Friday, June 05, 2009

തര്‍ക്കുത്തരക്കുതര്‍ക്കങ്ങള്‍

ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്

കോണ്‍ഗ്രസ്സിന്റെ ജനവിരുദ്ധമായ ഒട്ടേറെ പരിപാടികള്‍ വേണ്ടെന്ന് വെപ്പിയ്ക്കാനും വേണ്ടപോലെ വെപ്പിയ്ക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞുവത്രേ...?

കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയ്ക്ക് നടന്ന ഏറ്റവും ജനവിരുദ്ധമായ പരിപാടികളിലൊന്നല്ലായിരുന്നോ, ഇടതുപക്ഷത്തിന്റെ തന്നെ ഭാഷയില്‍ ആണവക്കരാര്‍? അതെന്തേ വേണ്ടെന്ന് വെപ്പിയ്ക്കാന്‍ കഴിഞ്ഞില്ല? അപ്പോള്‍ സമ്മര്‍ദ്ദമല്ലായിരുന്നോ ഇനിയെങ്ങാനും കാരണം? കോണ്‍ഗ്രസ്സിനും കൂടി തോന്നിയതുകൊണ്ട് കോണ്‍ഗ്രസ്സ് ചെയ്തു- ഇടതുപക്ഷം സമ്മര്‍ദ്ദത്തിന്റെ പ്രഷര്‍ ആരാധകര്‍ കരുതുന്ന അത്രയ്ക്ക് പീയെസ്സൈ ഒന്നുമില്ലായിരുന്നോ ഇനി? അങ്ങിനെയായിരുന്നെങ്കില്‍ ആണവക്കരാറും പുല്ലുപോലെ ഇടതുപക്ഷത്തിന് വേണ്ടെന്ന് വെപ്പിക്കാമായിരുന്നല്ലോ. ബാക്കി എല്ലാ മേഖലയിലും കോണ്‍ഗസ്സിനെ വരച്ച വരയില്‍ നിര്‍ത്തിയ ഇടതുപക്ഷം വിദേശനയത്തില്‍ മാത്രം എന്തേ പരാജയപ്പെട്ടത്?

അപ്പോള്‍ മിക്കവാറും ആരാധകര്‍ പറയുന്നതൊന്നുമാവില്ല കാരണം- കോണ്‍ഗ്രസ്സിന് വേണമെന്ന് തോന്നിയതൊക്കെ അവര്‍ ചെയ്തു- ആണവക്കരാറുള്‍പ്പടെ.

അതിവേഗം ബഹുദൂരം. ഇപ്പോഴെങ്കിലും സമ്മര്‍ദ്ദത്തെക്കുറിച്ച് രോമാഞ്ചിച്ചാല്‍ അത്രയെങ്കിലുമായി. അതാവും വിശകലനങ്ങളുടെ പ്രചോദനം. ഇടതുപക്ഷ സമ്മര്‍ദ്ദമില്ലാത്ത ഒരഞ്ച് കൊല്ലം കൂടി വെയിറ്റു ചെയ്തിട്ട് കോണ്‍ഗ്രസ്സ് പഴയ, വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുന്ന”, കോണ്‍ഗ്രസ്സ് തന്നെയായിരിക്കുമോ എന്ന് നോക്കിയിട്ട് സമ്മര്‍ദ്ദത്തെപ്പറ്റി രോമാഞ്ചിച്ചിരുന്നെങ്കില്‍ രോമാഞ്ചത്തിന് കുറച്ചുകൂടി പഞ്ച് വന്നേനെ.

ഇടതുകേന്ദ്ര മന്ത്രിമാര്‍...

