Thursday, June 14, 2007

ബ്ലോഗ് പക്ഷം

സിബുവിന്റെ ഈ പോസ്റ്റിനോടനുബന്ധിച്ച് വന്ന ചിന്തകളും‍ പെരിങ്ങോടരുടെ കമന്റുകള്‍ ഈ പോസ്റ്റില്‍ വായിച്ചപ്പോള്‍ തോന്നിയ ചിന്തകളും കൂടിക്കുഴഞ്ഞ് അവിയല്‍ പരുവത്തില്‍ അവിയല്‍ ബ്ലോഗില്‍ (അങ്ങിനെ പോസ്റ്റ് ബ്ലോഗിനെ ജസ്റ്റിഫൈ ചെയ്തു). ഈ ചര്‍ച്ചാകോലാഹലമേട് ഇനിയും നിര്‍ത്താറായില്ലേ എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഹലോ ഹൌ ആര്‍ യൂ, സുഖം തന്നെയല്ലേ, മൈക്കിള്‍സ് ടീ കുടിച്ചോ എന്ന് മാത്രം (എഴുതാന്‍ ഒന്നുമില്ലാതെ ആശയത്തില്‍ ദാരിദ്യമായിട്ടിരിക്കുമ്പോഴല്ലേ അണ്ണാ ഒരു കച്ചി തുരുമ്പുപിടിച്ച് ഇവിടെ കിടക്കുന്നത് കണ്ടത്. എപ്പോ എടുത്തൂ എന്ന് ചോദിച്ചാല്‍ മതി).

വാര്‍ണീഷിംഗ്: പറഞ്ഞ് മടുത്ത കേട്ട് മടുത്ത കാര്യങ്ങള്‍ മാത്രം. ഇത് വായിക്കാതെ വേറേ എന്തെങ്കിലും പോസ്റ്റ് വായിച്ചാല്‍ അതിന്റെ ഗുണം വായിക്കുന്നവര്‍ക്കും ആ പോസ്റ്റിട്ടവര്‍ക്കും. ഇനി ഒന്നും ചെയ്യാനില്ലെങ്കില്‍ വെറുതെ മെഡിറ്റേറ്റ് ചെയ്യാനും ഈ പോസ്റ്റ് വായിച്ച് കളയുന്ന സമയം ഉപയോഗിക്കാം.

(പതിവുപോലെ എന്റെ മാത്രം അഭിപ്രായങ്ങള്‍. ശാസ്ത്രീയതയില്ല/എന്തിനെയെങ്കിലും അനുകൂലിച്ചോ പ്രതികൂലിച്ചോ അല്ല. അതുകൊണ്ട് തന്നെ സിബു പറഞ്ഞത് മനസ്സിലാക്കാതെയുള്ള എന്റെ ഈ ജല്പനങ്ങള്‍ അര്‍ഹിക്കുന്ന അവഗണന പോലും കൊടുക്കാതെ ധിം തരികിട ധോം എന്ന് പറഞ്ഞ് എറിഞ്ഞ് കളഞ്ഞ് കൈ ലൈഫ് ബായ് ഇട്ട് ക്ലീനാക്കണമെന്നപേക്ഷ).

വാര്‍ണീഷിംഗ് റ്റു: ഈ പോസ്റ്റുവായിക്കാതെ തിരിച്ചു പോകി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ ഇനിയും നിങ്ങള്‍ക്ക് സമയമുണ്ട്.

സിബു എഴുത്തുകാരന്റെ സ്വാതന്ത്യം/വായനക്കാരന്റെ സ്വാതന്ത്യം എന്നെഴുതിയിരിക്കുന്ന കാര്യങ്ങള്‍ തിയററ്റിക്കലി ശരിയാണെങ്കില്‍ തന്നെയും പ്രായോഗികമായി നോക്കിയാല്‍ അങ്ങിനത്തെ വിഭജനങ്ങളൊക്കെ എത്രമാത്രം ഡിസ്റ്റിംഗ്‌റ്റാണ്?

പോസ്റ്റുകളാണ് ഒരു ബ്ലോഗിന്റെ എല്ലാം. പക്ഷേ കമന്റുകള്‍ മാത്രമല്ല പോസ്റ്റും ബ്ലോഗും പോലും ഉടമസ്ഥന്റെ ഔദാര്യത്തിലാണ് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് നമുക്കിന്നിഷ്ടപ്പെട്ട ഒരു പോസ്റ്റ് വേറൊരാള്‍ക്ക് കാണിച്ചുകൊടുത്ത് അത് വായിക്കാന്‍ അയാള്‍ വരുമ്പോള്‍ ചിലപ്പോള്‍ അവിടെ ബ്ലോഗ് പോലും കാണില്ല. അതാണല്ലോ ബ്ലോഗറുടെ സ്വാതന്ത്ര്യം.

