തിലെ എല്ലാ നല്ല ആശയങ്ങളുടെയും ആവിഷ്കാരകനായ സിബു ആണു്. സിബുവിന്റെ പാത പിന്തുടര്‍ന്നു് ഞാനും അതു ചെയ്തിട്ടുണ്ടു്.

കമന്റിടാതെ പോസ്റ്റുകളും മറുപോസ്റ്റുകളും ബാക്ക്‍ലിങ്കുകളുമായുള്ള രീതി ആദ്യം നിര്‍ദ്ദേശിച്ചതും തുടങ്ങിയതും സിബു തന്നെ. പിന്നീടു് “കെ. പി.” എന്ന ബ്ലോഗര്‍ അതിന്റെ വക്താവായി മാറി. പക്ഷേ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ പിന്മൊഴിയില്‍ വരാത്തതും അവയ്ക്കുകമന്റുകള്‍ അനുവദിക്കാത്തതും അതു ജനശ്രദ്ധ ആകര്‍ഷിക്കാതെ പോയി.

ഞാനും ഇതിനൊരു ബ്ലോഗ് തുറന്നിട്ടുണ്ടു്-പ്രതികരണങ്ങള്‍. പിന്നീടു വിശാലനും. ദാ ഇപ്പോള്‍ വക്കാരിയും.

കൊള്ളാം വക്കാരീ. ബാക്കിയുള്ളവരുടെ പോസ്റ്റുകള്‍ സമാഹരിക്കുമ്പോള്‍ വക്കാരിയുടെയും ദേവന്റെയും കമന്റുകളാണു സമാഹരിക്കേണ്ടതു്.

 
At Monday, September 04, 2006 10:52:00 pm, Blogger myexperimentsandme said...

ഉമേഷ്‌ജീ, സിബുവും കെപിയും ഉമേഷ്‌ജിയും തുടങ്ങിയതില്‍‌നിന്നും വ്യത്യസ്തമായി അവിയല്‍ ബ്ലോഗ് പണ്ടിട്ട കമന്റുകളൊക്കെ അവിടുന്നും കിട്ടി നാഴിയരി, ഇവിടുന്നും കിട്ടി നാഴിയരി സ്റ്റൈലില്‍ ഇവിടെ കൊണ്ടുപോയി ഇടുക എന്നുള്ള ഉദ്ദേശത്തില്‍ തുടങ്ങിയതാണ്.

ചിലപ്പോള്‍ തോന്നും കമന്റുകള്‍ വേറൊരു പോസ്റ്റാക്കാതെ യഥാര്‍ത്ഥ പോസ്റ്റില്‍ തന്നെ ഇടുന്നതല്ലേ ഒഴുക്കിന് നല്ലതെന്ന്. മറ്റുചിലപ്പോള്‍ തോന്നും വലിയ കമന്റൊക്കെയാണെങ്കില്‍ നിങ്ങളൊക്കെ ചെയ്യുന്നതുപോലെ വേറൊരു പോസ്റ്റായി ഇടുന്നതല്ലേ നല്ലതെന്ന്. ഉല്‍‌പ്രേക്ഷയില്‍ ഇരിക്കുന്ന സംഗതിയാണ്. ഉന്നതതല തീരുമാനം വേണ്ടിവരുമോ ആവോ? ചെറിയ പുരയാണെങ്കില്‍ തലചെന്ന് ഉത്തരത്തില്‍ ഇടിച്ചാല്‍ അതും പ്രശ്‌നം.

 
At Monday, September 04, 2006 11:01:00 pm, Blogger ലിഡിയ said...

കമന്റുകള്‍ പോസ്റ്റിന്റെ ഒപ്പം കാണുന്നത് തന്നെയാണ് അതിന്റെ ഭംഗി..”ദാ,ഇതാ പോസ്റ്റിനുള്ള കമന്റാണ്” എന്ന കൊളുത്തില്‍ തൂങ്ങി അങ്ങോട്ട് പോയി അത് വായിച്ച് പിന്നെ തിരിച്ച് വന്ന് അടുത്തത് കണ്ട്..എന്തോ ഒരു കല്ല് കടി തോന്നുന്നില്ലെ..

എന്റെ അഭിപ്രായമാണ് കെട്ടോ..ഒരു മാനിപുലേഷനും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല..അര്‍ദ്ധരാത്രികളില്‍ ഞാന്‍ ചെയ്യുന്നത് മെയിലില്‍ വന്നിരിക്കുന്ന കമന്റുകളെ കൂട്ടിയിട്ട് ഓരോ പോസ്റ്റിലും പോയി,പിന്നതിന്റെ തുടരന്‍ പോലെയുള്ള കമന്റുകളുടെ ഒഴുക്കും വായിച്ച് തിരിച്ച് വരുകയെന്നതാണ്..

