Saturday, March 17, 2007

ഇത് സിബുവിന്റെ ബ്ലോഗിലിട്ടതാ...

സിബുവിന്റെ ഏഷ്യാനെറ്റ് ഇന്റര്‍വ്യൂ പോസ്റ്റില്‍ സിബുവിന്റെ തൃശ്ശിവപേരൂര്‍ ആക്സന്റിനെപ്പറ്റി ഞാനടക്കം ചിലരൊക്കെ പരാമര്‍ശിച്ചപ്പോള്‍ ദേവേട്ടന്‍ ഇങ്ങിനെ പറഞ്ഞു:

ഈ ആക്സന്റ്‌ ആക്സന്റ്‌ എന്നും പറഞ്ഞ്‌ എല്ലാരും ബഹളം വയ്ക്കുന്നതെന്തിനാവോ? ന്യൂസ്‌ വായിച്ചതല്ലല്ലോ ഇന്റര്‍വീല്‍ അല്ലേ. സിബു ത്രിശ്ശൂരു ഭാഷയല്ലാതെ പിന്നെ തിരുവനന്തപുരം ഭാഷ പറയണമായിരുന്നോ? അതോ ഒരു ഇമോഷനും ഇല്ലാത്ത അച്ചടി ഭാഷയോ?

മോശമെന്ന് കരുതി സ്കൂളില്‍ ഉപേക്ഷിച്ച കൊല്ലം ആക്സന്റ്‌ (അതേ ജയനും ബാലചന്ദ്രമേനോനും സുരേഷ്‌ ഗോപിയും ഒക്കെ കഷ്ടപ്പെട്ട്‌ ഇല്ലാതാക്കിയതും മുകേഷ്‌ അഭിമാനത്തോടെ കൊണ്ടുനടക്കുന്നതും ആയ കൊല്ലം ആക്സന്റ്‌) കഷ്ടപ്പെട്ട്‌ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു ഞാന്‍
.”

വല്ല്യമ്മായി ഇങ്ങിനെ പറഞ്ഞു:

ഈ ആക്സന്റിന്റെ പേരും പറഞ്ഞ് പലരും എന്നേയും കളിയാക്കിയിട്ടുണ്ട്,എനിക്കൊരിക്കലും വിഷമം തോന്നിയിട്ടില്ല,മറിച്ച് അതിലൂടെ എന്റെയൊരു ഐഡെന്റിറ്റി എവിടെയും ഉയര്‍ത്തി കാട്ടാനാകുന്നു..”

ഈ കമന്റുകള്‍ വായിച്ച് കഴിഞ്ഞിട്ട് കഞ്ഞി കുടിക്കാന്‍ വേണ്ടി, കടയില്‍ പോയി ചപ്പാത്തി വാങ്ങിക്കാന്‍ ചെരിപ്പിടാന്‍ റൂമില്‍ പോയ സമയത്ത് പെട്ടെന്ന് കത്തി, ആക്സന്റൈഡിയ. ചെരുപ്പു പോലുമിടാതെ വന്ന് അത് തലയില്‍ നിന്നങ്ങ് ഒഴിവാക്കി കമര്‍പ്പണ ബോധം പ്രകടിപ്പിച്ചു. അതിങ്ങിനെ:

---------------------------------------------------

ദേവേട്ടാ,ആ‍ക്സന്റിനെ കുറ്റം പറഞ്ഞതല്ല. ആക്സന്റ് നല്ലതു തന്നെ. എല്ലാവര്‍ക്കും അത് വേണമെന്നുമുണ്ട്. പക്ഷേ അതിന്റെ ഒടുക്കത്തെ വിലയാണ് പ്രശ്നം. അതുകൊണ്ടാണ് ആക്സന്റിനെക്കാള്‍ നല്ലത് സാന്‍‌ട്രോയാണെന്ന് ചിലരൊക്കെ പറയുന്നത്. ചെറുതാണ്, ഓടിക്കാനും ഓടിക്കാതിരിക്കാനും (പാര്‍ക്ക് ചെയ്യാന്‍) വളരെ സൌകര്യം. അതുകൊണ്ടല്ലേ. അല്ലാതെ ആക്സന്റ് ഒരിക്കലും മോശമാണെന്ന് ഞാന്‍ പറയൂല്ല.