ഈ അവിയല്‍ ബ്ലോഗിലിടാനുള്ള മുരിങ്ങക്കായും വെണ്ടയ്ക്കായും പാവയ്ക്കായും കോവയ്ക്കായും നെല്ലിക്കായും നിനക്കായും എനിക്കായും നമുക്കായും (ഇതിപ്പോ എങ്ങിനെയാ ഒന്ന് നിര്‍ത്തുന്നത്...) തപ്പി ഞാന്‍ അതുല്ല്യേച്ചി തന്ന ലിങ്കുകളില്‍ പോയി നോക്കിയപ്പോള്‍ അവിടെ അപ്രത്യക്ഷമായത് എന്റെ കമന്റുകളല്ലായിരുന്നു. പോസ്റ്റും ചിലപ്പോള്‍ ബ്ലോഗ് മൊത്തമായിട്ടായിരുന്നു.

കമന്റുകളുടെ മാത്രമല്ല പോസ്റ്റിന്റെ തന്നെ വിസിബിലിറ്റി അതിന്റെ “വിസിബിലിറ്റി പൊട്ടന്‍ഷ്യല്‍“ തീരുന്നതുവരെയല്ലേ ഉള്ളൂ? ബ്ലോഗിന്റെ കാര്യത്തില്‍ അടുത്ത പോസ്റ്റ് വരുന്ന വരെയും അഗ്രിഗേറ്ററുകളുടെ കാര്യത്തില്‍ ഒന്നോ രണ്ടോ പേജുകള്‍ തീരുന്നതുവരെയും. എത്രപേര്‍ ഏവൂരാന്റെ തനിമലയാളത്തില്‍ ഹോം പേജിനപ്പുറം പോയി ബ്ലോഗുകള്‍/പോസ്റ്റുകള്‍ തിരയുന്നുണ്ട്? ഒരു ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റ് വന്നാല്‍ ആ ബ്ലോഗിലെ പഴയ പോസ്റ്റിലേക്ക് പോകുന്ന എത്രപേരുണ്ട്? ഇനി അങ്ങിനെ പോകുന്നവര്‍ പ്രത്യേകം ഉദ്ദേശത്തോടെ ആ ബ്ലോഗ്/പോസ്റ്റിലേക്ക് തന്നെ പോകുന്നവരാണ്. അവരെ കമന്റിന്റെ എക്സസ് വിസിബിലിറ്റിയോ പിന്‍‌മൊഴിയിലെ ഓഫുകളോ ഒന്നും ബാധിക്കുകയേ ഇല്ലല്ലോ.

ഈയൊരു കാര്യത്തില്‍ പഴയ പോസ്റ്റുകള്‍ പൊക്കിക്കൊണ്ട് വരുന്നതില്‍ പിന്‍‌മൊഴി ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് വേണമെങ്കില്‍ പറയാം. പിന്മൊഴിയില്‍ ഒരു പഴയ പോസ്റ്റിനു വന്ന കമന്റ് കണ്ട് അവിടെ പോയി പോസ്റ്റ് വായിക്കുന്ന നല്ലൊരു കൂട്ടം ആള്‍ക്കാരില്ലേ (ഞാനുള്‍പ്പടെ)?

എന്റെ അഭിപ്രായത്തില്‍ ഒരു ബ്ലോഗ് പൂര്‍ണ്ണമാകുന്നത് അയാള്‍ ഒരു പോസ്റ്റിട്ടാല്‍ മറ്റുള്ളവര്‍ പറയാതെ തന്നെ വായനക്കാര്‍ അയാളുടെ പോസ്റ്റ് വായിക്കുന്ന ഒരു അവസ്ഥയാണ്. ഒരു പോസ്റ്റുണ്ട് എന്ന് വായനക്കാരന് അറിയാനുള്ള മാര്‍ഗ്ഗങ്ങളായ അഗ്രിഗേറ്ററുകളും ദിനപത്രവും മറ്റും വഴി പോസ്റ്റിനെപ്പറ്റി അറിഞ്ഞാല്‍ പിന്നെ എല്ലാം സ്വാഭാവികമായി സംഭവിക്കണം. സമാനഹൃദയര്‍ക്ക് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പിന്‍മൊഴിയോ മറ്റോ ഒരു തടസ്സമേ ആകുന്നില്ലല്ലോ. അവിടെ അവര്‍ നോക്കേണ്ടത് പോസ്റ്റുകള്‍ മാത്രം. വേറേ എന്തുണ്ടെങ്കിലും ഇല്ലെങ്കിലും അത് എങ്ങിനെ അവരെ ബാധിക്കും? ഇനി പിന്‍‌മൊഴിയുള്ളതുകാരണം ആള്‍ക്കാര്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കുന്നില്ല എന്നതാണെങ്കില്‍ അത് അവരുടെ തീരുമാനം എന്നല്ലേ വരുന്നുള്ളൂ.