ആവോ..സംഭവിക്കുന്നതെല്ലാം നല്ലതിന്..

-പാര്‍വതി.

 
At Monday, September 04, 2006 11:09:00 pm, Blogger myexperimentsandme said...

ശരിയാണ് പാര്‍വ്വതീ. ഞാനും ഏതാണ്ട് ആ അഭിപ്രായക്കാരനാണ്. ചിലപ്പോള്‍ മാത്രം ചില കാര്യങ്ങള്‍ നമുക്ക് ഒരൊറ്റ കമന്റില്‍ പറയാനേ ഉള്ളൂ എങ്കിലും പിന്നെയും പിന്നെയും അത് തന്നെ തിരിച്ചും മറിച്ചും പറഞ്ഞ് ആള്‍ക്കാരെ ബോറടിപ്പിക്കേണ്ട എന്നുമൊക്കെ തോന്നുമ്പോള്‍ അതൊരു പോസ്റ്റാക്കിയാല്‍ പോരേ എന്നും തോന്നും. പിന്നെ എപ്പോള്‍ അതിനെപ്പറ്റി ഒരു സംവാദം വന്നാലും എനിക്ക് പറയാനുള്ളതൊക്കെ ഇവിടുണ്ട് എന്നും പറഞ്ഞ് ഒരു ലിങ്ക് കൊടുത്താല്‍ മതിയല്ലോ. പക്ഷേ അത് പലപ്പോഴും ചര്‍ച്ചകളുടെ ഒഴുക്ക് കളയുന്നുവോ എന്നും തോന്നുന്നുണ്ട്.

ആ ഒരു സംവിധാനത്തില്‍ കമന്റ് ഇടുന്ന ആളുടെ സൌകര്യമാണ് കൂടുതല്‍ നോക്കുന്നതെന്ന് തോന്നുന്നു. മറ്റ് വായനക്കാര്‍ക്ക് മിക്കവാറും ഒറിജിനല്‍ പോസ്റ്റിന്റെ അടിയില്‍ തന്നെ കമന്റുകള്‍ വരുന്നതായിരിക്കും സൌകര്യം.

ആവൂ, ശരിക്കങ്ങറിയില്ല.

 
At Monday, September 04, 2006 11:16:00 pm, Blogger Rasheed Chalil said...

വണ്ടി തിരിച്ച് പോയ ബന്ധു ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പായുന്നത് കണ്ട് അപ്പുറത്തെ മൂലയ്ക്ക് നില്‍ക്കുന്ന ഞങ്ങള്‍ നെഞ്ചത്ത് കൈവെച്ചു (കുഞ്ഞായിരുന്ന ഞാന്‍ വെച്ച കൈ നെഞ്ചും കഴിഞ്ഞ് പുറത്തേക്ക് തള്ളി നിന്നു-അമ്മാവന്റെ കൈ നെഞ്ച് നന്നായി കവര്‍ ചെയ്ത് മിച്ചം നെഞ്ചുമുണ്ടയിരുന്നു....


വക്കാരിമാഷേ ആര്‍ത്തുചിരിച്ചു... ഇന്ന് ഓഫീസ് ബ്ലോഗിംഗിന്റെ മഹത്തായ ഒരു എപ്പിസോഡ് തീര്‍ത്ത് വീട്ടിലെത്തിയിട്ടാ ഈ അവിയേല്‍ രുചിച്ചത്. സംഭവം ഒരു സംഭവം തന്നെ... ഇത് അവിയലാണൊ അതോ അവിയേലാണോ... തെറ്റുണ്ടങ്കില്‍ ഈ അറിവില്ലാപൈതലിനോട് പൊറുക്കണേ...

ഓ.ടോ
വിശാലേട്ടനെ കൂടുതല്‍ വിളിക്കണ്ട.. കൊടകരപുരാണം പി ഡി എഫ് മാര്‍ക്കറ്റിലിറങ്ങിയത് പ്രമാണിച്ച് പുള്ളി തലയില്‍ മുണ്ടിട്ടാണത്രെ നടക്കുന്നത്. നാട്ടുകാരെ പേടിക്കണമല്ലോ....

 
At Monday, September 04, 2006 11:30:00 pm, Blogger myexperimentsandme said...