ഹ...ഹ...ഹ... ഒരണ്ണനെ പിടിച്ച് സ്പീക്കറാക്കി, അവസാനം അണ്ണന്‍ പാര്‍ട്ടീന്നും പോന്നു. കാരാട്ടിനിതൊക്കെ നല്ലതുപോലെ അറിയാന്‍ വയ്യേ. ഒരഞ്ച് മന്ത്രിമാരും കൂടിയുണ്ടായിരുന്നെങ്കില്‍ മിക്കവാറും ഇടത് പക്ഷം പിളര്‍ന്നേനെ (ചുമ്മാ)

എന്നാല്‍ ഇടതുപക്ഷം പലപ്പോഴും പുല്ലുവിലപോലും കല്‍പ്പിക്കാത്ത ഒരു കോടതിഉത്തരവിന്റെ മറവില്‍ മൂലമ്പള്ളിക്കാരോടു് വിഎസ് സര്‍ക്കാര്‍ ചെയ്തതു് പൊറുക്കാനാവാത്ത കാര്യമാണു്.

വെയിറ്റ് വെയിറ്റ് വെയിറ്റ്... വീയെസ്സ് ചെയ്യുന്നതൊക്കെ പാര്‍ട്ടി പറഞ്ഞത് തന്നെയാണ്, വീയെസ്സിന്റെ കേസുകള്‍ക്കൊക്കെ പാര്‍ട്ടിയാണ് പൈസാ കൊടുത്തതെന്നും പറഞ്ഞ് ശ്രീ പിണറായി വിജയന്‍ കണക്ക് വരെ കാണിച്ചെന്നോ മറ്റോ വാര്‍ത്ത കണ്ടല്ലോ. അപ്പോള്‍ പിന്നെ മൂലമ്പള്ളിക്കാരോട് മാത്രം “വി എസ്” സര്‍ക്കാര്‍ എന്ത് പൊറുത്തില്ല? ഓടിപ്പോയി പിണറായിയോട് പറയാന്‍ വയ്യായിരുന്നോ? അപ്പോള്‍ മൂലമ്പള്ളിയിലെ പ്രശ്നത്തിന് പാര്‍ട്ടിയ്ക്ക് മൊത്തത്തില്‍ ഒരു പങ്കുമില്ലേ (ഇങ്ങനെ ചോദിക്കാന്‍ കുറച്ച് ചമ്മലുണ്ട്- കാരണം മൂലമ്പള്ളി പ്രശ്നത്തിലെ പാര്‍ട്ടി നിലപാടുകള്‍ ശരിക്കെനിക്കറിയാന്‍ വയ്യ- ഇവിടെ ഈ പോസ്റ്റില്‍ വി.എസ് മുഴച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ തോന്നിയത് എഴുതിയെന്ന് മാത്രം).

ചെങ്ങറയിലെ പ്രശ്നത്തിനും ഉത്തരവാദി വി.എസ്. എന്താണ് ഇവിടെ പാര്‍ട്ടിക്ക് ഈ നിമിഷം വരെയുള്ള ഉത്തരവാദിത്തം? ചെങ്ങറയിലും മൂലമ്പള്ളിയിലും പാര്‍ട്ടി പറഞ്ഞതിന് വിരുദ്ധമായി എന്തൊക്കെയാണ് വി.എസ് ചെയ്തത്? (പാര്‍ട്ടിയെന്നാല്‍ പിണറായി സെക്രട്ടറിയായിട്ടുള്ള പാര്‍ട്ടി).


ഇടതുപക്ഷത്തു് മൃദുഹൈന്ദവതയോ എന്നു് അമ്പരക്കേണ്ടതില്ല. വിഎസ് വളര്‍ത്തിയെടുത്ത ഈ കൊടിയ വിപത്തിനെ പാര്‍ട്ടി നേരിട്ടേ മതിയാകൂ. അലസമധുരമയ അമ്പലവാസി സംസ്കാരം പാര്‍ട്ടിക്കുള്ളില്‍ അടിഞ്ഞുകൂടുകയാണു്. അതു് മുസ്ലീംവിരുദ്ധവും ക്രിസ്ത്യന്‍വിരുദ്ധവുമാണു്. അതു് ഉറപ്പായും സമൂഹവിരുദ്ധവുമാണു്. ആരോ പറഞ്ഞതുപോലെ സ്വാത് ഇതാ ഇവിടെ തന്നെയുണ്ടു്.