സ്വാത്രന്ത്യം ആഗ്രഹിക്കുന്ന ഒരു വായനക്കാരന് പിന്‍‌മൊഴിയിലെ കമന്റുകളും മറ്റും അയാളെ ഡിസ്ട്രാക്റ്റ് ചെയ്യേണ്ട കാര്യമേ ഇല്ല. പിന്‍‌മൊഴികൊണ്ടുള്ള ഒരു “ഇത്” ചിലപ്പോളൊക്കെ ഉണ്ടാകുന്ന ഓഫ് പ്രളയങ്ങളാണ്. പക്ഷേ അത് എല്ലായ്‌പോഴും സംഭവിക്കുന്ന ഒന്നല്ലല്ലോ. അതുമൂലം ആരും ബ്ലോഗെഴുത്ത് നിര്‍ത്തിയതായിട്ടും അറിയില്ല (ഉറപ്പില്ല). അതല്ല അതുമൂലം ആരെങ്കിലും ബ്ലോഗ് എഴുത്ത് നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ വേറേ എന്തെങ്കിലും കാരണം കൊണ്ടും ബ്ലോഗിംഗ് നിര്‍ത്തും.

മീറ്റുകളില്‍ വന്ന ഓഫുകള്‍, ഉണ്ടാപ്രിയുടെ ദോശപോസ്റ്റില്‍ വന്ന ഓഫുകള്‍ മുതലായവ പിന്‍‌മൊഴി ആക്സിലറേറ്റ് ചെയ്തു എന്നത് നേര്. അപ്പോഴും ഓര്‍ക്കേണ്ടത് പിന്‍‌മൊഴി സബ്‌സ്ക്രൈബ് ചെയ്ത എഴുന്നൂറോളം പേര്‍ ഒരുമിച്ചില്ല അതൊക്കെ ചെയ്തത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഉണ്ടാപ്രിയുടെ കണക്കുപ്രകാരം ആ പോസ്റ്റില്‍ പത്തോ ഇരുപതോ പേരാണ് ഓഫുകള്‍ പ്രധാനമായും അടിച്ചത്. ഈ പത്തോ ഇരുപതോ പേര്‍ക്ക് പിന്‍‌മൊഴിയില്ലെങ്കിലും ഇനിയും ഏതെങ്കിലും പോസ്റ്റില്‍ ഇതൊക്കെ ചെയ്യാവുന്നതേ ഉള്ളൂ-ആ പോസ്റ്റുകാരന്‍ സമ്മതിക്കുകയാണെങ്കില്‍. അല്ലെങ്കില്‍ പിന്നെ പിന്‍‌മൊഴിയെന്ന സംഗതിയേ ഉണ്ടാവാന്‍ പാടില്ലായിരുന്നു.

അവിടെയും പിന്‍‌മൊഴിയില്‍ ഇല്ലെങ്കിലും ഇതൊക്കെ ചെയ്യാനാവുമെന്ന് ഉമേഷ്‌ജിയുടെ പിന്‍‌മൊഴിയിലേക്കയക്കാത്ത പോസ്റ്റില്‍ നാനൂറോളം കമന്റുകള്‍ ഇട്ട് നമ്മള്‍ തന്നെ തെളിയിച്ചു.

ഇപ്പോഴും എനിക്ക് പറയാനുള്ളത് പോസ്റ്റിട്ട ആളാണ് ആ പോസ്റ്റിന്റെ പ്രാധാന്യം തീരുമാനിക്കേണ്ടത്. ഗൌരവമുള്ള ഒരു പോസ്റ്റാണെന്ന് വായനക്കാര്‍ക്ക് തോന്നിയ ഒരു പോസ്റ്റിട്ടിട്ട് ഒരാള്‍ ഉഗാണ്ടയ്ക്ക് പോയി, ആ സമയത്ത് അവിടെ എല്ലാവരും കയറി ബഹളം വെച്ചാല്‍ അതിന് അയാള്‍ അത്രയുമേ ഗൌരവം കൊടുക്കുന്നുള്ളൂ എന്നേ കരുതാന്‍ പറ്റൂ. വായനക്കാരന്റെ സ്വാതന്ത്യം വായിക്കുക, കമന്റോപ്ഷനനുസരിച്ച് കമന്റുക എന്നത് മാത്രം. പോസ്റ്റിന്റെ ഗൌരവം പോസ്റ്റുകാരന്‍ തീരുമാനിക്കട്ടെ. എന്താണ് ഈ പോസ്റ്റില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഏതു തരം കമന്റുകളെ ഈ പോസ്റ്റില്‍ പാടുള്ളൂ എന്നും അയാള്‍ ആ പോസ്റ്റില്‍ എഴുതിയാല്‍ വാന്‍ഡലിസം ആഗ്രഹിക്കുന്നവര്‍ മാത്രമേ മിക്കവാറും അവിടെ പിന്നെ വന്ന് ഓഫുകള്‍ ഇടൂ.