ഇത്തിരിയേ നന്ദി. സംഗതി ആദ്യം അവിയല്‍ എന്നാണ് പേരിട്ടത്. പക്ഷേ അവിയലിന് ആകെ അവിഞ്ഞ് നാശമായി എന്നൊരു ധ്വനിയും കൂടി ഇല്ലേ എന്ന ഉല്‍‌പ്രേക്ഷയാലും ബ്ലോഗറണ്ണന്‍ aviyal.blogspot എന്തുവന്നാലും തരില്ല എന്നും, എന്നാല്‍ aviyel.blogspot എത്ര വേണമെങ്കിലും എടുത്തോ എന്നും വാശിപിടിച്ചതുകാരണം, ഞാന്‍ ബ്ലോഗ് പേരും യൂയാറെല്ലും ഒന്നാക്കി. ഈയിടെ മുല്ലപ്പൂ ബ്ലോഗ് റോളില്‍ വക്കാരിമഷ്ടാ തപ്പി വട്ടായി എന്നാല്‍ ഉദയസൂര്യന്റെ നാട്ടില്‍ എന്ന് യൂയാറെല്ല് കൊടുത്ത് പിന്നെയും വട്ടായി അവസാനം ശ്രീജിത്താണ് പറഞ്ഞുകൊടുത്തത് സംഗതി നിലാവത്തെക്കോഴിയാണെന്ന്. സംഭവം ആദ്യം തുടങ്ങിയപ്പോള്‍ ആ കെണിയൊന്നും ഓര്‍ത്തില്ല.

മലയാളമേ, നന്ദി. പക്ഷേ അത് നാലരയിരട്ടി പണിയല്ലേ എന്നൊരു സംശയം. എന്തായാലും അനന്തസാധ്യതകളുടെ അപാരസാധ്യതകളാണല്ലോ ബ്ലോഗുകള്‍ തരുന്നത്. എന്തും പരീക്ഷിക്കാം :)

 
At Tuesday, September 05, 2006 12:58:00 am, Blogger kusruthikkutukka said...

വക്കാരിമഷ്ടാ... വക്കാരിമഷ്ടാ ....
ഹെ ഹെ ഞാനും ജപ്പാനീസ് പറയാന്‍ പഠിച്ചു...
ഇക്കാര്യം എന്റെ മനസ്സിലും ഒരിക്കല്‍ തോന്നിയതാണു,
പക്ഷെ ഞാന്‍ അത്ര എവര്‍ ടൈം ഹിറ്റ് ആയ കമെന്റ്സ് ഒന്നും എഴുതാത്ത്തിനാല്‍ അതിന്റെ ആവിശ്യം ഇപ്പോള്‍ ഉണ്ടെന്നു തോന്നുന്നില്ല, എന്നാലും കമെന്റ് അഗ്രഗറ്റെര്‍ - ബ്ലോഗെര്‍ വൈസ്- വരുന്ന കാലം വേഗം വരട്ടെ...ഗൂഗിള്‍ ഭഗവതീയെ നമ:
ഓ. ടോ ഈ ജപ്പാനിലെ കാറ്റു മതി അല്ലെ മനുഷ്യര്‍ക്കു ഐഡിയ ഒക്കെ വരാന്, വെറുതെ അല്ല പഹയന്മാരു സോണി , (പാന)സോണീക് ഒക്കെ കണ്ടുപിടിച്ചതു.. ഞാനും എന്റെ ഉപരിപഠനം ഉദയസൂര്യന്റെ നാട്ടിലാക്കിയാലൊ,, ടണ്‍ ടടാങ്,,,,,,,,
യ്യൊ പുരാണം പറഞ്ഞിരുന്നാല്‍ എന്റെ ശര്‍ക്കര ഉപ്പേരി ...(അമ്മൂമ്മ കാണാതെ കൂടുതല്‍ എടുക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ തനിക്കും തരാം ... ഇല്ലെങ്കില്‍ നാളെ അതിരാവിലെ ഇങ്ങടു പോന്നോളൂ ട്ടൊ :)

 
At Friday, September 08, 2006 10:29:00 pm, Blogger myexperimentsandme said...

കുസൃതിയേ, നന്ദി കേട്ടോ. ജപ്പാനിലെ കാറ്റടിച്ചതുകൊണ്ട് മാത്രം ഐഡിയാ വരണമെന്നില്ല-ഞാന്‍ തന്നെ ഉദാഹരണം. പക്ഷേ ഇവര്‍ ഐഡിയാ മനുഷ്യര്‍. നേരിട്ട് അനുഭവമുണ്ട്.

ബാബ്‌സണ്ണാ, നന്ദി. സ്കൂട്ടര്‍ പഠനം എല്ലാവര്‍ക്കും അങ്ങിനെയാണല്ലേ :)

 
At Wednesday, July 23, 2008 2:15:00 am, Anonymous Anonymous said...

സ്ഥിരം വായിക്കുന്നുണ്ട് വക്കാരിയേ.വക്കാരിയ്ക്ക് നല്ല ഹ്യൂമറ് സെന്സുണ്ട്.

 

Post a Comment

<< Home