ഒരു തരിമ്പും പിടികിട്ടിയല്ല. ഇത്തവണത്തെ സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ മാരുടെയോ മറ്റോ പേരും പടവും പത്രത്തിന്റെ ലാസ്റ്റ് പേജ് അടിച്ചുവന്നത് ഇപ്പോഴത്തെ ബ്ലോഗ് തത്വ പ്രകാരം മതം തിരിച്ച് എണ്ണി നോക്കിയപ്പോള്‍ പേരുകൊണ്ടെങ്കിലും ഹിന്ദുക്കളായിരുന്നു കൂടുതല്‍. പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതല്ലേ ആ കമ്മറ്റി?

അലസമധുരമായ അമ്പലവാസി സംസ്കാരം- കൂടുതല്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. ആ സംസ്കാരത്തില്‍ എവിടെയൊക്കെയാണ് പ്രശ്നം? എന്തൊക്കെയാണ് പ്രശ്നം? അമ്പലവാസി സംസ്കാരങ്ങള്‍ എങ്ങിനെ മുസ്ലിം വിരുദ്ധവും ക്രിസ്ത്യന്‍ വിരുദ്ധവുമാവും? അമ്പലവാസി സംസ്കാരങ്ങള്‍ ഓട്ടോമാറ്റിക്കലി മറ്റ് മതങ്ങളോട് വിരുദ്ധമാവുന്നതുകൊണ്ടാണോ? മൊത്തത്തില്‍ കണ്‍ഫ്യൂഷന്‍

കേരളത്തില്‍ അതിഭീകരമായി വര്‍ഗ്ഗീയമായി ചിന്തിക്കാതിരുന്ന ഹിന്ദുക്കളില്‍ ഭൂരിപക്ഷം പിണറായി വിജയന്‍ മുന്‍‌കൈ എടുത്ത് നടത്തിയ പിഡിപി വഴിയുള്ള മുസ്ലിം വോട്ട് പിടുത്തത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷത്തിനെതിരായി വോട്ട് കുത്തിയതാണ് ഇടതുപക്ഷം തോറ്റമ്പിയതെന്നാണ് എന്റെ തിയറി. അങ്ങിനെ വര്‍ഗ്ഗീയമായി പ്രത്യേകിച്ച് ചിന്തകളൊന്നുമില്ലാതിരുന്ന ഹിന്ദുക്കളെക്കൂടി അങ്ങിനെ ചിന്തിക്കാന്‍ പിണറായി തന്ത്രം പ്രേരിപ്പിച്ചു. അതിനര്‍ത്ഥം ആ ഹിന്ദുക്കള്‍ മുസ്ലിം വിരുദ്ധരോ കൃസ്ത്യന്‍ വിരുദ്ധരോ ആണെന്നല്ല. അങ്ങിനെയല്ലതാനും. എന്തായാലും ഈ ഹിന്ദു വര്‍ഗ്ഗീയത അടുത്ത പതിനഞ്ച് കൊല്ലം കഴിയുമ്പോള്‍ ബി.ജെ.പി എന്നൊരു പാര്‍ട്ടിയുണ്ടെങ്കില്‍ ആ പാര്‍ട്ടിക്ക് കുത്തുന്ന അസുലഭ മുഹൂര്‍ത്തവും നോക്കിയിരിക്കുന്നു, ഞാനെന്ന വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് ഭീകരവാദി. എനിക്ക് കൂട്ട് ഞാന്‍ മാത്രമേ ഇക്കാര്യത്തില്‍ കാണുകയുള്ളോ എന്നൊരു പേടി ഇല്ലാതില്ല.