പക്ഷേ ഒരു പോസ്റ്റില്‍ കമന്റിനു മറുകമന്റ് വരുന്നത് അതിനു മുന്‍പ് വന്ന കമന്റിനെയും കൂടി അനുസരിച്ചാണ്. അത് ബ്ലോഗില്‍ മാത്രമല്ല എല്ലായിടത്തും നടക്കുന്നതല്ലേ. അതിനാണല്ലോ ചര്‍ച്ചകള്‍ക്കും മറ്റും മോഡറേറ്റര്‍മാര്‍ ഉള്ളത്. ഇവിടെയും പോസ്റ്റിന്റെ പ്രാധാന്യമനുസരിച്ച് പോസ്റ്റിട്ട ആള്‍ക്ക് തോന്നുകയാണെങ്കില്‍ കമന്റ് മോഡറേഷന്‍ ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമല്ലോ. ഇവിടെയും പിന്‍‌മൊഴി ഒരു കാരണമാവണമെന്നില്ല. പെരിങ്ങോടര്‍‍ പറഞ്ഞതുപോലെ ഒരു പ്രതിലോമകാരി വിചാരിച്ചാല്‍ പിന്മൊഴിയുണ്ടെങ്കിലും ഇല്ലെങ്കിലും ഇതെല്ലാം ഇനിയും നടക്കും. അതുകൊണ്ട് അതും പിന്‍‌മൊഴിയുടെ കുഴപ്പമാണെന്ന് വിചാരിക്കുന്നതില്‍ കാര്യമുണ്ടോ?

പിന്‍‌മൊഴിയുടെ ഇഫക്ട് അതിലുള്ള എഴുന്നൂറോളം ആള്‍ക്കാരാണ്. എഴുന്നൂറ് ആള്‍ക്കാരുണ്ടെങ്കില്‍ അഞ്ഞൂറ് തരക്കാരായിരിക്കും. പക്ഷേ മലയാളം ബ്ലോഗിന്റെ ഫിസിക്കല്‍ വളര്‍ച്ച എന്ന് പറഞ്ഞാല്‍ ഈ എഴുന്നൂറ് ഏഴായിരവും എഴുപതിനായിരവുമൊക്കെ ആകുന്നതല്ലേ? പിന്‍‌മൊഴിപോലത്തെ പരിപാടികള്‍ നിര്‍ത്തിയാല്‍ ഒരു പോസ്റ്റില്‍ പിന്മൊഴി വഴി വരുന്നവരെക്കാള്‍ കുറവായിരിക്കും ചിലപ്പോള്‍ ആള്‍ക്കാര്‍ വരുന്നത്. അതായത് നമ്പര്‍ കുറവായിരിക്കും. നമ്പര്‍ കുറവായിരുന്നപ്പോള്‍ പിന്‍‌മൊഴിയിലും ഇതയും പ്രശ്‌നമില്ലായിരുന്നല്ലോ. ക്വാളിറ്റി ഒരു ആപേക്ഷിക പദമായതുകാരണം ക്വാണ്ടിറ്റി കുറഞ്ഞാലും ക്വാളിറ്റിയുണ്ടായാല്‍ മതി എന്ന് പറയുന്നതില്‍ ബ്ലോഗിന്റെ കാര്യത്തില്‍ കാര്യമില്ലല്ലോ. ഇവിടെ ക്വാണ്ടിറ്റി കൂട്ടിക്കൂട്ടി അതില്‍ നിന്നും ഉണ്ടാകാവുന്ന, എണ്ണം കൂടുമ്പോള്‍ സ്വാഭാവികമായും കൂടാവുന്ന, ക്വാളിറ്റിയെ ആശ്രയിക്കുകയല്ലേ നിവൃത്തിയുള്ളൂ?

പിന്‍‌മൊഴി മലയാളം ബ്ലോഗിന്റെ വളര്‍ച്ച മുരടിപ്പിക്കും എന്ന് പറയുന്നത് ഇപ്പോഴും എനിക്ക് പൂര്‍ണ്ണമായും മനസ്സിലായിട്ടില്ല. ഏത് ബ്ലോഗും വളരുന്നത് അതിലിടുന്ന പോസ്റ്റുകളില്‍ കൂടിയാണല്ലോ. അങ്ങിനെ പോസ്റ്റിടാനുള്ള പ്ലാറ്റ് ഫോം ഇപ്പോള്‍ തന്നെ വരമൊഴിയായും മൊഴിയായും മറ്റുമുണ്ട്. ഇനി വേണ്ടത് കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ ബ്ലോഗിംഗിലേക്ക് വരുക എന്നതാണ്. അവര്‍ ബ്ലോഗ് തുടങ്ങിയാല്‍ അതറിയാനുള്ള മാര്‍ഗ്ഗവും അഗ്രിഗേറ്ററുകളും ദിനപത്രം പോലുള്ള പരിപാടികളുമായി ഉണ്ട്. ഇനി കാക്കത്തൊള്ളായിരം ആള്‍ക്കാര്‍ ബ്ലോഗണം. അതില്‍നിന്നും വായനക്കാരന്റെ അഭിരുചിക്കനുസരിച്ച് നല്ലതും ചീത്തയും തിരഞ്ഞെടുക്കണം.