പിന്നെ ദേവേട്ടന്‍ പറഞ്ഞതില്‍ ചില ഫാക്ച്വല്‍ മിസ്റ്റേക്ക്സ് ഉണ്ട്. ജയന്‍ ആക്സന്റ് മാറ്റി എന്ന് പറഞ്ഞത് തെറ്റാണ്. ജയന്റെ സമയത്ത് ആക്സന്റ് പോയിട്ട് സാന്‍‌ട്രോ പോലുമില്ലായിരുന്നു. പിന്നെ സുരേഷ് ഗോപി ആക്സന്റ് മാറ്റി എന്നത് ശരിയായിരിക്കാം. നാല് പടം ഹിറ്റായപ്പോള്‍ പുള്ളി വല്ല സ്കോടയോ ഒക്ടോപ്പസോ ഒക്കെ വാങ്ങിച്ചിരിക്കാം. ബെന്യാമിന്‍ പറഞ്ഞത് പ്രകാരമാണെങ്കില്‍ പുള്ളി ഒരു പന്ത്രണ്ട് പത്തെസ്സീ വാങ്ങിച്ചിരിക്കാനാണ് കൂടുതല്‍ സാധ്യത.

മുകേഷിന്റെ കാര്യം ഓക്കെ. പുള്ളിയുടെ ഇപ്പോഴത്തെ പോക്കൊക്കെ കണ്ടിട്ട് ആക്സന്റ് കൊല്ലത്ത് തന്നെ കീപ്പ് ചെയ്യാനാണ് സാധ്യത.

ആക്സന്റുള്ളവരൊക്കെ അവരുടെ ആക്സന്റില്‍ അഭിമാനിക്കുന്നവരായിരിക്കും. അവരൊക്കെ വല്ല്യ കാശുകാരല്ലേ. അവര്‍ക്ക് വാങ്ങിച്ചിട്ട് അഭിമാനിക്കാമല്ലോ. പാവം ആക്സന്റില്ലാത്തവരുടെ കാര്യം അവര്‍ക്കൊന്നും അറിയേണ്ടല്ലോ. വല്ല്യമ്മായീ, ആക്സിന്റെനെ കളിയാക്കുന്നവര്‍ മിക്കവാറും വല്ല സ്കോഡായോ ഒക്ടോപ്പസ്സോ ഒക്കെ ഉള്ളവരായിരിക്കും. സാന്‍‌ട്രോ ഉള്ളവര്‍ ഒരിക്കലും ആക്സന്റിനെ കളിയാക്കുമെന്ന് തോന്നുന്നില്ല. തൃശ്ശൂര് പോപ്പുലറില്‍ തന്നെ ആക്സന്റ് കിട്ടുന്ന സ്ഥിതിക്ക് കൊല്ലം കാരുടെ ആക്സന്റ് തൃശ്ശൂരുകാര് ഉപയോഗിക്കുന്നതിനോടും താത്വികമായി എനിക്ക് വിയോജിപ്പുണ്ട്.

പിന്നെ ദേവേട്ടാ, നമുക്ക് ഈ തരുണീമണിത്തരുണത്തില്‍ വേണ്ടത് സംയമനമാണ്. എന്ത് പ്രകോപനമുണ്ടായാലും ആത്മാവില്‍ കുറച്ച് ആത്മസംയമനം പാലിക്കുക. തല്ലാനും ഇടിച്ച് ഇഞ്ചിച്ചമ്മന്തിയാക്കാനുമൊക്കെയുള്ള പ്രലോഭനങ്ങള്‍ കാണും. പക്ഷേ ഇഞ്ചി പറഞ്ഞതുപോലെ (രേഷ്മ പറഞ്ഞതുപോലെയല്ല) ഇത് ക്രിസ്തുമസ്സാണ്. സഹനത്തിന്റെയും സാഹോദര്യത്തിന്റെയും ക്ഷമയുടെയും സര്‍വ്വോപരി സംയമനത്തിന്റെയും ദിനം.

അതുകൊണ്ട്
........
........
തല്ലരുത്. ഒന്ന് വിരട്ടി വിട്ടാല്‍ മതി :)

(തല്ലരുത്, ഒന്ന് വിരട്ടി വിട്ടാല്‍ മതി- കടപ്പാട് പൂര്‍ണ്ണമായും പതാലിയോട്. രണ്ടായിരത്തിയാറിലും രണ്ടായിരത്തിയേഴ് ഇതുവരെയും എന്നെ ഏറ്റവും അധികം സ്വാധീനിച്ച വാചകം, അദ്ദേഹത്തിന്റെ ഈ ക്ലാസ്സിക് പോസ്റ്റില്‍ നിന്നും അടിച്ച് മാറ്റിയത്).

ഇത് ദേവേട്ടന്‍ ആക്സന്റ് വാക്കുപയോഗിച്ചതിനെ ആക്കിയതല്ലേയല്ലേയല്ലേയല്ലേയല്ല. അന്നേരം ചുമ്മാ അങ്ങ്...

Labels:

Link