അബ്‌ദുള്ളക്കുട്ടി

പാര്‍ട്ടിക്ക് പുറത്തായ അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്ക് പുറത്തായപ്പോള്‍ നമ്മള്‍ അദ്ദേഹം പാര്‍ട്ടിക്കകത്തായിരുന്നപ്പോള്‍ എങ്ങിനെയൊക്കെയായിരുന്നു എന്ന് കേട്ട് കേട്ട് വരുന്നു. അദ്ദേഹം പണ്ടേ പാര്‍ട്ടിക്ക് പുറത്തായിരുന്നെങ്കില്‍ പണ്ടേ കുറെയൊക്കെ കേള്‍ക്കാമായിരുന്നു. ഇനി ശ്രീ വീയെസ്സിനെപ്പറ്റി എന്തൊക്കെ കേള്‍ക്കാനിരിക്കുന്നു :(

എ.എഫ്. 447

ബോംബ് തിയറിയും വന്നു. ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു, ആ അപകടം.

(ക്ഷീരമുള്ളോരകിടിന്‍... എന്തെങ്കിലും ഒരു സംഭവം നടന്നാല്‍ ഉടന്‍ അതിന്റെ കാരണം കണ്ടുപിടിച്ചെന്ന മട്ടില്‍ വിദഗ്ദ്ധര്‍ പ്രത്യക്ഷപ്പെടാറുണ്ട്, ഇത്തവണയും ഊഹാപോഹ വിദഗ്ദ്ധര്‍ ടെലിവിഷനില്‍ കയറി വായില്‍ തോന്നിയതു മുഴുവന്‍ വിളിച്ചു പറഞ്ഞിട്ടു പോയി. എന്നും ഏറ്റവും വലിയ സങ്കടം പറയുന്ന ഇവര്‍ക്കു തന്നെ വ്യക്തമായി അറിയാം ഇതെല്ലാം വെറും ഊഹാപോഹങ്ങളും അടിസ്ഥാനമില്ലാത്ത നിഗമനങ്ങളും ആണെന്നാണ്‌. ജനത്തിനു എന്തെങ്കിലും കേട്ടേ മതിയാവൂ. എന്നാല്‍ പിന്നെ കളസവും കോട്ടും ഇട്ടു വന്ന് അറിഞ്ഞുകൊണ്ട് എന്തെങ്കിലും പറഞ്ഞു പോകാം എന്നാണോ? എന്നും അനോണിയാന്റണി പറഞ്ഞപ്പോള്‍ ഇടതുപക്ഷം എന്തുകൊണ്ട് തോറ്റു എന്നോടിവന്ന് പറഞ്ഞ വിശകലനങ്ങളെയോര്‍ത്തുപോയി)


അഴീക്കോടും വീയെസ്സും

സെബിന്‍ പറഞ്ഞ ടെലിവിഷന്‍ തന്നെ ശരണം. ടീവിയില്‍ ഇവര്‍ രണ്ടുപേരുടെയും പറച്ചിലുകള്‍ ശ്രദ്ധിച്ച ആര്‍ക്കും മനസ്സിലാവേണ്ടതാണ്, ഇന്നലെ ആരാണ് കിടന്ന് വയലന്റായതെന്നും ആടിനെ ആരാണ് പട്ടിയാക്കാന്‍ നോക്കിയതെന്നും. അഴീക്കോട് പറഞ്ഞ വ്യാഖ്രവും ഹിംസവുമൊന്നും എന്തായാലും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ കാണാന്‍ കഴിഞ്ഞില്ല. എന്നിട്ടും അഴീക്കോട് പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞു. പണ്ട് മകന്‍ മരിച്ച അച്ഛന്‍ ഒരു മുഖ്യമന്ത്രിയോട് എങ്ങിനെയൊക്കെ പെരുമാറണമെന്ന് പെരുമാറ്റച്ചട്ടമിറക്കിയ അതേ ലോജിക്ക് തന്നെ ഇവിടെയും പ്രയോഗിക്കാം - എന്തായാലും ശ്രീ അച്യുതാനന്ദന്‍ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. ആ മര്യാദ കാണിച്ചേ മതിയാവൂ (ശ്രീ ഉണ്ണിക്കൃഷ്ണന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കണ്ട കുമ്മനം രാജശേഖരനോ മറ്റോ പ്രചോദനമായതാവാം, പെരുമാറ്റച്ചട്ടത്തിന് കാരണം- ഇവിടെ എന്താവാം കാരണം?)

Labels: , , ,