പിന്‍‌മൊഴി ഇല്ലെങ്കിലും മലയാളം ബ്ലോഗിന് ഒന്നും സംഭവിക്കുകയില്ല എന്നതിനെക്കാള്‍ പിന്‍‌മൊഴി ഉണ്ടെങ്കിലും ഇല്ലെങ്കിലും മലയാളം ബ്ലോഗിന് ഒന്നും സംഭവിക്കുകയില്ല എന്നതായിരിക്കും ഒന്നുകൂടി നല്ല സ്ലോഗന്‍ എന്ന് തോന്നുന്നു. ആ ഒരു നിലയിലേക്കാണ് മലയാളം ബ്ലോഗ് വരേണ്ടതെന്നാണ് എന്റെ അഭിപ്രായം. ആത്യന്തികമായി മറ്റെല്ലാ ബ്ലോഗുകളും പോലെ മലയാളം ബ്ലോഗിനും വേണ്ടത് പൂര്‍ണ്ണ സ്വാതന്ത്യവും സ്വയം പര്യാപ്തതയുമാണ്. ഒരു പോസ്റ്റുണ്ട് എന്നറിഞ്ഞാല്‍ ആരുടെയും ഒരു സഹായവും കൂടാതെ വായനക്കാര്‍ വന്ന് വായിക്കുന്ന അവസ്ഥ. അവിടെ ഏത് തരം വായനക്കാര്‍ വേണം, ഏത് തരം കമന്റുകള്‍ വേണം എന്നെല്ലാം തീരുമാനിക്കുന്നത് ആ പോസ്റ്റിട്ട ആള്‍ മാത്രമായിരിക്കണം. എല്ലാ തരം ആള്‍ക്കാരും എന്ത് രീതിയിലും അവിടെ വരട്ടെ. അയാള്‍ തീരുമാനിക്കണം ആരെ തള്ളണം, ആരെ കൊള്ളണം, എല്ലാവരും വേണോ, കുറച്ചുപേര്‍ മതിയോ എന്നൊക്കെ. അങ്ങിനെ പയ്യെപ്പയ്യെ അയാള്‍ക്ക് അയാളുടേതായ ഒരു കൂട്ടം വായനക്കാരെ കിട്ടും. അങ്ങിനെയുള്ള ഒരു വളര്‍ച്ചയെയാണ് ഞാന്‍ സ്വാഭാവിക വളര്‍ച്ച എന്നുദ്ദേശിച്ചത്.

എന്തായാലും റിയല്‍ വേള്‍ഡില്‍ സംഭവിക്കുന്നത് പിന്‍‌മൊഴി ഇല്ലെങ്കില്‍ മറുമൊഴി ഉണ്ടാവും എന്നതാണ്. ചില ആശയങ്ങളൊക്കെ ഭസ്‌മാസുരന് വരം കൊടുത്തതുപോലെയാണെന്ന് തോന്നുന്നു :)
------------------------------------------------------------
(ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. പിന്‍‌മൊഴി വേണോ വേണ്ടയോ എന്നതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. മലയാളം ബ്ലോഗിന്റെ (ഐ റിപ്പീറ്റ്, ബ്ലോഗിന്റെ-അതിന് ലോകമെമ്പാടും ഇപ്പോള്‍ കൊടുത്തിട്ടുള്ള അര്‍ത്ഥത്തില്‍) വളര്‍ച്ചയ്ക്ക് പിന്‍‌മൊഴി ഉണ്ടോ ഇല്ലയോ എന്നത് എന്തിന് പ്രശ്‌നമാക്കണം എന്നതാണ്. ഇത് മൊത്തം വായിച്ചിട്ട് ആ ആശയം മാത്രം ആര്‍ക്കും കിട്ടിയിട്ടില്ലെങ്കില്‍ അതിനുത്തരവാദി ഞാനല്ല പരുന്തല്ല തിരകളല്ല, ചെമ്മാനം വാഴണ തുറയരന്‍).
-----------------------------------------------------------

ഇത് മൊത്തം വായിച്ചോ?... ശരിക്കും?... സമ്മതിച്ചു തന്നിരിക്കുന്നു...

(ഇതിന് കമന്റോപ്ഷന്‍ വെക്കണോ വേണ്ടയോ എന്ന് മൊത്തത്തില്‍ കണ്‍ഫ്യൂഷന്‍. താത്വികമായി കമന്റോപ്ഷന്‍ എടുത്ത് കളയാന്‍ ഫിലോമിന ചേച്ചി സമ്മതിച്ചിട്ടും സോഫി ചേച്ചി ഒരു കാരണവശാലും സമ്മതിക്കാത്തതുകാരണം കമന്റോപ്ഷന്‍ എടുത്ത് കളയുന്നില്ല. ഇതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഈ കാര്യങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്ന വേറേ എവിടെയെങ്കിലും പോയി പറഞ്ഞാലോ ഒന്നും പറയാതിരുന്നാലോ എനിക്ക് പെരുത്ത് സന്തോഷം. പക്ഷേ ബ്ലോഗിന്റെ സ്വാതന്ത്യത്തില്‍ പെട്ടതാണ് കമന്റെന്നുമുള്ളതുകൊണ്ട് എല്ലാം വായിക്കുന്നവരുടെ സ്വാതന്ത്യം. ഈശ്വരാ, ഈ കാര്യത്തെപ്പറ്റി ഇതെത്രാ‍മത്തെ പോസ്റ്റാണെന്ന് ഓര്‍ക്കുന്നവരേ മാപ്പ്, മാപ്പ്, മാപ്പ്).

Labels: , , , ,

Link

Monday, June 04, 2007

ഇഞ്ചിയുടെ പോസ്റ്റിലിട്ടത്

ഇഞ്ചിയുടെ പിറന്നാള്‍ സമ്മാനം എന്ന പോസ്റ്റിലിട്ടത്.

കാലം മാറുന്നു-നമ്മളും മാറണം. പണ്ട് നമ്മളനുഭവിച്ച പല സ്വാതന്ത്ര്യങ്ങളും നമ്മുടെ അടുത്ത തലമുറയ്ക്ക് കിട്ടില്ല. നമുക്കു കിട്ടാത്ത പലതും അവര്‍ക്ക് കിട്ടുകയും ചെയ്യും-ചിലത് നല്ലത്, ചിലത് ചീത്ത, ചിലത് നമ്മള്‍ എന്നും ഓര്‍ക്കുന്നത്, ചിലത് എത്ര ആഗ്രഹിച്ചാലും മറക്കാന്‍ പറ്റാത്തത്.

ഒരു ബാലന്‍സ്‌ഡ് സമീപനം വേണമെന്നു തോന്നുന്നു. സ്വഭാവശുദ്ധിയുള്ള അമ്മാവന്മാരേയും നീചന്മാരായ അമ്മാവന്മാരേയും ഒരേ രീതിയില്‍ കാണാന്‍ നമുക്ക് കുട്ടികളെ പഠിപ്പിക്കാന്‍ പറ്റില്ല. എന്തിനേയും ഏതിനേയും സംശയത്തോടെ നോക്കാനും അവരോട് പറയാന്‍ പറ്റില്ല. അതേ സമയം അവരുടെ പൂര്‍ണ്ണ സുരക്ഷിതത്വം നമ്മള്‍ ഉറപ്പാക്കുകയും വേണം. വേണ്ട ഒരു കാര്യം കുട്ടികള്‍ക്ക് മാതാപിതാക്കന്മാരോട് എന്തും തുറന്നു പറയാനുള്ള ഒരു സാഹചര്യവും അന്തരീക്ഷവും വീട്ടില്‍ ഉണ്ടാക്കുക എന്നുള്ളതാണ്. എന്തുണ്ടെങ്കിലും അച്ഛനോടും അമ്മയോടും ഒരു മടിയും കൂടാതെ പറയാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അതിനവരെ പരിശീലിപ്പിക്കണം. അങ്ങിനെയെങ്കില്‍ വേണ്ടാത്തതായ ഒരു നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അച്ഛനമ്മമാര്‍ക്ക് ഉടന്‍ അതിനെപ്പറ്റി വിവരം കിട്ടും. പിന്നെ അവര്‍ക്ക് വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കും. പക്ഷേ വേണ്ടതെന്ത്, വേണ്ടാത്തതെന്ത് എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കാനും സാധിക്കണം. തന്നോട് ചെയ്തത് സ്വാഭാവികമായ ഒരു കാര്യമല്ല എന്ന് കുട്ടികള്‍ക്ക് മനസ്സിലായാലേ അവര്‍ക്ക് അക്കാര്യം അച്ഛനോടും അമ്മയോടും പറയാന്‍ പറ്റൂ.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന സമീപനം ചെറുപ്പം മുതല്‍ക്കേ വീട്ടിലുണ്ടാവണം. അന്നന്നു നടന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് അന്നു വൈകുന്നേരം തന്നെ പറയാനും അത് കേള്‍ക്കാനുള്ള ക്ഷമ അച്ഛനമ്മമാര്‍ക്കുണ്ടാകാനും സാധിക്കണം. പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കാര്യങ്ങള്‍ പലതും നമ്മള്‍ അറിയുന്നില്ല എന്നുള്ളതും നമ്മുടെ അജ്ഞത ആള്‍ക്കാര്‍ മുതലെടുക്കുന്നതുമാണ്. പിന്നെ സംയമനത്തോടെയുള്ള സമീപനവും അവശ്യം വേണ്ട ഒരു കാര്യമാണ്.

-------------------------------------------------------------

കുറ്റം ചെയ്‌താല്‍ അതിനു തക്ക ശിക്ഷ കിട്ടും എന്നുള്ള സ്ഥിതിവിശേഷം ഉണ്ടെങ്കില്‍ പല കുറ്റങ്ങളും ഉണ്ടാവില്ല. പക്ഷേ:

1. പലപ്പോഴും ചെയ്‌ത കുറ്റങ്ങള്‍ വെളിയില്‍ വരാറില്ല; കാരണങ്ങള്‍
1(a) ഒരു കുറ്റമാണ് തന്നില്‍ ചെയ്യപ്പെട്ടതെന്ന് കുട്ടികള്‍ക്ക് (പീഡനങ്ങളുടെ കാര്യത്തില്‍) ആ സമയം മനസ്സിലാകില്ല.

1(b). ഭീഷണി.

1(c). മാതാപിതാക്കന്മാര്‍ ഇക്കാര്യങ്ങള്‍ അറിയാന്‍ വൈകുന്നു (മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ)

2. കുട്ടികള്‍ മാതാപിതാക്കളോട് ഇക്കാര്യം സൂചിപ്പിച്ചാല്‍ തന്നെ മാതാപിതാക്കള്‍ ചിലപ്പോള്‍ വേണ്ട നടപടികള്‍ എടുക്കില്ല. കാരണം:

2(a). അവര്‍ക്ക് വിചാരിക്കാവുന്നതിനും (beyond their wildest imagination) അപ്പുറമാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍.

2(b).അവരുടെ കാലത്തൊന്നും കേട്ടുകേള്‍‌വി പോലുമില്ലാതിരുന്ന ഒരു കാര്യം.

2(c).അവര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആള്‍ക്കാരുടെ മേലുള്ള കുറ്റാരോപണം.

2(d).എന്താണ് ചെയ്യേണ്ടതെന്നുള്ള തീരുമാനം എടുക്കാനുള്ള കഴിവില്ലായ്‌മ.

2(e).കുടുംബ‌ബന്ധങ്ങള്‍ നിലനിര്‍‌ത്തേണ്ടതിന്റെ ആവശ്യകത.

വിദേശ രാജ്യങ്ങളിലെ രീതിയും സം‌സ്കാരവും കുടുംബ‌ബന്ധവുമല്ല, നമ്മുടെ രാജ്യത്ത്. പക്ഷേ അതേ കുറ്റകൃത്യങ്ങള്‍ തന്നെ ഇവിടെയും ചെയ്യപ്പെടുന്നു. എങ്കിലും അതിനുള്ള പ്രതികരണം അവിടേയും ഇവിടേയും വ്യത്യാസം. അവിടുത്തേപ്പോലെ തന്നെ ഇവിടേയും ചെയ്യാം. പക്ഷേ അങ്ങിനെ വന്നാല്‍ അവസാനം അച്ഛന്‍ കുട്ടിയെ ഒന്നു തല്ലിയാല്‍ അതുപോലും വേറേ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതിവിശേഷം വരെ ഇവിടെ വരാം. നേരത്തെ പറഞ്ഞതുപോലെ ഒരു ബാലന്‍‌സ്‌ഡ് സമീപനമാണ് വേണ്ടതെന്നു തോന്നുന്നു.

ഇപ്പോഴത്തെ മാതാപിതാക്കന്മാര്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ തലമുറയിലെ ആള്‍ക്കാരേക്കാളൊക്കെ വളരെയധികം ബോധവാന്മാരാണ്. അതുകൊണ്ട് ഇങ്ങിനത്തെ അവസരങ്ങളില്‍ അവരുടെ സമീപനം പണ്ടത്തെ പല ആള്‍ക്കാരുടേതു പോലാകാനുള്ള സാധ്യത കുറവാണ്. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇപ്പോഴത്തെ ഈ തലമുറയാണ് ഭാവിയിലെ അമ്മാവന്മാരും മറ്റുമാകാന്‍ പോകുന്നത് എന്നുള്ളതാണ്. അവരെ എങ്ങിനെ അങ്ങിനെയല്ലാത്തവരാക്കാം?

1. അവരോടുള്ള തുറന്ന സമീപനം. നേരത്തേ പറഞ്ഞതുപോലെ കുട്ടികളിലുള്ള ചെറിയ ഭാവമാറ്റം പോലും പിടിച്ചെടുക്കാന്‍ മാത്രം അടുപ്പം മാതാപിതാക്കന്മാര്‍ക്ക് കുട്ടികളോടുണ്ടാവണം. കുട്ടികള്‍ക്ക് എന്തു കാര്യവും അവരോട് തുറന്നു പറയാന്‍ സാധിക്കണം. ദിവസവും കുറെ മണിക്കൂറുകള്‍ അവര്‍ക്കുവേണ്ടി മാത്രം ചിലവാക്കാന്‍ സാധിക്കണം. അങ്ങിനെ അച്ഛനോടും അമ്മയോടും സ്നേഹവും ബഹുമാനവും ഇഷ്ടവും എല്ലാം എല്ലാ രീതിയിലും അവര്‍ക്ക് തോന്നണം. അച്ഛനമ്മമാരായിരിക്കണം അവരുടെ റോള്‍ മോഡലുകള്‍(അതിനനുസരിച്ചുള്ള സ്വഭാവവും പെരുമാറ്റവുമായിരിക്കണം അച്ഛനമ്മമാരുടേതും--എളുപ്പമല്ല, പക്ഷേ അസാധ്യവുമല്ല).

2. ഈശ്വരവിശ്വാസം. പല കുറ്റങ്ങളും ചെയ്യാതിരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത് അച്ഛനോടും അമ്മയോടുമുള്ള ഇഷ്ടത്തോടൊപ്പം ഈശ്വരനിലുള്ള വിശ്വാസവും ഈശ്വരഭയവുമാണ്. നമ്മുടെ പുരാണങ്ങളും കഥകളുമൊക്കെ അവര്‍ക്ക് പറഞ്ഞുകൊടുക്കുക. മോറല്‍ ലസ്സണ്‍‌സ് നല്ലവണം അവരെ പഠിപ്പിക്കുക.

3. നല്ല അദ്ധ്യാപകര്‍. പ്രസിഡന്റ് കലാം പറഞ്ഞത് ഒരു വ്യക്തിയെ ഏറ്റവും അധികം സ്വാധീനിക്കുന്ന മൂന്നാള്‍ക്കാര്‍ അച്ഛന്‍, അമ്മ, പ്രൈമറി സ്കൂള്‍ ടീച്ചര്‍ എന്നിവരാണ് എന്നാണ്. നല്ല അദ്ധ്യാപകര്‍ വഴി നല്ല കാര്യങ്ങള്‍ കുട്ടികള്‍ പഠിക്കണം. പക്ഷേ ഇത് ഒരു പരിധി വരെ നമ്മളില്‍ മാത്രം ഒതുങ്ങി നി‌ല്‍ക്കുന്നതല്ല.

എനിക്കിപ്പോഴും തോന്നുന്നത് അച്ഛനും അമ്മയും നല്ലവണ്ണം ശ്രദ്ധിച്ചാല്‍, ശ്രമിച്ചാല്‍ അടുത്ത തലമുറയിലെങ്കിലും ഇത്തരക്കാരുടെ എണ്ണം കുറയ്ക്കാമെന്നുള്ളതാണ്. ഇപ്പോഴാണെങ്കിലും ലോകത്തില്‍ നല്ല ആള്‍ക്കാര്‍ തന്നെയാണ് കൂടുതല്‍. നമ്മള്‍ വളരെയധികം പെസ്സിമിസ്റ്റിക് ആവേണ്ട ആവശ്യമില്ല. പക്ഷേ നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ ഉത്തരവാദിത്തങ്ങള്‍ വളരെ വലുതാണ്. ഒരു തലമുറയെയാണ് നമുക്ക് വാര്‍ത്തെടുക്കേണ്ടത്. നമ്മുടെ ജീവിതം ആസ്വദിച്ചുതന്നെ നമുക്ക് ഇതൊക്കെ ചെയ്യാന്‍ സാധിക്കുമെന്നുതന്നെയാണ് എനിക്കു തോന്നുന്നത്.

പക്ഷേ എന്തൊക്കെ ചെയ്താലും സമൂഹത്തില്‍ പല നിലകളിലുള്ള കുറ്റവാളികള്‍ ഉണ്ടാകും. എല്ലാം നമ്മുടെ മാത്രം നിയന്ത്രണത്തിലല്ല. പക്ഷേ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട രീതിയില്‍ ചെയ്താല്‍ ഒരളവുവരെ നമുക്ക് അടുത്ത തലമുറയെ നല്ലവരാക്കാം.

Labels: , ,

Link